അജേഷിന്റെയും സ്റ്റെഫിയുടെയും പ്രണയം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയത് അതാണ്: ബേസില്‍ ജോസഫ്
Entertainment
അജേഷിന്റെയും സ്റ്റെഫിയുടെയും പ്രണയം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയത് അതാണ്: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th June 2025, 8:12 am

നവാഗതനായ ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് പൊന്മാന്‍. ബേസില്‍ ജോസഫ്, സജിന്‍ ഗോപു, ലിജോമോള്‍ ജോസ്, ആനന്ദ് മന്മഥന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജി. ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ഒ.ടി.ടി റിലീസിന് പിന്നാലെ കേരളത്തിന് പുറത്തും പൊന്മാന്‍ ചര്‍ച്ചാവിഷയമായി.

സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് ജസ്റ്റിന്‍ വര്‍ഗീസാണ് ഇപ്പോള്‍ ജസ്റ്റിന്‍ വര്‍ഗീസിനെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. പൊന്മാന്റെ ഫൈന്‍ എഡിറ്റില്‍ പോലും നമ്മള്‍ക്ക് ഫീല്‍ ചെയ്യാത്ത ഒരു റൊമാന്റിക് ആംഗിളുണ്ടെന്നും അജേഷും സ്‌റ്റെഫിയും തമ്മിലുള്ള പ്രണയത്തെ ഒന്ന് കൂടെ ലിഫ്റ്റ് ചെയ്തത് ജസ്റ്റിന്‍ വര്‍ഗീസാണെന്നും ബേസില്‍ പറയുന്നു.

ജസ്റ്റിന്‍ വളരെ ബ്രില്ല്യന്റ് ആയി സിനിമയുടെ സംഗീതം കൈകാര്യം ചെയ്തിട്ടുണ്ടെന്നും അജേഷിന്റെയും  സ്റ്റെഫിയെന്ന കഥാപാത്രത്തിന്റെയും പ്രണയം മറ്റൊരു തലത്തിലേക്ക് പ്രേക്ഷകരില്‍ എത്തിക്കാന്‍ ആ മ്യൂസിക്കിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊന്‍മാന്‍ സിനിമയുടെ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘ഫൈനല്‍ എഡിറ്റില്‍ പോലും നമുക്ക് അത്ര ഫീല്‍ ചെയ്യാത്ത ഒരു റൊമാന്റിക് ആംഗിളുണ്ട്, അജേഷും അതുപോലെ സ്‌റ്റെഫി എന്ന കഥാപാത്രവും തമ്മില്‍. ജസ്റ്റിന്റെ മ്യൂസിക്കാണ് അതിനെ ഒന്ന് കൂടെ ലിഫ്റ്റ് ചെയ്തത്. അതാണ് കുറച്ചുകൂടി റൊമാന്റിക് ആക്കിയത് ശരിക്കും പറഞ്ഞാല്‍. ജസ്റ്റിന്‍ ഭയങ്കര ബ്രില്ല്യന്റ് ആയിട്ട് അത് ചെയ്തിട്ടുണ്ട്. അത് പറയാതെ വയ്യ. ജസ്റ്റിന്റെ മ്യൂസിക് സിനിമക്കുണ്ടാക്കിയ ഇംപാക്റ്റ് വളരെ വലുതാണ്. അജേഷും സ്റ്റെഫിയും തമ്മിലുള്ള പ്രണയത്തെ വേറെ ഒരു തലത്തിലുള്ള പ്രണയമായിട്ട് ആളുകള്‍ ഡിഫൈന്‍ ചെയ്യുന്ന ലെവലിലേക്ക് എത്തിക്കാന്‍ ആ സംഗീതത്തിന് പറ്റി,’ ബേസില്‍ ജോസഫ് പറയുന്നു.

Content Highlight:  Basil Joseph on Justin Varghese’s music in Ponman