11 ല്‍ 11 ഉം വിജയം; കുതിപ്പ് തുടര്‍ന്ന് കറ്റാലന്‍ പട
Football
11 ല്‍ 11 ഉം വിജയം; കുതിപ്പ് തുടര്‍ന്ന് കറ്റാലന്‍ പട
ഫസീഹ പി.സി.
Friday, 16th January 2026, 11:42 am

കോപ്പ ഡെല്‍ റെയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ബാഴ്സലോണ. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ റയല്‍ റേസിങ് ക്ലബ്ബിനെ തോല്‍പ്പിച്ചാണ് ടീമിന്റെ മുന്നേറ്റം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് കറ്റാലന്‍ പടയുടെ വിജയം.

ഈ മത്സരത്തിലെ വിജയത്തോടെ ഈ സീസണിലെ തുടര്‍ച്ചയായ 11ാം വിജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്. 2025 നവംബറില്‍ ചെല്‍സിയോട് തോറ്റതിന് ശേഷം കളത്തില്‍ ഇറങ്ങിയ ഒറ്റ മത്സരത്തില്‍ പോലും ഫ്‌ലിക്കും സംഘവും തോല്‍വിയോ സമനിലയോ വഴങ്ങിയിട്ടില്ല. 2015ന് ശേഷമുള്ള ടീമിന്റെ മികച്ച സ്ട്രീക്കാണിത്. ഒപ്പം ഈ സ്ട്രീക്ക് ബാഴ്സയുടെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച പ്രകടനവുമാണ്

നവംബര്‍ 26ന് ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയെ നേരിട്ടപ്പോള്‍ ബാഴ്സ തോല്‍വി വഴങ്ങിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ടീം പരാജയപ്പെട്ടത്. എന്നാല്‍, അതില്‍ തളരാതെ ടീം മുന്നോട്ട് കുതിച്ചു. അതിന് ശേഷം വിവിധ ടൂര്‍ണമെന്റിലായി 11 മത്സരങ്ങളില്‍ ഫ്‌ലിക്കിന്റെ കുട്ടികള്‍ മൈതാനത്തെത്തി.

സ്പാനിഷ് സൂപ്പർകപ്പ് കിരീടവുമായി ബാർസലോണ ടീം. Photo: FCBarcelona/x.com

അപ്പോഴെല്ലാം മൂന്ന് പോയിന്റുമായാണ് ബ്ലൂഗ്രാന കയറിയത്. കൂടാതെ സൂപ്പര്‍ കോപ്പ എസ്പാനിയയില്‍ കിരീടവും സ്വന്തമാക്കി. അതാവട്ടെ തങ്ങളുടെ ചിരവൈരികളായ റയല്‍ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചുമായിരുന്നു.

റയലിന് പുറമെ, അല്‍വസ്, അത്ലറ്റികോ മാഡ്രിഡ്, റയല്‍ ബെറ്റിസ് എന്നിവര്‍ എതിരാളികളായി എത്തി. അല്‍വാസിനെതിരെയും അത്ലറ്റികോയ്ക്ക് എതിരെയും 1 – 3 ന് ജയിച്ചപ്പോള്‍ ബെറ്റിസിനെ മൂന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. പിന്നാലെ ഫ്രാങ്ക്ഫര്‍ട്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു.

ബാഴ്‌സ താരങ്ങൾ. Photo: FCBarcelona/x.com

അതിനുശേഷം ക്ലബ്ബ് ഡിപ്പോര്‍ട്ടീവോ ഗ്വാഡലജാരയുടെയും വിയ്യാറയലിന്റെയും എസ്പാന്യോളിന്റെയും പോസ്റ്റിലേക്ക് രണ്ട് ഗോളുകള്‍ വീതം അടിച്ച് മൂന്ന് പോയിന്റ് സ്വന്തമാക്കി. അത്ലറ്റികോ ബില്‍ബാവോയായിരുന്നു ടീമിന്റെ അടുത്ത എതിരാളികള്‍. അന്ന് ടീം വിജയം സ്വന്തമാക്കിയത് അഞ്ച് തവണ വല കുലുക്കിയാണ്.

പിന്നാലെയാണ് ഈ വര്‍ഷത്തെ ആദ്യ എല്‍ ക്ലാസിക്കോ അരങ്ങേറിയത്. സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ത്രില്ലറിന് ഒടുവില്‍ ലോസ് ബ്ലാങ്കോസിനെ ബാഴ്സ തോല്‍പ്പിച്ച് ചാമ്പ്യന്മാരായി. ഈ മത്സരത്തിന് ശേഷമാണ് കോപ്പ ഡെല്‍ റെയില്‍ റേസിങ് ക്ലബ്ബിനെ നേരിട്ടതും തങ്ങളുടെ തുടര്‍ച്ചയായ 11ാം വിജയം സ്വന്തമാക്കിയത്.

Content Highlight: Barcelona registered their 11 consecutive win in this season; best streak since 2015 and second best streak in the club history

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി