എൻ്റെ സിനിമയിലെ ആ കഥാപാത്രം പണ്ടായിരുന്നെങ്കിൽ കൽപന ചേച്ചിയെ കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നു: ബേസിൽ ജോസഫ്
Entertainment
എൻ്റെ സിനിമയിലെ ആ കഥാപാത്രം പണ്ടായിരുന്നെങ്കിൽ കൽപന ചേച്ചിയെ കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നു: ബേസിൽ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th June 2025, 8:48 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. 2013ല്‍ തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സഹ സംവിധായകനായിട്ടാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ആദ്യ ചിത്രമായ കുഞ്ഞിരാമായണം മുതൽ തന്നെ ബേസിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. പിന്നീട് ഗോദ, മിന്നല്‍ മുരളി എന്നീ മൂന്ന് സിനിമകളിലൂടെ തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറാന്‍ അദ്ദേഹത്തിന് എളുപ്പം സാധിച്ചിരുന്നു.

2021ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളിക്ക് കിട്ടിയ പാന്‍ ഇന്ത്യന്‍ റീച്ച് മറ്റ് ഭാഷകളിലും ബേസിലിന് ശ്രദ്ധ നേടികൊടുത്തിരുന്നു.സംവിധാനത്തിൽ മാത്രമല്ല അഭിനയത്തിലും കഴിവ് തെളിയിച്ച നടനാണ് അദ്ദേഹം. വർഷങ്ങൾക്ക് ശേഷം, ജയ ജയ ജയ ജയ ഹേ, ഗുരുവായൂർ അമ്പലനടയിൽ, സൂക്ഷ്മദർശിനി, പൊൻമാൻ എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന ചിത്രങ്ങൾ. ഇപ്പോൾ കുഞ്ഞിരാമായണത്തെക്കുറിച്ച് സംസാരിക്കുകയാണ് ബേസിൽ ജോസഫ്.

ഇൻഫോസിസിൽ നിന്നു നാലുമാസം ലീവ് എടുത്തു പോയാണ് വിനീത് ശ്രീനിവാസൻ്റെ തിരയിൽ അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ചതെന്നും ഒരു വർഷം കൊണ്ട് കുഞ്ഞിരാമായണത്തിൻ്റെ കഥ പൂർത്തിയാക്കിയെന്നും ബേസിൽ പറയുന്നു.

അതിന് പിന്നാലെ ജോലി രാജിവെച്ചെന്നും വിനീതും ധ്യാനും ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. റിമി ചെയ്ത കഥാപാത്രം പണ്ടായിരുന്നെങ്കിൽ കൽപന ചെയ്യേണ്ട വേഷമായിരുന്നെന്നും തൻ്റെ പ്രിയപ്പെട്ട സിനിമ കുഞ്ഞിരാമായണമാണെന്നും ബേസിൽ കൂട്ടിച്ചേർത്തു.

‘ഇൻഫോസിസിൽ നിന്നു നാലുമാസം ലീവ് എടുത്തു പോയാണ് തിരയിൽ അസിസ്റ്റ് ചെയ്‌തത്‌. ആദ്യത്തെ സിനിമ വീട്ടുകാർക്കൊക്കെ വന്നുകാണാവുന്നത് തന്നെ ആകണമെന്നാണ് വിനീതേട്ടൻ എല്ലാവരോടും പറയാറുളളത്.

ഏതാണ്ട് ഒരു വർഷം കൊണ്ട് കുഞ്ഞിരാമായണത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയാക്കി. വായിച്ചു ത്രില്ലടിച്ച വിനീതേട്ടൻ അഭിനയിക്കാമെന്നേറ്റു. പിന്നാലെ ജോലി രാജി വെച്ചു, അന്നെനിക്ക് 24 വയസേയുള്ളൂ. വിനീതേട്ടനും ധ്യാനും ഒന്നിച്ച് അഭിനയിച്ച ആദ്യ സിനിമയാണത്. പിന്നെ, റിമിയുടെ ക്യാരക്ടർ. പണ്ടായിരുന്നെങ്കിൽ കൽപന ചേച്ചിയെ കൊണ്ട് ചെയ്യിക്കേണ്ട റോളാണത്. ഇപ്പോഴും എൻ്റെ ഫേവറിറ്റ് ആണ് കുഞ്ഞിരാമായണം. അത്ര ഇന്നസെന്റായി ഇനി സിനിമ ചെയ്യാനാകുമോ എന്നറിയില്ല,’ ബേസിൽ പറയുന്നു.

Content Highlight: Basil Joseph Talking about his First Film Kunjiramayanam