കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തി മികച്ച സിനിമകളില്‍ ഒന്നായിരുന്നു കിഷ്‌കിന്ധാ കാണ്ഡം. പഴുതടച്ച തിരക്കഥയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. കക്ഷി അമ്മിണിപിള്ള, മന്ദാരം, ഇന്നലെ വരെ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ബാഹുല്‍ രമേശാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചതും ബാഹുലാണ്. കേരള ക്രൈം ഫയല്‍സ് 2വിനും തിരക്കഥയൊരുക്കിയത് ബാഹുല്‍ തന്നെയാണ്.
ഇപ്പോള്‍ ഇന്റെര്‍സ്റ്റെല്ലാര്‍ എന്ന ചിത്രത്തിലെ ക്വാണ്ടിഫയബില്‍ കണക്ഷന്‍ (quantifiable connection) എന്ന ട്രാക്കിനെ കുറിച്ച് സംസാരിക്കുകയാണ് ബാഹുല്‍ രമേശ്. കിഷ്‌കിന്ധാ കാണ്ഡം എഴുതുന്ന സമയത്തും കേരള ക്രൈം ഫയല്‍സിന്റെ ക്ലൈമാക്സും എഴുതുമ്പോള്‍ താന്‍ കേട്ടുകൊണ്ടിരുന്നത് ഈ ട്രാക്കാണെന്ന് ബാഹുല്‍ പറയുന്നു.
‘ലോക സിനിമകള്‍ അങ്ങനെ ഒരുപാട് കാണുന്ന കൂട്ടത്തിലല്ല ഞാന്‍. ഇപ്പോഴും എനിക്ക് അവയെ കുറിച്ച് വളരെ പരിമിതമായ അറിവ് മാത്രമാണുള്ളത്. ഇന്റര്‍സ്റ്റെല്ലാര്‍ ആദ്യം കണ്ടപ്പോള്‍ എനിക്ക് ഭയങ്കര ഫീലായി. ഞാന്‍ ഏട്ടനെ വിളിച്ചിട്ട് ‘ഞാന്‍ ഇപ്പോള്‍ ഇന്റര്‍സ്റ്റെല്ലാര്‍ കണ്ടിറങ്ങിയതേയുള്ളു, ഒരുതരി പോലും മനസിലായില്ല. പക്ഷെ ഭയങ്കര ഫീല്‍ ആയി’ എന്ന് പറഞ്ഞു.
ഭയങ്കര രസമുള്ള, ഒരു അനലോഗ് ടെക്‌സ്ചര്‍ ഉള്ള ട്രാക്കുകളാണ് അതിലുള്ളത്. അത് എപ്പോള്‍ കേട്ടാലും ഭയങ്കരമായി ഒരു ആശ്വാസം എനിക്ക് തോന്നും. ആ ട്രാക്ക് ഏത് സീനില്‍ കൊണ്ടിട്ടാലും വര്‍ക്കാകും എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഭയങ്കര സങ്കടമുള്ള ഒരു സ്ഥലത്ത് കൊണ്ടിട്ടാല്‍ നമുക്ക് സങ്കടമാകും. അതല്ല നല്ല അഫക്ഷന്‍ ഉള്ളൊരു സ്ഥലത്ത് കൊണ്ടിട്ടാല്‍ നല്ല ക്യൂട്ട് ആയിരിക്കും.
കിഷ്‌കിന്ധാ കാണ്ഡം എഴുതിക്കൊണ്ടിരുന്നപ്പോഴും ആ ട്രാക്കായിരുന്നു കേട്ടുകൊണ്ടിരുന്നത്, കേരള ക്രൈം ഫയല്‍സിന്റെ ക്ലൈമാക്‌സിലേക്ക് എത്തുമ്പോഴും ഇതുതന്നെയാണ് കേട്ടുകൊണ്ടിരുന്നത്.
കിഷ്‌കിന്ധാ കാണ്ഡത്തിലെ പറമ്പില്‍ വെച്ചുള്ള ആസിഫിക്കയുടെയും വിജയരാഘവന്‍ ചേട്ടന്റെയും മേജര്‍ സീന്‍ എടുക്കുന്നതിന്റെ തലേ ദിവസം ഞാന്‍ ആസിഫിക്കക്ക് ‘ക്വാണ്ടിഫയബില്‍ കണക്ഷന്‍’ എന്ന ഇന്റര്‍സ്റ്റെല്ലാറിലെ ആ ട്രാക്ക് അയച്ച് കൊടുത്തു. അങ്ങനെയാണ് ആ മൂഡ് ക്രിയേറ്റ് ചെയ്തത്; ബാഹുല്‍ രമേശ് പറയുന്നു.