കോമഡി സൈഡ് കിക്ക് വേഷങ്ങള്‍ മാത്രം ചെയ്ത എനിക്ക് ആക്ടറെന്ന നിലയില്‍ അംഗീകാരം ലഭിച്ചത് ആ ചിത്രത്തിലൂടെ: ബേസില്‍ ജോസഫ്
Entertainment
കോമഡി സൈഡ് കിക്ക് വേഷങ്ങള്‍ മാത്രം ചെയ്ത എനിക്ക് ആക്ടറെന്ന നിലയില്‍ അംഗീകാരം ലഭിച്ചത് ആ ചിത്രത്തിലൂടെ: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th February 2025, 8:44 pm

ഷേക്‌സ്പിയറുടെ മാക്‌ബെത്ത് നാടകത്തില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് ശ്യാം പുഷ്‌കരന്റെ രചനയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ജോജി. ഫഹദ് ഫാസില്‍ ജോജിയായി എത്തിയ ചിത്രത്തില്‍ ഫാദര്‍ കെവിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബേസില്‍ ജോസഫ് ആയിരുന്നു.

ജോജി എന്ന ചിത്രം ചെയ്തപ്പോഴാണ് അഭിനേതാവ് എന്ന നിലയില്‍ എനിക്ക് അഭിനന്ദങ്ങള്‍ ലഭിക്കുന്നത്- ബേസില്‍ ജോസഫ്

ജോജിയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. സ്ഥിരമായി കോമഡി വേഷങ്ങള്‍ മാത്രം ചെയ്ത തനിക്ക് ലഭിച്ച വ്യത്യസ്തമായ വേഷമായിരുന്നു ജോജിയിലേതെന്ന് ബേസില്‍ പറയുന്നു. അഭിനേതാവ് എന്ന നിലയില്‍ ആദ്യമായി തനിക്ക് അഭിനന്ദങ്ങള്‍ ലഭിച്ചത് ജോജിയിലെ പ്രകടനത്തിനാണെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘ജോജി എന്ന ചിത്രം ചെയ്തപ്പോഴാണ് അഭിനേതാവ് എന്ന നിലയില്‍ എനിക്ക് അഭിനന്ദങ്ങള്‍ ലഭിക്കുന്നത്. അതിലെ അച്ഛന്‍ വേഷത്തിന്. അതുവരെ കോമഡി സൈഡ് കിക്ക് എന്ന രീതിയില്‍ ഒറ്റ വരിയില്‍ പറയാന്‍ കഴിയുന്ന വേഷങ്ങളാണ് എനിക്ക് കിട്ടിക്കൊണ്ടിരുന്നത്.

നായകന്റെ കൂട്ടുകാരന്‍, നായകന്‍ രക്ഷപ്പെട്ടാല്‍ നീയും രക്ഷപ്പെടും, നായകന്‍ രക്ഷപ്പെട്ടില്ലെങ്കില്‍ നീയും പ്രശ്‌നത്തിലാകും എന്ന രീതിയില്‍. കൗണ്ടര്‍ കോമഡികള്‍ അടിക്കുക, അല്ലെങ്കില്‍ വിഷ്വല്‍ ഹ്യൂമര്‍ ചെയ്ത് ആളുകളെ ചിരിപ്പിക്കുക എന്ന ഉത്തരവാദിത്തം മാത്രമായിരുന്നു എനിക്ക് എല്ലാ സീനുകളിലും.

ബോഡി ലാംഗ്വേജ് എല്ലാം കാണിച്ച് ആളുകളെ എങ്ങനെയെങ്കിലും ചിരിപ്പിക്കുക എന്ന പ്രഷറിലായിരുന്നു ഞാന്‍ ആ സിനിമകള്‍ എല്ലാം ചെയ്തത്. ഒരു സ്റ്റേജ് എത്തിയപ്പോള്‍ ഇത് നമ്മളെ കൂടുതല്‍ എക്‌സൈറ്റ് ചെയ്യിക്കുന്നില്ല. നമ്മള്‍ നമ്മളെത്തന്നെ കോംപ്രമൈസ് ചെയ്യുന്നു എന്നെല്ലാം തോന്നിത്തുടങ്ങി. മാത്രമല്ല ആളുകളെ ചിരിപ്പിക്കുക എന്നത് വളരെ പ്രഷര്‍ ആണ്.

ചില സംവിധായകരാണെങ്കില്‍ റൈറ്റിങ്ങില്‍ അത്ര ശ്രദ്ധിക്കുകയൊന്നും ഇല്ല. എന്നിട്ട് എന്തെങ്കിലും ചെയ്ത് കളര്‍ ആക്കണമെന്ന് നമ്മളോട് പറയും. അങ്ങനെ വളരെ എക്‌സോസ്റ്റിങ് ആയി സംവിധായകനായി മാത്രം പോകാം എന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് ജോജിയിലേക്ക് വിളി വരുന്നത്.

ഞാന്‍ വളരെ ബഹുമാനിക്കുന്ന എഴുത്തുകാരനാണ് ശ്യാം പുഷ്‌ക്കരന്‍. അതുപോലതന്നെ എനിക്ക് ഒരുപാട് ഇഷ്ടമുള്ള സംവിധായകനാണ് ദിലീഷ് പോത്തന്‍. കൂടാതെ ഫഫയുടെ കൂടെ അഭിനയിക്കുകയും ചെയ്യാം എന്നറിഞ്ഞപ്പോള്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് കിട്ടുന്ന ഒരു അംഗീകാരം പോലെയാണ് തോന്നിയത്,’ ബേസില്‍ ജോസഫ് പറയുന്നു.

Content highlight: Basil Joseph talks about his characher Joji Movie