ബേസിലിന് ആരെയും പേടിയില്ല; പൃഥ്വിരാജ് എന്നെ പേടിക്കാതിരിക്കാന്‍ കാരണമുണ്ട്: ബൈജു സന്തോഷ്
Entertainment
ബേസിലിന് ആരെയും പേടിയില്ല; പൃഥ്വിരാജ് എന്നെ പേടിക്കാതിരിക്കാന്‍ കാരണമുണ്ട്: ബൈജു സന്തോഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th June 2025, 2:40 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ബൈജു സന്തോഷ്. മികച്ച വേഷങ്ങളിലൂടെയും അഭിനയത്തിലൂടെയുമാണ് അദ്ദേഹം മലയാളികള്‍ക്കിടയില്‍ ഒരുപാട് സ്വീകാര്യനായത്. 1981ല്‍ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ബൈജു തന്റെ സിനിമാകരിയര്‍ ആരംഭിച്ചത്.

സരസമായ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയുമാണ് ബൈജു എന്ന നടന്റെ ഏറ്റവും വലിയ പോസിറ്റീവ്. അഭിമുഖങ്ങളിലെ തഗ്ഗടി കൊണ്ടും അദ്ദേഹം മലയാളികള്‍ക്ക് പ്രിയപ്പെട്ടവനാണ്. തന്നോട് സംസാരിക്കാന്‍ ആളുകള്‍ പേടിക്കുന്നതിനെ കുറിച്ച് പറയുകയാണ് ബൈജു സന്തോഷ്.

തന്റെ ഏറ്റവും പുതിയ വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന ചിത്രത്തിന്റെ ഭാഗമായി യെസ് 27ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. സംവിധായകന്‍ വിപിന്‍ ദാസ് തിരുവനന്തപുരത്തുകാരനായത് കാരണം അദ്ദേഹത്തിന് തന്നെ പേടിയില്ലെന്നാണ് ബൈജു പറയുന്നത്.

ബേസില്‍ ജോസഫിനും പൃഥ്വിരാജ് സുകുമാരനും തന്നോട് സംസാരിക്കാന്‍ പേടിയില്ലെന്ന് പറഞ്ഞ നടന്‍ ബേസിലിന് ആരെയും പേടിയില്ലെന്നും പറയുന്നു. പൃഥ്വിരാജിനും തനിക്കും ഒരേ സ്വഭാവമാണെന്നും അദ്ദേഹം ക്യാമറയ്ക്ക് പിന്നില്‍ നന്നായി തഗ്ഗ് പറയുന്നുമെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

‘വിപിന്‍ ദാസിന് എന്നെ പേടിയില്ല. അവന്‍ തിരുവനന്തപുരത്തുള്ള ആളാണല്ലോ. അവിടെയുള്ള ആളുകള്‍ക്കൊക്കെ എന്നെ നന്നായി അറിയാം. അതുകൊണ്ട് അവര്‍ക്കൊന്നും എന്നെ പേടിക്കേണ്ട ആവശ്യമില്ല. ബേസില്‍ ജോസഫിന് എന്നെ പേടിയില്ല. അവന് പിന്നെ ആരെയും പേടിയില്ല.

അതുപോലെ പൃഥ്വിരാജിനും എന്നോട് സംസാരിക്കാന്‍ പേടിയില്ല. ഞാനും അവനും ഒരേ സ്വഭാവമായത് കൊണ്ടാകാം അത്. പൃഥ്വി സത്യത്തില്‍ നന്നായി തഗ്ഗ് പറയും. അവന്‍ ക്യാമറയുടെ മുന്നില്‍ പറയില്ലെന്നേയുള്ളൂ. ക്യാമറയുടെ പിന്നില്‍ നന്നായി തഗ്ഗടിക്കുന്ന ആളാണ് പൃഥ്വി.

ആളുകള്‍ ഓരോന്നും പറയുന്നതാണ്. ഞാന്‍ ബേസിക്കലി ഒരു പാവമാണ് (ചിരി). ഞാന്‍ പാവമാണെന്ന് പറഞ്ഞിട്ട് എനിക്ക് ബോര്‍ഡും പിടിച്ച് നടക്കാന്‍ സാധിക്കില്ലല്ലോ,’ ബൈജു സന്തോഷ് പറയുന്നു.


Content Highlight: Baiju Santhosh Talks About Prithviraj Sukumaran And Basil Joseph