കാഴ്ച സിനിമ കാണാന്‍ ളോഹയ്ക്ക് പുറത്ത് ജാക്കറ്റിട്ട് അപ്പന്‍ ഞങ്ങളേയും കൊണ്ട് തിയേറ്ററിലെത്തി; നോക്കുമ്പോള്‍ പടം ധൂം: ബേസില്‍
Entertainment
കാഴ്ച സിനിമ കാണാന്‍ ളോഹയ്ക്ക് പുറത്ത് ജാക്കറ്റിട്ട് അപ്പന്‍ ഞങ്ങളേയും കൊണ്ട് തിയേറ്ററിലെത്തി; നോക്കുമ്പോള്‍ പടം ധൂം: ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th June 2025, 1:58 pm

കുട്ടിക്കാലത്തെ രസകരമായ ചില കഥകള്‍ പങ്കുവെക്കുകയാണ് നടന്‍ ബേസില്‍ ജോസഫ്. വൈദികനായ അപ്പന്‍ തന്റെ നിര്‍ബന്ധം കാരണം സിനിമ കാണാന്‍ തിയേറ്ററില്‍ കൊണ്ടുപോയിരുന്ന കഥയാണ് ബേസില്‍ പങ്കുവെച്ചത്.

വൈദികനായതുകൊണ്ട് തന്നെ സിനിമ കാണാന്‍ തിയേറ്റില്‍ പോകുന്നതിനൊക്കെ പരിമിതികള്‍ ഉണ്ടായിരുന്നെന്നും ളോഹയ്ക്ക് പുറത്ത് ഒരു ജാക്കറ്റിട്ട് ളോഹ അതിനകത്ത് തിരുകിയൊക്കെയാണ് തങ്ങളെ തിയേറ്റില്‍ കൊണ്ടുപോയിരുന്നതെന്ന് ബേസില്‍ പറയുന്നു.

ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന സിനിമ കാണാന്‍ അത്തരത്തില്‍ പോയപ്പോള്‍ പറ്റിയ ഒരു അബദ്ധവും ബേസില്‍ ഡോ.അനന്തു എസിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറയുന്നു.

‘അച്ഛന്‍ ഇപ്പോഴും വയനാട്ടില്‍ തന്നെയാണ്. പള്ളിയും കാര്യങ്ങളുമൊക്കെയായി നടക്കുന്നു. പിന്നെ വ്യത്യാസം എന്താണെന്ന് വെച്ചാല്‍ അന്ന് സിനിമയൊന്നും കാണില്ലായിരുന്നു. സിനിമയ്ക്ക് പോയാലും അവിടെ ഇരുന്ന് ഉറങ്ങും.

പിന്നെ അച്ഛന് തിയേറ്ററിലൊക്കെ പോകാന്‍ കുറച്ച് പ്രശ്‌നമായിരിക്കുമല്ലോ. പള്ളീലച്ചന്‍ അല്ലേ. എപ്പോഴും തിയേറ്ററിലൊന്നും പോകാന്‍ പറ്റില്ല. ഉള്ളില്‍ ആഗ്രഹങ്ങളൊക്കെ ഉണ്ടാകും. മക്കളേയും കൊണ്ട് സിനിമ കാണാന്‍ തിയേറ്റിലൊക്കെ പോകണമെന്ന്.

പിന്നെ ഞാന്‍ വീട്ടില്‍ കിടന്ന് കയറുപൊട്ടിക്കും. എനിക്ക് ആ സിനിമ കാണാന്‍ പോകണമെന്ന് പറഞ്ഞ് പ്രശ്‌നം ആക്കുമ്പോള്‍ പുള്ളി മറ്റേ ബൈക്കിലിടുന്ന ജാക്കറ്റ് എടുത്ത് ളോഹയ്ക്ക് പുറത്തിടും. ളോഹ ഇടാതെ പോകാന്‍ പറ്റില്ല. ജാക്കറ്റ് ഇടും. ളോഹ അതിനകത്തേക്ക് തിരുകിക്കയറ്റും (ചിരി). എന്നിട്ട് കൊണ്ടുപോകും.

