ലാ ലിഗയില്‍ വിജയം തുടര്‍ന്ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ എഫ്.സി ബാഴ്‌സലോണ. സ്വന്തം തട്ടകമായ ക്യാമ്പ് നൗവില്‍ റയോ വല്ലെകാനോയെയാണ് കറ്റാലന്‍മാര്‍ തകര്‍ത്തുവിട്ടത്. രണ്ടിനെതിരെ അഞ്ച് ഗോളിനായിരുന്നു ഹോം ടീമിന്റെ വിജയം.
ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരാനും ബാഴ്‌സയ്ക്ക് സാധിച്ചു. മൂന്ന് മത്സരത്തില്‍ മൂന്നിലും ജയിച്ചാണ് ബ്ലൂഗ്രാന ഒന്നാമത് തുടരുന്നത്. മൂന്ന് മത്സരത്തില്‍ നിന്നായി 12 ഗോളുകളാണ് ബാഴ്‌സ എതിരാളികളുടെ വലയിലെത്തിച്ചത് എന്നതും ശ്രദ്ധേയമാണ്.
VICTORY 🔥 pic.twitter.com/1SlehxJiuU
— FC Barcelona (@FCBarcelona) August 31, 2026
മത്സരത്തില്‍ 4-2-3-1 എന്ന രീതിയിലാണ് പരിശീലകന്‍ ഹാന്‍സി ഫ്‌ളിക് തന്റെ കുട്ടികളെ കളത്തിലിറക്കിയത്. മറുവശത്ത് ബെന്നറ്റ് സാന്‍ ഹോസെ 4-3-3 എന്ന ക്ലാസിക് ഫോര്‍മേഷനും അവലംബിച്ചു.
ആദ്യ വിസില്‍ മുഴങ്ങി 12ാം മിനിട്ടില്‍ സന്ദര്‍ശകരാണ് ആദ്യ ഗോള്‍ നേടിയത്. സെര്‍ജിയോ കാമെലോയാണ് ഗോള്‍ വേട്ടക്കാരന്‍. അല്‍വരോ ഗാര്‍ഷിയയാണ് ഗോളിന് വഴിയൊരുക്കിയത്.
എന്നാല്‍ ഗോള്‍ വഴങ്ങി ഏഴാം മിനിട്ടില്‍ ബാഴ്‌സ തിരിച്ചടിച്ചു. സാവി എസ്പാര്‍ട്ടിന്റെ അസിസ്റ്റില്‍ റഫീന്യ ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി.
നാല് മിനിട്ടിനിപ്പുറം ലാമിന്‍ യമാലിലൂടെ ബാഴ്‌സ ലീഡും സ്വന്തമാക്കി. മാര്‍ക് ബെര്‍ണാലിന്റെ അസിസ്റ്റിലാണ് താരം ടീമിനെ മുമ്പിലെത്തിച്ചത്. ബാഴ്‌സലോണയ്ക്കായി യമാലിന്റെ 50ാം ഗോള്‍ കൂടിയായിരുന്നു ഇത്.
Lamine Yamal becomes the youngest player in the history of Europe’s top five leagues to reach 5️⃣0️⃣ goals, surpassing Haaland and Mbappé. pic.twitter.com/NfRLVsOwR5
— FC Barcelona (@FCBarcelona) August 31, 2026
ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ ഹോം ടീം വീണ്ടും എതിരാളികളുടെ വലയില്‍ പന്തെത്തിച്ചെങ്കിലും വാറില്‍ ആ ഗോള്‍ നിഷേധിക്കപ്പെട്ടു. ഒടുവില്‍ ഒരു ഗോളിന്റെ ലീഡുമായി ബാഴ്‌സ ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയുടെ ആറാം മിനിട്ടില്‍ ബാഴ്‌സയുടെ പേരില്‍ മൂന്നാം ഗോളും കുറിക്കപ്പെട്ടു. എന്നാല്‍ ഇത്തവണ സെല്‍ഫ് ഗോളിലൂടെയാണ് ബാഴ്‌സ ലീഡ് ഇരട്ടിയാക്കിയത്.
57, 58 മിനിട്ടുകളില്‍ വല്ലെകാനോ പരിശീലകന്‍ നിര്‍ണായക സബ്സ്റ്റിറ്റിയൂഷനുകള്‍ നടത്തി. 59ാം മിനിട്ടില്‍ മത്സരത്തിലെ തന്റെ രണ്ടാം ഗോളുമായി സെര്‍ജിയോ കാമെലോ തിളങ്ങുകയും ചെയ്തു. ഇതോടെ ക്യാമ്പ് നൗവില്‍ ബ്രേസ് നേടുന്ന വിസിറ്റിങ് താരങ്ങളുടെ എലീറ്റ് ലിസ്റ്റിലും കാമെലോ ഇടം പിടിച്ചു.
64ാം മിനിട്ടിലാണ് ഫ്‌ളിക് കാര്യമായ മാറ്റങ്ങള്‍ കെണ്ടുവന്നത്. ഡാനി ഓല്‍മോയെ പിന്‍വലിച്ച് ഫെര്‍മിന്‍ ലോപസിനെ കളത്തിലിറക്കിയ പരിശീലകന്‍ മാര്‍ക് ബെര്‍ണാലിന് പകരം റോഡ്രിയെ കൊണ്ടുവന്ന് ബാഴ്‌സയെ കൂടുതല്‍ ശക്തരാക്കി.
71ാം മിനിട്ടില്‍ ആന്തണി ഗോര്‍ഡന്റെ അസിസ്റ്റില്‍ റഫീന്യയും തന്റെ ബ്രേസ് പൂര്‍ത്തിയാക്കി.
5 goals in 3 matches 🤯 pic.twitter.com/SvPq4zmm1c
— FC Barcelona (@FCBarcelona) August 31, 2026
നിശ്ചിത സമയത്തിന്റെ അവസാന നിമിഷം യമാലും മത്സരത്തിലെ രണ്ടാം ഗോളടിച്ച് ബാഴ്‌സയ്ക്ക് മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ മത്സരം സമ്മാനിച്ചു.
വിജയത്തോടെ കറ്റാലന്‍മാര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ വല്ലെകാനോ 18ാം സ്ഥാനത്തേക്ക് വീണു.
സെപ്റ്റംബര്‍ ആറിനാണ് ബാഴ്‌സ അടുത്ത മത്സരത്തിനിറങ്ങുന്നത്. വലന്‍സിയയാണ് എതിരാളികള്‍.
Content Highlight: Barcelona defeats Rayo Vallecano
