നവാഗതനായ ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് പൊന്മാന്‍. ബേസില്‍ ജോസഫ്, സജിന്‍ ഗോപു, ലിജോമോള്‍ ജോസ്, ആനന്ദ് മന്മഥന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജി. ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ഒ.ടി.ടി റിലീസിന് പിന്നാലെ കേരളത്തിന് പുറത്തും പൊന്മാന്‍ ചര്‍ച്ചാവിഷയമായി.
ഇപ്പോള്‍ പൊന്മാന്‍ എന്ന ചിത്രം ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് സംവിധാനത്തിലേക്ക് കടക്കാം എന്ന് തീരുമാനിച്ച സമയത്താണ് ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാര്‍ എന്ന പുസ്തകം വായിക്കാന്‍ തന്റെ അടുത്ത് കിട്ടുന്നതെന്ന് ബേസില്‍ ജോസഫ് പറയുന്നു.
അതിഷ്ടപ്പെട്ടെന്നും എന്നാലും ചെയ്യണോ വേണ്ടയോ എന്ന സംശയത്തില്‍ നില്‍ക്കുമ്പോള്‍ സംവിധായകന്‍ ജ്യോതിഷ് ശങ്കറാണ് സിനിമയിലെ അജേഷിനെ പോലെ തന്റെ പുറകെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. പൊന്മാന്‍ സിനിമയുടെ സക്‌സസ് മീറ്ററില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.
‘രണ്ട് വര്‍ഷം മുമ്പാണ് ഞാന്‍ ആദ്യമായി പൊന്മാന്റെ കഥ കേള്‍ക്കുന്നത്. ആദ്യം എനിക്കൊരു ബുക്കാണ് വായിക്കാന്‍ തന്നത്. ഇനി കുറച്ച് കാലത്തേക്ക് സിനിമയൊന്നും ചെയ്യുന്നില്ല, സംവിധാനത്തിലേക്ക് കടക്കാം എന്ന പറഞ്ഞപ്പോള്‍ ചുമ്മാ ഇതൊന്ന് വായിച്ച് നോക്കെന്ന് പറഞ്ഞ് ബെന്നി ചേട്ടനാണ് എനിക്ക് ആ ബുക്ക് കൊണ്ടുത്തന്നത്.
ആ ബുക്ക് വായിച്ച് കഴിഞ്ഞപ്പോള്‍ എന്തൊക്കെ വന്നാലും ഈ സിനിമ ചെയ്യണം എന്നൊരു തോന്നല്‍ വന്നു. അത് വായിച്ച് കഴിഞ്ഞിട്ട് അജീഷ് എന്ന കഥാപാത്രം മനസില്‍ നിന്ന് പോകുന്നില്ലായിരുന്നു. സിനിമ കണ്ട് കഴിയുമ്പോള്‍ എങ്ങനെയാണോ അജീഷ് മനസില്‍ നില്‍ക്കുന്നത്, അതുപോലെതന്നെയായിരുന്നു ആ പുസ്തകം വായിച്ച് കഴിഞ്ഞപ്പോഴും.
എന്നാലും ഞാന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയുടെ ടൈം ലൈനുമായി ഇത് ടൈറ്റായി വന്നപ്പോള്‍ ചെയ്യണോ വേണ്ടയോ എന്ന ചോദ്യം വീണ്ടും വന്നു. അപ്പോള്‍ സംവിധായകന്‍ ജ്യോതിഷേട്ടന്‍ സിനിമയിലെ അജേഷിനെ പോലെ എന്റെ പിന്നാലെ കൂടി. ജ്യോതിഷ് ആട..ജ്യോതിഷ് എന്ന് പറയുന്നപോലെ. പിന്നെ അങ്ങ് ചെയ്യാമെന്ന് കരുതി,’ ബേസില്‍ ജോസഫ് പറയുന്നു.