എന്നിട്ട് തിയേറ്ററില്‍ ചെന്നിട്ട് മാനേജരുടെ അടുത്തൊക്കെ സംസാരിച്ചിട്ട് മറ്റേ ബോക്‌സ് ഉണ്ടല്ലോ. അതില്‍ കയറ്റി ഇരുത്തും. ആള്‍ക്കാര്‍ വന്ന് സിനിമയൊക്കെ കണ്ട് പോയിക്കഴിഞ്ഞ ശേഷം പതുക്കെ ഇറങ്ങിപ്പോകും.

അങ്ങനെ ഇരിക്കെ ഞാന്‍ കാഴ്ച സിനിമ കാണണമെന്ന് പറഞ്ഞ് വീട്ടില്‍ ഭയങ്കര പ്രശ്‌നമുണ്ടാക്കി. കാഴ്ച ഇറങ്ങിയിട്ട് 100 ദിവസമോ മറ്റോ ആയിട്ടുണ്ടാകും. ഞാന്‍ കണ്ടിട്ടില്ല.

അങ്ങനെ ആ സിനിമ കാണാന്‍ തിയേറ്ററിന് മുന്‍പില്‍ എത്തിയപ്പോള്‍ ഭയങ്കര തിരക്ക്. നൂറാം ദിവസം ഇത്രയും തിരക്കോ എന്ന് തോന്നി. ആ സമയത്ത് ഹിന്ദി സിനിമ വരുമ്പോള്‍ പോസ്റ്റര്‍ എന്ന് പറഞ്ഞാല്‍ അല്‍പം ഗ്ലാമറൈസ്ഡ് പോസ്റ്റര്‍ ആയിരിക്കും.

അങ്ങനത്തെ മൂഡിലാണ് ധൂം ഒക്കെ മാര്‍ക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഞങ്ങള്‍ ചെന്ന അന്നാണ് കാഴ്ച മാറി ധൂം വന്നിരിക്കുന്നത്. ധൂമിന്റെ വമ്പന്‍ പോസ്റ്ററുമൊക്കെയാണ് തിയേറ്ററിന് മുന്‍പില്‍.

ഞങ്ങളെ കണ്ടതും വീടിന്റെ അടുത്തുള്ള ഒരു ചേട്ടന്‍ വന്നിട്ട് ‘അച്ചന്‍ ധൂം കാണാന്‍ വന്നതാണോ’ എന്ന് ഒറ്റച്ചോദ്യം. ധൂമോ? കാഴ്ചയല്ലേ എന്ന് ചോദിച്ചു..! കാഴ്ചയൊക്കെ പോയച്ചോ ധൂമായി എന്ന് പറഞ്ഞു.

എന്നാല്‍ ഞങ്ങള്‍ പിന്നെ വരാമെന്ന് പറഞ്ഞ് അവിടുന്ന് വിട്ടു. ഇപ്പോള്‍ അതൊക്കെ മാറി. ഇന്ന് സിനിമയ്ക്ക് പോകുന്നതൊന്നും അത്ര വലിയ പ്രശ്‌നമല്ലല്ലോ.

സിനിമ കാണുന്നതൊക്കെ സ്വാഭാവികമായി. പണ്ടായിരുന്നു അതൊക്കെ എന്തോ വലിയ പ്രശ്‌നമായി കണ്ടിരുന്നത്. മിന്നല്‍ മുരളി ഒ.ടി.ടിയിലാണല്ലോ ഇറങ്ങിയത്.

വീട്ടില്‍ അച്ഛന്‍ ഹോം തിയേറ്റൊക്കെ സെറ്റ് ചെയ്ത് വലിയ ടിവി മേടിച്ച് സ്പീക്കറൊക്കെ വെച്ച് പരിപാടിയൊക്ക സെറ്റ് ചെയ്ത് ഒരു തിയേറ്റര്‍ ഫീല്‍ ഉണ്ടാക്കി.

അവിടെ അടുത്തുള്ള ആള്‍ക്കാരെയൊക്കെ വീട്ടിലേക്ക് വിളിച്ച്, ആരും മൊബൈലില്‍ കാണരുതെന്ന് പറഞ്ഞ് ഈ സിനിമ കാണിച്ചു. ഇപ്പോള്‍ ഭയങ്കര പുരോഗമനമാണ്,’ ബേസില്‍ പറഞ്ഞു.

Content Highlight: Basil Joseph about His Father and a share a Funny Incident