കേരള ക്രൈം ഫയല്‍സ് 2; അന്ന് എന്റെ ഈ പ്രശ്‌നം അഹമ്മദ് കബീറിന് അറിയില്ലായിരുന്നു: ബാഹുല്‍ രമേശ്
Entertainment
കേരള ക്രൈം ഫയല്‍സ് 2; അന്ന് എന്റെ ഈ പ്രശ്‌നം അഹമ്മദ് കബീറിന് അറിയില്ലായിരുന്നു: ബാഹുല്‍ രമേശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th June 2025, 5:17 pm

ആഷിക് ഐമര്‍ രചന നിര്‍വഹിച്ച് അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത സീരീസായിരുന്നു കേരള ക്രൈം ഫയല്‍സ്. മലയാളത്തില്‍ എത്തിയ ആദ്യ ക്രൈം വെബ് സീരീസ് ആയിരുന്നു ഇത്. 2023 ജൂണ്‍ 23ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത സീരീസില്‍ അജു വര്‍ഗീസ്, ലാല്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

ഈ സീരീസിന്റെ രണ്ടാം ഭാഗമാണ് കേരള ക്രൈം ഫയല്‍സ് – ദ സെര്‍ച്ച് ഫോര്‍ സി.പി.ഒ അമ്പിളി രാജു. അര്‍ജുന്‍ രാധാകൃഷ്ണന്‍ നായകനായി എത്തിയ ഈ സീസണിന്റെ രചന നിര്‍വഹിച്ചത് ബാഹുല്‍ രമേശ് ആയിരുന്നു. കിഷ്‌കിന്ധാ കാണ്ഡം സിനിമക്ക് ശേഷം ബാഹുലിന്റെ രചനയില്‍ എത്തിയ സീരീസായിരുന്നു ഇത്.

പത്ത് ദിവസത്തിനുള്ളില്‍ ആയിരുന്നു ബാഹുല്‍ കേരള ക്രൈം ഫയല്‍സ് 2വിന് കഥ എഴുതിയത്. ഇപ്പോള്‍ ചുരുങ്ങിയ സമയം കൊണ്ട് ഈ കഥ എഴുതാന്‍ ഉണ്ടായ കാരണം പറയുകയാണ് ബാഹുല്‍ രമേശ്. സില്ലിമോങ്ക്‌സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഷ്‌കിന്ധാ കാണ്ഡം സിനിമയുടെ ഷൂട്ട് കഴിഞ്ഞ് പാക്കപ്പ് ചെയ്യുന്ന ദിവസമാണ് അഹമ്മദിക്ക (അഹമ്മദ് കബീര്‍) എന്നെ വിളിക്കുന്നത്. ‘ഹോട്ട്സ്റ്റാറില്‍ നിന്നും കെ.സി.എഫ് 2 ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. നമുക്ക് ഒരുമിച്ച് ചെയ്താലോ? നിനക്ക് താത്പര്യമുണ്ടോ?’ എന്നാണ് അദ്ദേഹം ചോദിച്ചത്.

നിങ്ങള്‍ എന്ത് പരിപാടി അവതരിപ്പിച്ചാലും ഞാന്‍ ഉണ്ടെന്നായിരുന്നു എന്റെ മറുപടി. 2023 സെപ്റ്റംബറിലാണ് ഞങ്ങള്‍ പരസ്പരം കാണുന്നത്. കൃത്യം ഒരു മാസം കഴിയുന്ന ദിവസം ഹോട്ട്സ്റ്റാറിനോട് പുതിയ സീസണിന്റെ ഐഡിയ പറയണമായിരുന്നു.

ഐഡിയ പറഞ്ഞാല്‍ മാത്രം മതിയായിരുന്നു. സ്‌ക്രിപ്റ്റ് ഡെവലെപ്പ് ചെയ്യാന്‍ അവര്‍ പിന്നീട് നമുക്ക് മൂന്നോ നാലോ മാസത്തോളം സമയം തരുമായിരുന്നു. അതിന് സമയം ഇഷ്ടം പോലെയുണ്ടായിരുന്നു. ‘ഒരു മാസത്തിനുള്ളില്‍ എന്തെങ്കിലും ഐഡിയ മാത്രം നീ കണ്ടെത്തിയാല്‍ മതി’യെന്നാണ് അഹമ്മദിക്ക എന്നോട് പറഞ്ഞത്.

