നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രൊജക്ട്സ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവരുടെ ബാനറിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിഷു റിലീസായാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.
ഇപ്പോൾ ചിത്രത്തിൻ്റ നിർമാതാക്കളിൽ ഒരാളായ ടൊവിനോയെപ്പറ്റി സംസാരിക്കുകയാണ് ബേസിൽ ജോസഫും സിജു സണ്ണിയും.
ടൊവിനോ പ്രൊഡ്യൂസറായിട്ട് കുറച്ച് കഷ്ടപ്പാടാണെന്നും ജ്യൂസും ചായയുമൊന്നും തരില്ലെന്നും പറയുകയാണ് ബേസിൽ ജോസഫ്. എല്ലാവർക്കും കൂടി ഒരു ചായയൊക്കെയാണ് തരുന്നതെന്നും ബേസിൽ പറയുന്നു. കൂട്ടുകാരനായത് കൊണ്ട് കാശ് കടം കൊടുത്താൽ തിരിച്ച് തരാൻ കഷ്ടപ്പാടാണെന്നും ബേസിൽ കൂട്ടിച്ചേർത്തു.
അരക്കിലോ ചായപ്പൊടി കൊടുത്തിട്ട് ഒരു മാസത്തേക്ക് ഉള്ളതാണെന്ന് പറയുമെന്നും സുരേഷ് കൃഷ്ണയോട് വീട് അടുത്തായതിനാൽ പൊതി കെട്ടിയിട്ട് വരാൻ പറയുമെന്നും സിജു സണ്ണി പറയുന്നു. ഓരോരുത്തരുടെ പെർഫോമൻസ് നോക്കിയിട്ടാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്നും സിജു കൂട്ടിച്ചേർത്തു.
മരണമാസ് സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു ഇവർ.
‘അവൻ പ്രൊഡ്യൂസറായിട്ട് കുറച്ച് കഷ്ടപ്പാടാണ്. ജ്യൂസ് ഒന്നും തരില്ല. ചായ ചോദിച്ചാൽ പോലും തരില്ല. എല്ലാവർക്കും കൂടി ചേർത്ത് ഒരു ചായയൊക്കെയാണ് തരുന്നത്. കൂട്ടുകാരനായത് കൊണ്ട് കാശ് കടം കൊടുത്താലും തിരിച്ചു തരാൻ വലിയ പാടാണ്. അവൻ ഭയങ്കര സ്ട്രിക്ട് ആയിരുന്നു,’ ബേസിൽ പറയുന്നു.