മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ വാളുകളില്‍ വൈറലാകുന്നത് ബേസില്‍ ജോസഫിന്റെ ഒരു പഴയ വീഡിയോയാണ്. വളരെ കാലം മുമ്പ് കൈരളി ടി.വിയുടെ അശ്വമേധം പരിപാടിയില്‍ പങ്കെടുത്തപ്പോഴുള്ള നടന്റെ വീഡിയോയാണ് വൈറലായത്. വയനാട്ടില്‍ വെച്ച് നടന്ന അശ്വമേധം മെഗാ ഷോയിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബേസില്‍ പങ്കെടുത്തത്. പതിനാലാം വയസില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് നടന്‍ അശ്വമേധം പരിപാടിയില്‍ പങ്കെടുത്തത്.
14കാരന്‍ ബേസില്‍ ജോസഫിന്റെ പഴയ അശ്വമേധം കുത്തി പൊക്കിയിട്ടുണ്ട്’ എന്ന ക്യാപ്ഷനോടെ കൈരളി ടി.വി അവരുടെ യൂട്യൂബ് ചാനലിലാണ് ഈ പഴയ വീഡിയോ പങ്കുവെച്ചത്. ‘ബേസില്‍ ജോസഫിന്റെ ആരും കാണാത്ത മുഖം. വയനാട്ടിലെ ആ കുഞ്ഞ് പയ്യനാണ് ഇന്നത്തെ ബേസില്‍ ജോസഫ്’ എന്നാണ് വീഡിയോയുടെ ഡിസ്‌ക്രിപ്ഷനില്‍ കൊടുത്തിരിക്കുന്നത്.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയില്‍ ഹിറ്റായിരുന്നു. കുഞ്ഞി ബേസിലിന്റെ നിഷ്‌കളങ്കമായ ചിരിയെ ഒരുപറ്റം ആളുകള്‍ പുകഴ്ത്തിയപ്പോള്‍ മറ്റുചിലര്‍ക്ക് ഒരിടവേളക്ക് ബേസിലിനെ എയറില്‍ കയറ്റാനുള്ള വഴിയും ഈ വീഡിയോ തുറന്ന് കൊടുത്തിരുന്നു. പുറത്ത് വന്ന് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പുതന്നെ വീഡിയോ പതിനൊന്ന് ലക്ഷത്തിലേറെ പേരാണ് കണ്ടിരിക്കുന്നത്.
തന്റെ കുട്ടികാലത്തെ അശ്വമേധം ഹിറ്റായതിന് പിന്നാലെ കുട്ടികാലത്തെ ഫോട്ടോ പങ്കുവെച്ച് ബേസില്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ‘അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്സ്’ എന്ന അടിക്കുറുപ്പോടെ ഗിറ്റാര്‍ പിടിച്ച് നില്‍ക്കുന്ന തന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഈ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല കുഞ്ഞേ? ‘ എന്നാണ് നടന്‍ ഗണപതി പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.