നവാഗതനായ ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് പൊന്മാന്‍. ബേസില്‍ ജോസഫ്, സജിന്‍ ഗോപു, ലിജോമോള്‍ ജോസ്, ആനന്ദ് മന്മഥന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജി. ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ഒ.ടി.ടി റിലീസിന് പിന്നാലെ കേരളത്തിന് പുറത്തും പൊന്മാന്‍ ചര്‍ച്ചാവിഷയമായി.
പൊന്‍മാനിലെ ബേസില്‍ ചെയ്ത പി.പി അജേഷ് എന്ന കഥാപാത്രം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ആ കഥാപാത്രം പറയുന്ന സംഭാഷണങ്ങള്‍ മാത്രം വച്ചുള്ള വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇപ്പോള്‍ പൊന്‍മാന്‍ സിനിമയുടെ സക്‌സസ് മീറ്റില്‍ സിനിമയിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്.
രണ്ട് വര്‍ഷം മുമ്പാണ് നാലഞ്ച് ചെറുപ്പക്കാര്‍ എന്ന പുസ്തകം താന്‍ വായിക്കുന്നതെന്നും അഭിനയം തത്കാലത്തേക്ക് നിര്‍ത്തി സംവിധാനത്തിലേക്ക് തന്നെ പോകാം എന്ന് തീരുമാനിച്ചപ്പോഴാണ് ഈ ബുക്ക് താന്‍ വായിക്കുന്നതെന്നും ബേസില്‍ ജോസഫ് പറഞ്ഞു.
എന്നാല്‍ പുസ്തകം വായിച്ച് കഴിഞ്ഞപ്പോള്‍ സിനിമ എന്തായലും ചെയ്യണമെന്ന ആഗ്രഹമുണ്ടായെന്നും അജേഷ് എന്ന കഥാപാത്രം മനസില്‍ നിന്ന് പോകുന്നില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ടുകഴിയുമ്പോള്‍ അജേഷ് എന്ന കഥാപാത്രം എല്ലാവരുടെയും മനസില്‍ നില്‍ക്കുന്നതുപോലെ തന്നെയാണ് നാലഞ്ച് ചെറുപ്പക്കാര്‍ എന്ന പുസ്തകം വായിക്കുമ്പോഴും ഏതൊരാള്‍ക്കും തോന്നുകയെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.
‘രണ്ട് വര്‍ഷം മുമ്പാണ് ഇതിന്റെ ഒരു ബുക്ക് എനിക്ക് വായിക്കാന്‍ തരുന്നത്. അന്ന് ഇനി സിനിമ ചെയ്യുന്നില്ല. അഭിനയത്തില്‍ നിന്ന് വിട്ട് നിന്ന് ഡയറക്ട് ചെയ്യുന്ന സിനിമയുടെ തിരക്കിലേക്ക് പോകുകയാണ് എന്ന് തീരുമാനിച്ചിരുന്നു. എന്നാലും ബുക്ക് ഒന്ന് വായിച്ച് നോക്കൂ എന്ന് പറഞ്ഞിട്ടാണ് ബെന്നി ചേട്ടന്‍ ആ ബുക്ക് കൊണ്ട് തരുന്നത്.
അത് വായിച്ച് കഴിഞ്ഞപ്പോള്‍ ഇനി എന്തൊക്കെ വന്നാലും ഇത് ചെയ്യണമെന്ന ആഗ്രഹം ഭയങ്കരമായിട്ട് തോന്നി. അതിലെ അജേഷ് എന്ന് പറയുന്ന കഥാപാത്രം മനസില്‍ നിന്ന് പോകുന്നുണ്ടായിരുന്നില്ല. അജേഷ് എന്ന കഥാപാത്രം സിനിമ കണ്ട് കഴിഞ്ഞപ്പോഴും നമ്മുടെ കൂടെ തന്നെ നില്‍ക്കും. മനസില്‍ നിന്ന് പോകില്ല. ഇത് ബുക്ക് വായിച്ചവര്‍ക്കും അങ്ങനെ തന്നെയായിരുന്നു. എനിക്കും അങ്ങനെ തന്നെ,’ ബേസില്‍ ജോസഫ് പറയുന്നു.
Content Highlight: Basil joseph talks about Ponman movie.