'നീ ഒറ്റ ഒരുത്തന്‍ കാരണമാണ് തോറ്റത്, ഇങ്ങനെയാണോ കളിക്കുന്നത്'; ബയേണെതിരെയുള്ള തോല്‍വിക്ക് ശേഷം സൂപ്പര്‍താരത്തിനെതിരെ ആഞ്ഞടിച്ച് ബാഴ്‌സ ഫാന്‍സ്
Football
'നീ ഒറ്റ ഒരുത്തന്‍ കാരണമാണ് തോറ്റത്, ഇങ്ങനെയാണോ കളിക്കുന്നത്'; ബയേണെതിരെയുള്ള തോല്‍വിക്ക് ശേഷം സൂപ്പര്‍താരത്തിനെതിരെ ആഞ്ഞടിച്ച് ബാഴ്‌സ ഫാന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th September 2022, 8:26 am

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ ബുണ്ടസ് ലീഗ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിനെതിരെ ബാഴ്‌സലോണക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു ബാഴ്‌സ തോറ്റത്.

ബയേണിനായി 50ാം മിനിട്ടില്‍ ഹെര്‍ണാണ്ടസും 54ാം മിനിട്ടില്‍ സാനെയുമാണ് ഗോള്‍ നേടിയത്. ഗോള്‍ അടിക്കാനായില്ലെങ്കിലും സമീപ കാലത്ത് ബയേണെതിരെയുള്ള ബാഴ്‌സയുടെ ഭേദപ്പെട്ട പ്രകടനമായിരുന്നു ഇന്നലത്തെ മത്സരത്തിലേത്.

സാവിയുടെ കീഴില്‍ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു വരികയായിരുന്നു ബാഴ്‌സ. എന്നാല്‍ ബയേണെ കണ്ടപ്പോള്‍ ടീമിന് വീണ്ടും കാലിടറുന്ന കാഴ്ചയാണ് കണ്ടത്. ബയേണെതിരെ ബാഴ്‌സ തോല്‍ക്കുന്നത് ഇപ്പോള്‍ ഒരു പതിവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബാഴ്‌സ ആരാധകര്‍ ഈ തോല്‍വി ഒരിക്കലും നല്ല രീതിയിലല്ല വരവേറ്റിരിക്കുന്നത്. ഈ സീസണിലെ ബാക്കി പ്രകടനങ്ങളെല്ലാം മറന്നുകൊണ്ട് ടീമിനേയും താരങ്ങളേയും ട്വിറ്ററില്‍ ‘പൊങ്കാല’ ഇടുന്ന തിരക്കിലാണ് ആരാധകര്‍.

തോല്‍വിയില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്നത് ടീമിന്റെ പ്രധാന സ്‌ട്രൈക്കറും മുന്‍ ബയേണ്‍ താരവുമായ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ്. ലെവ കളിയെ കൊന്നെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

മത്സരത്തില്‍ ബയേണ്‍ ഡിഫന്‍ഡര്‍മാര്‍ അദ്ദേഹത്തെ കൃത്യമായി മാര്‍ക്ക് ചെയ്തായിരുന്നു മുന്നേറിയത്. ഏഴ് തവണ അദ്ദേഹം ഗോള്‍ വല ലക്ഷ്യമാക്കി ഷോട്ടുകള്‍ തൊടുത്തുവെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തിലെത്തിയില്ല.

ഈ സീസണിലാണ് ലെവ ബയേണില്‍ നിന്നും ബാഴ്‌സയിലെത്തുന്നത്. ലാ ലീഗയില്‍ ഇതുവരെ അഞ്ച് മത്സരങ്ങളില്‍ നിന്നും ആറ് ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് ആദ്യ മത്സരത്തില്‍ ലെവ ഹാട്രിക്ക് നേടിയിരുന്നു.

Content Highlight: Barca Fans slams Robert Lewandowski after lose against Bayern Munich