ഗോളടി ഇത്രേം ഈസിയോ! പത്ത് ഗോളടിച്ചത് ഒന്നും രണ്ടുമല്ല, ആറ് താരങ്ങള്‍! ഫ്‌ളിക്കിന്റെ ബാഴ്‌സ കുതിക്കുന്നു
Sports News
ഗോളടി ഇത്രേം ഈസിയോ! പത്ത് ഗോളടിച്ചത് ഒന്നും രണ്ടുമല്ല, ആറ് താരങ്ങള്‍! ഫ്‌ളിക്കിന്റെ ബാഴ്‌സ കുതിക്കുന്നു
ആദര്‍ശ് എം.കെ.
Sunday, 1st February 2026, 1:11 pm

ലാലിഗയില്‍ എല്‍ക്കെയെ പരാജയപ്പെടുത്തി എഫ്.സി ബാഴ്‌സലോണ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് കറ്റാലന്‍മാരുടെ വിജയം.

ലാമിന്‍ യമാല്‍, ഫെറാന്‍ ടോറസ്, മാര്‍കസ് റാഷ്‌ഫോര്‍ഡ് എന്നിവര്‍ ബാഴ്‌സയ്ക്കായി വലകുലുക്കിയപ്പോള്‍ അല്‍വാരോ റോഡ്രിഗസാണ് എല്‍ക്കെയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

4-4-2 എന്ന ഫോര്‍മേഷനില്‍ എല്‍ക്കെ കളത്തിലിറങ്ങിയപ്പോള്‍ 4-3-3 ഫോര്‍മേഷനിലാണ് ഹാന്‍സി ഫ്‌ളിക് തന്റെ കുട്ടികളെ പോര്‍ക്കളത്തില്‍ വിന്യസിച്ചത്.

ആദ്യ വിസില്‍ മുഴങ്ങി ആറാം മിനിട്ടില്‍ ബാഴ്‌സ മുമ്പിലെത്തി. ഡാനി ഓല്‍മോയുടെ അസിസ്റ്റില്‍ ലാമിന്‍ യമാലാണ് വലകുലുക്കിയത്.

29ാം മിനിട്ടില്‍ റോഡ്രിഗസിലൂടെ എല്‍ക്കെ ഒപ്പമെത്തിയെങ്കിലും 40ാം മിനിട്ടില്‍ ഫെറാന്‍ ടോറസിലൂടെ ബാഴ്‌സ വീണ്ടും ലീഡെടുത്തു. ഫ്രാങ്കി ഡി ജോങ്ങാണ് ഗോളിന് വഴിയൊരുക്കിയത്.

ഒരു ഗോളിന്റെ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച ബാഴ്‌സ രണ്ടാം പകുതിയില്‍ റഫീന്യയെ പിന്‍വലിച്ച് മാര്‍കസ് റാഷ്‌ഫോര്‍ഡിനെയും ഫെറാന്‍ ടോറസിന് പകരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെയും കളത്തിലിറക്കി കാര്യമായ മാറ്റങ്ങളും വരുത്തി. മറുവശത്ത് എല്‍ക്കെയും സബ്സ്റ്റിറ്റിയൂഷനുകള്‍ കൊണ്ടുവന്നു.

72ാം മിനിട്ടില്‍ റാഷ്‌ഫോര്‍ഡിലൂടെ ബാഴ്‌സ മത്സരത്തിലെ മൂന്നാം ഗോളും കണ്ടെത്തി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ബ്ലൂഗ്രാന 3-1ന്റെ വിജയവും സ്വന്തമാക്കി.

മത്സരത്തില്‍ മാര്‍കസ് റാഷ്‌ഫോര്‍ഡ് ഗോളടിച്ചതോടെ ഒരു നേട്ടവും ബാഴ്‌സയെ തേടിയെത്തി. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളില്‍ (ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാലിഗ, ബുണ്ടസ് ലീഗ്, സീരി എ, ലീഗ് വണ്‍) ഈ സീസണിലെ എല്ലാ മത്സരങ്ങളില്‍ നിന്നുമായി 10+ ഗോളുകള്‍ സ്വന്തമാക്കുന്ന ആറ് താരങ്ങളുള്ള ആദ്യ ടീമായി ബാഴ്‌സ മാറി.

എഫ്.സി ബാഴ്‌സലോണ Photo: Barcelona FC

ഫെറാന്‍ ടോറസ് (16 ഗോളുകള്‍), റഫീന്യ (13 ഗോളുകള്‍), ലാമിന്‍ യമാല്‍ (13 ഗോളുകള്‍), റോബര്‍ട്ട് ലെവന്‍ഡോസ്‌കി (12 ഗോളുകള്‍), ഫെര്‍മിന്‍ ലോപസ് (10 ഗോളുകള്‍), മാര്‍കസ് റാഷ്‌ഫോര്‍ഡ് (10 ഗോളുകള്‍) എന്നിവരാണ് സീസണില്‍ കറ്റാലന്‍മാര്‍ക്കായി പത്തോ അതിലധികമോ ഗോളുകള്‍ നേടിയ താരങ്ങള്‍.

നിലവില്‍ 22 മത്സരത്തില്‍ നിന്നും 18 ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 55 പോയിന്റോടെ ലാലിഗയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സ. 21 മത്സരത്തില്‍ നിന്നും 51 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്.

കോപ്പ ഡെ റേയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമാണ് ഇനി ബാഴ്‌സയ്ക്ക് മുമ്പിലുള്ളത്. ഫെബ്രുവരി നാലിന് നടക്കുന്ന മത്സരത്തില്‍ അല്‍ബാസെറ്റാണ് എതിരാളികള്‍. റൗണ്ട് ഓഫ് സിക്‌സിറ്റീനില്‍ റയല്‍ മാഡ്രിനെ പരാജയപ്പെടുത്തി പുറത്താക്കിയ ടീമാണ് അല്‍ബാസെറ്റ്.

 

Content highlight: Barcelona is the first team in Europe’s top 5 leagues to have six players score 10+ goals in all competitions this season.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.