'ബേസിലിന്റെ ആരും കാണാത്ത മുഖം' വീഡിയോ കുത്തി പൊക്കി കൈരളി; കമന്റ് ബോക്‌സ് നിറച്ച് ടിനോവ ഫാന്‍സ്
Entertainment
'ബേസിലിന്റെ ആരും കാണാത്ത മുഖം' വീഡിയോ കുത്തി പൊക്കി കൈരളി; കമന്റ് ബോക്‌സ് നിറച്ച് ടിനോവ ഫാന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th June 2025, 10:28 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. 2013ല്‍ തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സഹ സംവിധായകനായിട്ടാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ മൂന്ന് സിനിമകളിലൂടെ തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറാന്‍ അദ്ദേഹത്തിന് എളുപ്പം സാധിച്ചിരുന്നു. 2021ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളിക്ക് കിട്ടിയ പാന്‍ ഇന്ത്യന്‍ റീച്ച് മറ്റ് ഭാഷകളിലും ബേസിലിന് ശ്രദ്ധ നേടികൊടുത്തിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് ബേസില്‍ ജോസഫിന്റെ ഒരു പഴയ വീഡിയോയാണ്. വളരെ കാലം മുമ്പ് കൈരളി ടി.വിയുടെ അശ്വമേധം പരിപാടിയില്‍ പങ്കെടുത്തപ്പോഴുള്ള നടന്റെ വീഡിയോയാണ് വൈറലായത്.

വയനാട്ടില്‍ വെച്ച് നടന്ന അശ്വമേധം മെഗാ ഷോയിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബേസില്‍ പങ്കെടുത്തത്. പതിനാലാം വയസില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് നടന്‍ അശ്വമേധം പരിപാടിയില്‍ പങ്കെടുത്തത്.

’14കാരന്‍ ബേസില്‍ ജോസഫിന്റെ പഴയ അശ്വമേധം കുത്തി പൊക്കിയിട്ടുണ്ട്’ എന്ന ക്യാപ്ഷനോടെ കൈരളി ടി.വി അവരുടെ യൂട്യൂബ് ചാനലിലാണ് ഈ പഴയ വീഡിയോ പങ്കുവെച്ചത്. ‘ബേസില്‍ ജോസഫിന്റെ ആരും കാണാത്ത മുഖം. വയനാട്ടിലെ ആ കുഞ്ഞ് പയ്യനാണ് ഇന്നത്തെ ബേസില്‍ ജോസഫ്’ എന്നാണ് വീഡിയോയുടെ ഡിസ്‌ക്രിപ്ഷനില്‍ കൊടുത്തിരിക്കുന്നത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആളുകള്‍ രസകരമായ കമന്റുകളുമായി കമന്റ് ബോക്‌സിലെത്തി. അതില്‍ ആളുകള്‍ കൂടുതലും ടൊവിനോ തോമസിനെ കുറിച്ചാണ് പറയുന്നത്. പരസ്പരം പണി കൊടുക്കുന്ന ടൊവിനോയെ കുറിച്ചും ബേസിലിനെ കുറിച്ചുമാണ് കമന്റുകള്‍.

ഈ വീഡിയോ കാണുന്ന ടൊവിനോ തോമസ് പറയാന്‍ സാധ്യതയുള്ള ഡയലോഗുകളെല്ലാം കമന്റ് ബോക്‌സില്‍ കാണാം. ‘ഒരു കിലോ എണ്ണയും തലയില്‍ തേച്ച് വന്നിരുന്നാല്‍ മനസിലാകില്ലെന്ന് കരുതിയോടാ’ എന്നാണ് ഒരു കമന്റ്.

‘ഇത് മതി. ഈ ആഴ്ചത്തേക്കുള്ളത് കിട്ടി’, ‘നീ തീര്‍ന്നെടാ തീര്‍ന്ന്’, ‘ഇപ്പോള്‍ ശരിയാക്കി തരാം’, ‘ഇത് ആഘോഷത്തിന്റെ രാവ്’ എന്നൊക്കെയാണ് കമന്റുകള്‍. ഇതിന് പിന്നില്‍ ടൊവിനോയുടെ കൈകളാണെന്ന് സംശയമുണ്ടെന്നും കമന്റുണ്ട്. ടിനോവ (ടൊവിനോ) ഫണ്ട് ഇറക്കി ചെയ്തതാണെന്നും കമന്റ് കാണാം.


Content Highlight: Basil Joseph’s Old Ashwamedham Show Video Goes Viral