അസിസ്റ്റൻ്റാകാൻ താത്പര്യമുണ്ടോയെന്ന് ബേസിലേട്ടൻ ഇങ്ങോട്ട് ചോദിച്ചതാണ്: പടക്കളത്തിൻ്റെ സംവിധായകൻ മനു
Entertainment
അസിസ്റ്റൻ്റാകാൻ താത്പര്യമുണ്ടോയെന്ന് ബേസിലേട്ടൻ ഇങ്ങോട്ട് ചോദിച്ചതാണ്: പടക്കളത്തിൻ്റെ സംവിധായകൻ മനു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st May 2025, 7:46 am

സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം.

സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാന്‍ ഷൗക്കത്ത്, പൂജ മോഹന്‍രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ബേസിലിന്റെ അസിസ്റ്റന്റ് ആയി കുഞ്ഞിരാമായണത്തിലൂടെയാണ് മനു  സിനിമയിലേക്കെത്തിയത്. ഇപ്പോള്‍ ബേസിലിന്റെ അസിസ്റ്റന്റ് ആയി എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മനു സ്വരാജ്.

കോളേജില്‍ കയറിയ സമയത്താണ് സീരിയസായി ഷോര്‍ട്ട് ഫിലിം ചെയ്യാനുള്ള തീരുമാനം എടുത്തതെന്നും താന്‍ ചെയ്ത ഒരു ഷോര്‍ട്ട് ഫിലിം കോളേജ് ഫെസ്റ്റ് മത്സരത്തിലേക്ക് കയറ്റിവിട്ടുവെന്നും മനു പറയുന്നു.

തന്റെ ഉദ്ദേശം അത് ഓഡിന്‍സിന് മുന്നില്‍ കാണിക്കാന്‍ പറ്റുമെന്നത് ആയിരുന്നെന്നും ആ ഫെസ്റ്റില്‍ ജഡ്ജ് ആയിട്ട് വന്നത് ബേസില്‍ ജോസഫ് ആയിരുന്നെന്നും അദ്ദേഹം പറയുന്നു. അന്ന് വിനീത് ശ്രീനിവാസനെ അസിസ്റ്റ് ചെയ്യുകയായിരുന്നു ബേസിലെന്നും തനിക്ക് ആ ഫെസ്റ്റില്‍ സമ്മാനം കിട്ടിയെന്നും മനു പറഞ്ഞു.

സമ്മാനം വാങ്ങാന്‍ ചെന്നപ്പോഴാണ് ബേസില്‍ തന്നെ അന്വേഷിച്ചതെന്ന് കോര്‍ഡിനേറ്റേഴ്‌സ് പറഞ്ഞതെന്നും താന്‍ വിളിച്ചപ്പോള്‍ തന്നോട് കുഞ്ഞിരാമായണം സിനിമയില്‍ അസിസ്റ്റ് ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ബേസില്‍ ചോദിച്ചെന്നും മനു കൂട്ടിച്ചേര്‍ത്തു. കാൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോളേജില്‍ കയറിയ സമയത്താണ് സീരിയസായി ഷോര്‍ട്ട് ഫിലിം ചെയ്യാനുള്ള തീരുമാനം എടുക്കുന്നത്. ചെയ്ത ഷോര്‍ട്ട് ഫിലിം കോളേജ് ഫെസ്റ്റ് മത്സരത്തിലേക്ക് കയറ്റിവിട്ടു. എന്റെ ഉദ്ദേശം വലിയ ഒരു ഓഡിയന്‍സിന് മുന്നില്‍ അത് കാണിക്കാന്‍ പറ്റും.

ആ ഫെസ്റ്റില്‍ ജഡ്ജ് ആയിട്ട് വന്നത് ബേസില്‍ ജോസഫ് ആണ്. അന്ന് ബേസില്‍ ജോസഫ് ആരായിരുന്നുവെന്ന് അറിയാമായിരുന്നു. വിനീത് ശ്രീനിവാസന്റെ കൂടെ അസിസ്റ്റന്റ് ആയാണ് അന്ന് ബേസില്‍ വര്‍ക്ക് ചെയ്തിരുന്നത്. അന്ന് ഒരു കാറ്റഗറി ഉണ്ടാക്കി എനിക്ക് സമ്മാനവും തന്നു.

എന്നിട്ട് ഞാന്‍ പ്രൈസ് വാങ്ങാന്‍ ചെന്നപ്പോള്‍ കോര്‍ഡിനേറ്റേഴ്‌സ് പറഞ്ഞു ബേസില്‍ നിന്നെ അന്വേഷിച്ചിരുന്നുവെന്ന്. വിളിച്ചപ്പോഴാണ് ബേസിലേട്ടന്‍ പറഞ്ഞത് ‘ഞാന്‍ കുഞ്ഞിരാമായണം എന്നുപറഞ്ഞ സിനിമ ചെയ്യുന്നുണ്ട് അസിസ്റ്റന്റ് ആകാൻ താത്പര്യമുണ്ടോ എന്ന്’ എന്ന്. എന്നിട്ടാണ് ബേസിലേട്ടനെ അസിസ്റ്റ് ചെയ്യാന്‍ പോകുന്നത്,’ മനു സ്വരാജ് പറയുന്നു.

Content Highlight: Basil Joseph asked me if I was interested in becoming an assistant says Manu Swaraj