പക്ഷെ എന്റെ കഴിവുകേടും പരിമിതിയും അതായിരുന്നു. എനിക്ക് ഐഡിയ ഉണ്ടാക്കാന്‍ അറിയില്ലായിരുന്നു. ആലോചിച്ച് കഥ ഉണ്ടാക്കാന്‍ എനിക്ക് ആവില്ല. ഓരോ സീനായി എഴുതി നോക്കുക തന്നെ വേണം. ആലോചനയില്ലാതെ ടൈപ്പ് ചെയ്ത് പോകണമായിരുന്നു.

ഇടക്ക് പുതിയത് എന്തെങ്കിലും തോന്നിയാല്‍ ചിലപ്പോള്‍ തലേന്ന് എഴുതിയത് വേണ്ടെന്ന് വെയ്ക്കും. അങ്ങനെ ഓര്‍ഡറില്‍ എഴുതി പോകുമ്പോഴാണ് എനിക്ക് അത് തീരുമോ ഇല്ലയോ എന്നും കഥ എന്താണെന്നും മനസിലാകുകയുള്ളൂ.

എഴുതി നോക്കിയാല്‍ മാത്രമേ അതില്‍ ഐഡിയ ഉണ്ടോയെന്ന് മനസിലാകുള്ളൂ. അഹമ്മദിക്ക എനിക്ക് പ്രഷര്‍ തരാതിരിക്കാന്‍ വേണ്ടിയാണ് ‘നീ ടെന്‍ഷന്‍ ആവേണ്ട. ഒരു മാസത്തിനുള്ളില്‍ ഐഡിയ മാത്രം കൊടുത്താല്‍ മതി. ഇഷ്ടം പോലെ സമയമുണ്ട്’ എന്ന് പറഞ്ഞത്.

പക്ഷെ അഹമ്മദിക്കക്ക് എന്റെ ഈ പ്രശ്‌നം അറിയില്ലായിരുന്നു (ചിരി). ‘ഞാനൊന്ന് ട്രൈ ചെയ്ത് നോക്കട്ടേ’യെന്നും പറഞ്ഞ് ഞാന്‍ അവിടുന്ന് മുങ്ങി വീട്ടിലേക്ക് പോയി. അന്ന് എന്റെ പ്രശ്‌നം അവര് കൊടുത്ത ആ ഒരു മാസത്തെ സമയമായിരുന്നു.

ഞാന്‍ എഴുതി കഴിഞ്ഞാലും ഇല്ലെങ്കിലും ആ ഒരു മാസം കഴിഞ്ഞാല്‍ അദ്ദേഹത്തിന് ഹോട്ട്സ്റ്റാറിനോട് കഥ പറയാന്‍ പോകണം. അഹമ്മദിക്കയുടെ സമയം ഞാന്‍ കാരണം വേസ്റ്റാകരുത് എന്നായിരുന്നു എന്റെ ചിന്ത. 30 ദിവസത്തെ സമയമുണ്ടെന്ന് പറഞ്ഞ് 29 ദിവസം ഞാന്‍ ആ കഥ എഴുതാന്‍ ഇരുന്നുവെന്ന് കരുതുക.

ആ കഥ അദ്ദേഹത്തിന് ഇഷ്ടമായില്ലെങ്കില്‍ പെട്ടുപോകും. അടുത്ത ദിവസം ഹോട്ട്സ്റ്റാറിനോട് പറയാന്‍ കഥ ഉണ്ടാകില്ല. പുതിയ ആളെ കഥ എഴുതാന്‍ ഏല്‍പ്പിക്കാനും സാധിക്കില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് എഴുതുക എന്നതായിരുന്നു എന്റെ മനസില്‍ ഉണ്ടായിരുന്നത്.

അദ്ദേഹത്തിന് അത് വര്‍ക്കായില്ലെങ്കില്‍ വേറെ ആളെ സമീപിക്കാന്‍ സമയം ഉണ്ടാകുമല്ലോ. ഞാന്‍ കാരണം അദ്ദേഹത്തിന് പണി കിട്ടരുത് എന്ന ചിന്തയിലാണ് ഞാന്‍ പെട്ടെന്ന് കഥ എഴുതി തീര്‍ത്തത്. ഒമ്പതര ദിവസം കൊണ്ട് എഴുതി,’ ബാഹുല്‍ രമേശ് പറയുന്നു.


Content Highlight: Bahul Ramesh Talks About Kerala Crime Files 2 Series And Ahammed Khabeer