മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. 2013ല്‍ തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സഹ സംവിധായകനായിട്ടാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ മൂന്ന് സിനിമകളിലൂടെ തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറാന്‍ അദ്ദേഹത്തിന് എളുപ്പം സാധിച്ചിരുന്നു. 2021ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളിക്ക് കിട്ടിയ പാന്‍ ഇന്ത്യന്‍ റീച്ച് മറ്റ് ഭാഷകളിലും ബേസിലിന് ശ്രദ്ധ നേടികൊടുത്തിരുന്നു.
ഈയിടെ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറെ പ്രശംസ ലഭിച്ച ബേസിലിന്റെ ഒരു കഥാപാത്രമായിരുന്നു അജേഷ്. പൊന്‍മാന്‍ എന്ന സിനിമയിലെ കഥാപാത്രമായിരുന്നു അത്. ഇപ്പോള്‍ പൊന്‍മാന്‍ സിനിമക്ക് ഒ.ടി.ടി റിലീസിന് ശേഷം ലഭിച്ച സ്വീകാര്യതയെ കുറിച്ച് പറയുകയാണ് ബേസില്‍ ജോസഫ്.
‘നമ്മള്‍ പൊന്‍മാന്‍ സിനിമക്ക് വേണ്ടി എല്ലാ തരത്തിലുമുള്ള പ്രൊമോഷനുകളും നടത്തിയിരുന്നു. തിയേറ്ററില്‍ വന്നപ്പോള്‍ ഹിറ്റ് എന്ന് പറയുന്ന സ്‌പേസിലേക്ക് ആ സിനിമ മാറുകയും പ്രൊഡ്യൂസറിന് ലാഭകരമായ രീതിയിലേക്ക് മാറുകയും ചെയ്തു.
എന്നാല്‍ ശരിക്കും ആളുകള്‍ ഇതിനെ സ്വീകരിക്കുന്നത്, അല്ലെങ്കില്‍ ഈ സിനിമ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നത് ഒ.ടി.ടിയില്‍ വരുമ്പോഴാണ്. തിയേറ്ററില്‍ വന്നതിന് ശേഷം ഇനിയും ആളുകള്‍ ഈ സിനിമ കാണാനുണ്ടല്ലോ എന്ന തോന്നലായിരുന്നു.
അങ്ങനെ കാണാതെ പോകേണ്ട ഒരു സിനിമ ആയിരുന്നില്ല പൊന്‍മാന്‍. കാരണം അത്രയും ആത്മാര്‍ത്ഥമായി ചെയ്ത സിനിമയാണ് അത്. ആരും ഈ സിനിമ കാണാതെ പോകരുതെന്ന് അത്രയേറെ ആഗ്രഹിച്ചിരുന്നു.
നല്ല സിനിമയും സത്യസന്ധമായ പരിശ്രമങ്ങളും ഒരിക്കലും ആരും ശ്രദ്ധിക്കാതെ പോകില്ല എന്നുള്ളതിന്റെ ഉദാഹരണം പൊന്‍മാന്‍ ആയിരുന്നു. കാരണം ഒ.ടി.ടിയില്‍ വന്നപ്പോള്‍ അത്ര നല്ല സ്വീകരണമാണ് ഈ സിനിമക്ക് ലഭിച്ചത്.
എല്ലാ ഭാഗത്ത് നിന്നും മികച്ച റിവ്യൂകള്‍ ഈ സിനിമക്കായി ലഭിച്ചു. അത് മലയാളത്തില്‍ നിന്ന് മാത്രമായിരുന്നില്ല. ഈ സിനിമയിലെ സീനുകളുടെ ചില റീലുകള്‍ പലരും ഷെയര്‍ ചെയ്യുന്നുണ്ടായിരുന്നു.
ആ ലോഡ്ജിലെ സീനുകള്‍ തമിഴിലും തെലുങ്കിലുമൊക്കെ ഡബ്ബ് ചെയ്തിട്ട് റീല്‍ ആയിട്ട് വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടു. തമിഴ് – തെലുങ്ക് നടന്മാര്‍ എനിക്ക് അത് വാട്‌സ്ആപ്പില്‍ അയച്ചിട്ട് ‘ഇത് നിങ്ങള്‍ കണ്ടോ’യെന്ന് ചോദിച്ചിരുന്നു. അത്രയും റിലേറ്റബിളായ ഒരു കഥാപാത്രമായിരുന്നു അജേഷിന്റേത്,’ ബേസില്‍ ജോസഫ് പറയുന്നു.
Content Highlight: Basil Joseph Talks About Reception The Movie Ponman Received After Its OTT Release