ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ സജീവമായാല്‍ എനിക്ക് ഉള്ള പടം കൂടെ കുറയും: ബൈജു സന്തോഷ്
Entertainment
ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ സജീവമായാല്‍ എനിക്ക് ഉള്ള പടം കൂടെ കുറയും: ബൈജു സന്തോഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th June 2025, 2:59 pm

 

മലയാളികള്‍ക്കിടയില്‍ ഒരുപാട് സ്വീകാര്യനായ നടനാണ് ബൈജു സന്തോഷ്. 1981ല്‍ മണിയന്‍പിള്ള അഥവാ മണിയാപിള്ള എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ബൈജു തന്റെ സിനിമാകരിയര്‍ ആരംഭിച്ചത്. സരസമായ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയുമാണ് ബൈജു എന്ന നടന്റെ ഏറ്റവും വലിയ പോസിറ്റീവ്.

നവാഗതനായ എസ്.വിപിന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാധികള്‍. ചിത്രത്തില്‍ ബൈജു സന്തോഷ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇദ്ദേഹത്തിന് പുറമെ അനശ്വര രാജന്‍, സിജു സണ്ണി, നോബി മാര്‍ക്കോസ്, അരുണ്‍ കുമാര്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സിനിമയില്‍ ഇന്‍ഫ്‌ലൂവെന്‍സറായ സുബിന്‍ താര്‍സണും ഒരു വേഷം ചെയ്യുന്നുണ്ട്.

സോഷ്യല്‍ മീഡിയയൊക്കെ സജീവമായിരിക്കുന്ന, ഈ കാലഘട്ടത്തിലാണ് ഉള്ളതെങ്കില്‍ സാമൂഹമാധ്യമങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള കണ്ടന്റുകള്‍ ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ബൈജു സന്തോഷ്.

തങ്ങളും ഇപ്പോഴുള്ള കുട്ടികളൊക്കെ ചെയ്യുന്നതുപോലെ വീഡിയോകളും മറ്റും ചെയ്യുമെന്നും താന്‍ ഇവരൊക്കെ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ചെയ്യുമെന്നും ബൈജു സന്തോഷ് തമാശ രൂപേണ പറയുന്നു. താന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരുപാട് സജീവമായി കഴിഞ്ഞാല്‍ ഇപ്പോള്‍ ഉള്ള സിനിമ പോലും ലഭിക്കില്ലെന്നും തനിക്ക് ഒരോ സമയത്തും ഒരോ സ്വഭാവമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് താന്‍ ഇന്‍സ്റ്റഗ്രാമില്‍ അത്ര സജീവമല്ലെന്നും ബൈജു സന്തോഷ് കൂട്ടിച്ചേര്‍ത്തു. വ്യസനസമേതം ബന്ധുമിത്രാധികള്‍ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളും ഇതുപോലെയൊക്കെ ചെയ്യും. ഞാന്‍ ഇതിനെക്കാള്‍ കൂടുതല്‍ ചെയ്യും. പക്ഷേ ഞാന്‍ കൂടുതല്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമായാല്‍ എന്റെ ഉള്ള പടം കൂടെ കുറയും. അതുകൊണ്ട് ഞാന്‍ ഇനി സജീവമാകുന്നില്ല. കാരണം എനിക്ക് ഒരോ സമയത്തും ഒരോ സ്വഭാവം ആയിരിക്കും. ചിലപ്പോള്‍ ദേഷ്യം വന്നാല്‍ ഞാന്‍ വേറെ എന്തെങ്കിലും എടുത്തിടും. അപ്പോള്‍ അതൊക്കെ കുഴപ്പം ചെയ്യും. ഞാന്‍ അത്ര സജീവമല്ല അതില്‍,’ ബൈജു സന്തോഷ് പറയുന്നു.

Content Highlight: Baiju Santosh says that if I become more active on Instagram, the number of films I get will decrease.