എന്റെ പ്ലാന്‍ പ്രകാരം ആ സിനിമ നേരത്തെ നടക്കേണ്ടത്; പടത്തിന്റെ വലുപ്പം കാരണം നീണ്ടുപോയി: ബേസില്‍
Entertainment
എന്റെ പ്ലാന്‍ പ്രകാരം ആ സിനിമ നേരത്തെ നടക്കേണ്ടത്; പടത്തിന്റെ വലുപ്പം കാരണം നീണ്ടുപോയി: ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th February 2025, 3:56 pm

തിര എന്ന വിനീത് ശ്രീനിവാസന്‍ സിനിമയിലൂടെ സഹ സംവിധായകനായി കടന്നുവന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനായി മാറിയ വ്യക്തിയാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

2021ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളിക്ക് കിട്ടിയ പാന്‍ ഇന്ത്യന്‍ റീച്ച് മറ്റ് ഭാഷകളിലും ബേസിലിന് ശ്രദ്ധ നേടികൊടുത്തിരുന്നു. എന്നാല്‍ ആ സിനിമക്ക് ശേഷം ബേസില്‍ ഒരു സിനിമയും സംവിധാനം ചെയ്തിരുന്നില്ല. അതേസമയം നായക നടനായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അദ്ദേഹം.

ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. ഒരു സംവിധായകന്‍ എന്ന നിലയില്‍ നാല് വര്‍ഷത്തെ ബ്രേക്ക് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് നടന്‍ പറയുന്നത്. മഴവില്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍.

‘ഒരു സംവിധായകന്‍ എന്ന നിലയില്‍ ഇത്രയും വലിയ ബ്രേക്ക് ഞാനും പ്രതീക്ഷിച്ചിട്ടില്ല. മിന്നല്‍ മുരളി 2021ലാണ് പുറത്തിറങ്ങിയത്. ഇപ്പോള്‍ 2025 ആയി. നാല് വര്‍ഷമായി എന്റെ സംവിധാനത്തില്‍ ഒരു സിനിമ വന്നിട്ട്. അത്ര വലിയ ഗ്യാപ്പ് ഞാന്‍ പ്ലാന്‍ ചെയ്തതല്ല.

എന്റെ പ്ലാന്‍ പ്രകാരം കുറച്ച് നേരത്തെ തന്നെ അടുത്ത സിനിമ നടക്കേണ്ടതായിരുന്നു. അതിനുള്ള സ്‌ക്രിപ്റ്റും പരിപാടികളും കാര്യങ്ങളുമൊക്കെയായി നേരത്തെ തന്നെ ഞങ്ങള്‍ പണി തുടങ്ങിയതായിരുന്നു. പക്ഷെ ആ സിനിമ കുറച്ച് വലുതായത് കൊണ്ടും നമ്മുടെ കണ്‍ട്രോളില്‍ നില്‍ക്കുന്നതിന്റെ അപ്പുറമായത് കൊണ്ടും നീണ്ടു പോകുകയായിരുന്നു.

അതുകൊണ്ട് തന്നെയാണ് അടുത്ത സിനിമ വരാന്‍ ഇത്രയേറെ വൈകിയത്. അത് തുടങ്ങുന്നതിന് മുമ്പ് അഭിനയിച്ച് തീര്‍ക്കാന്‍ കുറേ സിനിമകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തുടര്‍ച്ചയായി കുറേ പടങ്ങളില്‍ ഞാന്‍ അഭിനയിച്ചു. അതിന്റെ ഫലമായി കുറേ സിനിമകള്‍ റിലീസായി.

അതേസമയം ഡയറക്ഷന്‍ പ്ലാന്‍ ചെയ്തത് പോലെ നടന്നില്ല. ഈ സിനിമകള്‍ കാരണം അതൊക്കെ ഡിലേയായി. ഇനി എന്തായാലും പ്ലാന്‍ പോലെ നടത്തിയെടുത്തിട്ട് മാത്രമേ നടന്‍ എന്ന നിലയില്‍ അടുത്തത് എന്താണെന്ന് ചിന്തിക്കുകയുള്ളൂ. അതുകൊണ്ടാണ് ഇനി ഞാന്‍ അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുക്കുന്നത്,’ ബേസില്‍ ജോസഫ് പറയുന്നു.

Content Highlight: Basil Joseph Talks About His Career Break In Direction