നായകനായ സിനിമകളില്‍ എനിക്ക് ഏറ്റവും ഫീഡ്ബാക്ക് കിട്ടിയ ചിത്രം; കാരണക്കാരന്‍ ആ സംവിധായകന്‍: ബേസില്‍
Entertainment
നായകനായ സിനിമകളില്‍ എനിക്ക് ഏറ്റവും ഫീഡ്ബാക്ക് കിട്ടിയ ചിത്രം; കാരണക്കാരന്‍ ആ സംവിധായകന്‍: ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd January 2025, 10:24 am

ശ്രീരാജ് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് പ്രാവിന്‍കൂട് ഷാപ്പ്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിലൂടെ അന്‍വര്‍ റഷീദാണ് ഈ ചിത്രം നിര്‍മിച്ചത്. സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് ജോസ്, ചാന്ദിനി ശ്രീധരന്‍, ശിവജിത്ത്, ശബരീഷ് വര്‍മ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

സംവിധായകന്‍ ശ്രീരാജ് ശ്രീനിവാസനെ കുറിച്ചും പ്രാവിന്‍കൂട് ഷാപ്പ് സിനിമയെ കുറിച്ചും പറയുകയാണ് ബേസില്‍ ജോസഫ്. ശ്രീരാജിന് അഭിനേതാക്കളെ നന്നായി ഉപയോഗിക്കാന്‍ അറിയാവുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് നടന്‍ പറയുന്നത്.

ഇതുവരെ താന്‍ ലീഡ് റോളില്‍ അഭിനയിച്ച സിനിമകളില്‍ ഏറ്റവും കൂടുതല്‍ ഫീഡ്ബാക്ക് കിട്ടിയിട്ടുള്ള സിനിമ പ്രാവിന്‍കൂട് ഷാപ്പ് ആണെന്നും ബേസില്‍ പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു നടന്‍.

‘ശ്രീരാജിന് ആക്ടേഴ്‌സിനെ നന്നായി ഉപയോഗിക്കാന്‍ അറിയാവുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. പുതിയ ആക്ടേഴ്‌സിനെ ആണെങ്കിലും നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ടേഴ്‌സിനെ ആണെങ്കിലും അവന്‍ അവരെ നന്നായി ഉപയോഗിച്ചിട്ടുണ്ട്.

ഞാനും സൗബിക്കയും ചാന്ദിനിയുമൊക്കെ സിനിമയില്‍ അഭിനയിക്കുന്ന ആളുകളാണ്. ഞങ്ങളില്‍ നിന്ന് പുതുതായി എന്താണ് കൊണ്ടുവരാന്‍ പറ്റുക എന്നാണ് ശ്രീരാജ് നോക്കുക. അത് അവന്റെ ഏറ്റവും നല്ല ക്വാളിറ്റിയായിട്ടാണ് ഞാന്‍ കരുതുന്നത്.

ഒരു നടന്‍ എന്ന നിലയില്‍ അവന്‍ എന്നെ വളരെ അധികം ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. ഒരു സംവിധായകന്‍ ഫീഡ്ബാക്ക് തരുന്നതിന് അനുസരിച്ചാണ് ആക്ടറിന് ഇംപ്രവൈസ് ചെയ്യാനാകുക, അല്ലെങ്കില്‍ ബെറ്റര്‍ ആക്കാനാകുകയെന്ന് എനിക്ക് മനസിലായി.

ഇതിന് മുമ്പ് ഞാന്‍ ലീഡ് റോളില്‍ അഭിനയിച്ച സിനിമകള്‍ നോക്കുകയാണെങ്കില്‍, എനിക്ക് ഏറ്റവും കൂടുതല്‍ ഫീഡ്ബാക്ക് കിട്ടിയിട്ടുള്ള സിനിമ പ്രാവിന്‍കൂട് ഷാപ്പ് ആണ്. അത് ശ്രീരാജിന്റെ ക്വാളിറ്റിയാണ്. അവന്‍ അത്രയേറെ ഫീഡ്ബാക്ക് തന്നിരുന്നു,’ ബേസില്‍ ജോസഫ് പറഞ്ഞു.

Content Highlight: Basil Joseph Talks About Pravinkoodu Shappu Movie