ഈ വിഷങ്ങൾ പണത്തിനുവേണ്ടി എന്തുംപറയും, ആരെ വേണമെങ്കിലും വിൽക്കും: ബാല
Entertainment
ഈ വിഷങ്ങൾ പണത്തിനുവേണ്ടി എന്തുംപറയും, ആരെ വേണമെങ്കിലും വിൽക്കും: ബാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th August 2023, 3:32 pm

വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ യൂട്യൂബറുടെ വാദത്തെ എതിർക്കുകയാണ് നടൻ ബാല. വഴക്കിടാൻ പോകുന്നയാൾ ഒരിക്കലും കുടുംബമായി പോകില്ലെന്നും താൻ വളരെ മാന്യമായി സംസാരിക്കാൻ പോയതാണെന്നും അദ്ദേഹം പറഞ്ഞു. പണത്തിനുവേണ്ടി എന്തും ചെയ്യുന്ന വിഷങ്ങളെ മലയാളികൾ തിരിച്ചറിയണമെന്നും സംഭവദിവസം ഉണ്ടായ കാര്യങ്ങൾ സി.സി.ടി.വിയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ അവരുടെ വീട്ടിൽ പോയിരുന്നു. വഴക്കിടാൻ പോകുന്ന ആൾ ഒരിക്കലും വൈഫുമായി പോകില്ല. ഒരാളെ ഇടിക്കാൻ പോകുമ്പോൾ ആരെങ്കിലും കുടുംബമായിട്ട് പോകുമോ?

ഞാൻ അവിടെ ഒരു കാര്യം പറയാൻ ചെന്നതാണ്. അയാളോട് നല്ല രീതിയിൽ സംസാരിച്ച് കാര്യങ്ങൾ മനസിലാക്കി കൊടുക്കാൻ പോയതാണ്. അയാളുടെ പേര് അജു എന്നാണ്.

അജു എന്ന ആൾ സംഭവ സ്ഥലത്ത് ഇല്ലായിരുന്നു. അയാളാണ് ആദ്യം കേസ് കൊടുത്തതെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. അതാണ് അവർ ചെയ്ത മണ്ടത്തരം. രണ്ടാമതാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന അയാളുടെ സുഹൃത്ത് കേസ് കൊടുത്ത്.

അവിടെ സി.സി.ടി.വി ഉണ്ട്, അതിൽ അയാൾ (സുഹൃത്ത്) ചിരിച്ചുകൊണ്ടാണ് ഇറങ്ങി വരുന്നത്. എന്റെ ഭാര്യയോട് സംസാരിക്കുന്ന രംഗങ്ങളും സി.സി.ടി.വിയിൽ ഉണ്ടാകുമല്ലോ. ഞാനാ വീടൊക്കെ അടിച്ച് തകർത്തെങ്കിൽ അയാൾ ചിരിച്ചുകൊണ്ട് എന്റെ കൂടെ താഴേക്ക് ഇറങ്ങിവരുമോ?

അവിടെയുള്ള പിള്ളേരോട് ചോദിച്ചാൽ സംഭവങ്ങൾ പറഞ്ഞ് തരും. പിള്ളേർ ഒരിക്കലും നുണ പറയില്ല.

ഇങ്ങനെയുള്ള യൂട്യൂബ്കാർ കണ്ടന്റുകൾ വിറ്റ് ജീവിക്കുന്നവരാണ്. ഈ വിഷങ്ങൾ പണത്തിനായി എന്തും പറയും. ആരെ വേണമെങ്കിലും വിൽക്കും. ഇത് മലയാളികൾ മനസിലാക്കണം.

സ്ത്രീകളെ ദൈവത്തെപോലെയാണ് കാണേണ്ടത്. ഒരു യൂട്യൂബ് ചാനലിൽ എന്തൊക്കെ അസഭ്യങ്ങളാണ്‌ സ്ത്രീകളെപ്പറ്റി പറഞ്ഞത്. നമുക്കൊക്കെ അമ്മമാരൊക്കെയുള്ളതല്ലേ. എന്തിനാണ് മലയാളികൾ ഇതൊക്കെ സഹിക്കുന്നത്,’ ബാല പറഞ്ഞു.

താൻ അകത്തുകയറി തിരികെ എത്തുന്നതുവരെയുള്ള വീഡിയോ തന്റെ കയ്യിൽ ഉണ്ടെന്നും താൻ ദേഹോപദ്രവം ചെയ്തിട്ടില്ലെന്നും യൂട്യൂബർ പറയുന്ന വീഡിയോ ഉണ്ടെന്നും ബാല പറഞ്ഞു.

‘അവർ ഒരു വീഡിയോയുടെ ചെറിയ ക്ലിപ് മാത്രമാണിട്ടിരിക്കുന്നത്. ഞാൻ അകത്തുകയറി തിരികെ ഇറങ്ങിവരുന്നതുവരെയുള്ള ഫുൾ വീഡിയോ എന്റെ കയ്യിൽ ഉണ്ട്. ഞാൻ ദേഹോപദ്രവഭം ചെയ്തിട്ടില്ലെന്നും ഒന്നും നശിപ്പിച്ചിട്ടില്ലെന്നും പറയുന്ന വീഡിയോ ഉണ്ട്. ഞാൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിൽ സന്തോഷത്തോടെ അയാൾ എന്തിനാണ് എന്നെ വണ്ടിയിൽ കയറ്റി വിടാൻ വന്നത്? ഞാൻ തോക്ക് ചൂണ്ടിയിട്ടുണ്ടെങ്കിൽ ഇതൊന്നും നടക്കില്ല,’ ബാല പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന ആളാണ് ബാലക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

താന്‍ വീട്ടിലില്ലാത്ത സമയത്ത് ആളുകളോടൊപ്പം വന്ന് തന്റെ സുഹൃത്തിനോട് തന്നെ കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് യൂട്യൂബര്‍ ചില ഓണ്‌ലൈന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം ഇദ്ദേഹം പങ്കുവെച്ച വിഡിയോ ഡിലീറ്റ് ചെയ്യണമെന്ന അവശ്യമാണ് ബാല നടത്തിയത് എന്നാണ് ഇദ്ദേഹം പറയുന്നത്.

അതേസമയം താന്‍ ഇത്തരത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും യൂട്യൂബര്‍ ഇതൊക്കെ പറയുമെന്ന് അറിയാം ആയിരുനെന്നും അതുകൊണ്ട് അവിടെ സംഭവിച്ച കാര്യങ്ങള്‍ വിഡിയോ ആയി പകര്‍ത്തിയിട്ടുണ്ട് എന്ന വാദവുമായി ബാല പ്രതികരിച്ചിരുന്നു.

Content Highlights: Bala on controversy