യുണീക്കായിട്ടുള്ള ആക്ടറാണ് അയാള്‍, ഇന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ അയാള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്: ബേസില്‍ ജോസഫ്
Entertainment
യുണീക്കായിട്ടുള്ള ആക്ടറാണ് അയാള്‍, ഇന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ അയാള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th February 2025, 12:39 pm

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് കടന്നുവന്നയാളാണ് ബേസില്‍ ജോസഫ്. 2015ല്‍ റിലീസായ കുഞ്ഞിരാമായണത്തിലൂടെയാണ് ബേസില്‍ സ്വതന്ത്രസംവിധായകനായത്. തുടര്‍ന്ന് ഗോദ എന്ന സ്പോര്‍ട്സ് കോമഡി ചിത്രം ഒരുക്കിയ ബേസില്‍ മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധേയനായി. സംവിധാനത്തിന് പുറമെ അഭിനയത്തിലും ബേസില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നായകനായെത്തുന്ന ചിത്രങ്ങള്‍ക്ക് മിനിമം ഗ്യാരണ്ടി ഉറപ്പ് നല്‍കാന്‍ കഴിയുന്ന നടനാണ് ബേസില്‍ ജോസഫ്.

ബേസില്‍ പ്രധാനവേഷത്തിലെത്തുന്ന പൊന്മാന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജി.ആര്‍. ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവലിനെ ആസ്പദമാക്കി ജ്യോതിഷ് ശങ്കറാണ് പൊന്മാന്‍ അണിയിച്ചൊരുക്കിയത്. ബേസിലിന് പുറമെ സജിന്‍ ഗോപുവും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്. സജിന്‍ ഗോപുവിനെക്കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്.

താന്‍ ആദ്യമായി നായകനായ ജാന്‍ ഏ മന്നിന്റെ സെറ്റില്‍ വെച്ചാണ് സജിനെ ആദ്യമായി കണ്ടതെന്ന് ബേസില്‍ പറഞ്ഞു. ആ സിനിമയിലെ സജി എന്ന കഥാപാത്രം വളരെ നന്നായാണ് സജിന്‍ ഹാന്‍ഡില്‍ ചെയ്തതെന്നും ആ കഥാപാത്രത്തിന്റെ ഹ്യൂമര്‍ വളരെ നാച്ചുറലായിരുന്നെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് ചുരുളിയിലും സജിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടെന്ന് ബേസില്‍ പറഞ്ഞു.

 

അതിന് ശേഷം വന്ന രോമാഞ്ചത്തിലും കിട്ടിയ സ്‌ക്രീന്‍ സ്‌പെയ്‌സില്‍ സജിന്‍ മികച്ച പെര്‍ഫോമന്‍സായിരുന്നെന്നും ആവേശത്തിലേക്കെത്തിയപ്പോള്‍ സജിന്റെ റേഞ്ച് മാറിയെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ആവേശത്തിലെ ഡയലോഗുകളിലൂടെ സജിന്റെ കഥാപാത്രത്തിന പോപ് കള്‍ച്ചറിനിടയില്‍ നല്ല ശ്രദ്ധ കിട്ടിയിട്ടുണ്ടെന്നും പാന്‍ ഇന്ത്യന്‍ ലെവലില്‍ റീച്ച് കിട്ടിയെന്നും ബേസില്‍ പറഞ്ഞു. ഒറിജിനല്‍സിനോട് സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘സജിനെ ആദ്യമായി കാണുന്നത് ജാന്‍ ഏ മന്നിന്റെ ഷൂട്ടിലാണ്. ആ പടത്തില്‍ സജിന്റെ ക്യാരക്ടര്‍ ശ്രദ്ധിക്കപ്പെട്ടു. ‘സജിയേട്ടാ, ഇവിടെ സേഫ് അല്ല’ എന്നൊക്കെ പറയുമ്പോള്‍ പുള്ളി അതിന് കൊടുക്കുന്ന റിയാക്ഷന്‍ വേറെ ലെവലാണ്. പിന്നീട് ചുരുളി വന്നു, അതിലെ ജീപ്പ് ഡ്രൈവറും ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷമാണ് രോമാഞ്ചം വന്നത്. കിട്ടുന്ന സീനിലെല്ലാം തന്റേതായ രീതിയില്‍ സ്‌കോര്‍ ചെയ്യുന്ന സജിനെയാണ് അതില്‍ കണ്ടത്.

അത് കഴിഞ്ഞിട്ടാണ് അമ്പാന്‍ വരുന്നത്. ആവേശം ഹിറ്റായതിന് ശേഷം അതിലെ ഡയലോഗുകള്‍ ശ്രദ്ധിക്കപ്പെട്ടു. യുണീക്കായിട്ടുള്ള നടനാണ് സജിന്‍. ആവേശത്തിലെ ‘ശ്രദ്ധിക്ക് അമ്പാനേ, അതൊന്ന് ഓഫ് ചെയ്യ് അമ്പാനേ’ ഈ ഡയലോഗൊക്കെ പോപ് കള്‍ച്ചറിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. പലരും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുമ്പോള്‍ ഈ ഡയലോഗൊക്കെ വരും. അങ്ങനെ ഒരു പാന്‍ ഇന്ത്യന്‍ ലെവല്‍ റീച്ച് കിട്ടിയ നടനാണ് സജിന്‍ ഗോപു,’ ബേസില്‍ ജോസഫ് പറഞ്ഞു.

Content Highlight: Basil Joseph saying Sajin Gopu is an unique actor