ആദ്യ ട്രാന്‍സ്‌മെന്‍ പിതാവായി സഹദ്: സിയ-സഹദ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു
Kerala News
ആദ്യ ട്രാന്‍സ്‌മെന്‍ പിതാവായി സഹദ്: സിയ-സഹദ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th February 2023, 12:37 pm

കോഴിക്കോട്: കാത്തിരിപ്പിന് വിരാമമിട്ട് ട്രാന്‍സ് ദമ്പതികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു. ഏറെ ശ്രദ്ധ നേടിയ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌മെന്‍ ഡിലവറി കൂടിയാണിത്. കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശികളാണ് ദമ്പതികള്‍. സഹദും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ദമ്പതികളുടെ സുഹൃത്തായ ആദം ഫേസ്ബുക്കിലൂടെ അറിയിച്ചു.

‘കുഞ്ഞ് വാവ വന്നൂ . സഹദും കുഞ്ഞും ഹെല്‍ത്തി ആണ് സിയ എക്‌സൈറ്റഡ് ആയി പുറത്ത് കാത്തിരിക്കുന്നുണ്ട്.. ഞാന്‍ ജീവിതത്തില്‍ ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷമില്ല..കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോട് ; അത് കുഞ്ഞ് വലുതാകുമ്പോള്‍ പറയും,’ ആദം ഫേസ്ബുക്കില്‍ കുറിച്ചു.

സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ സഹദിന്റെ ഗര്‍ഭധാരണം വലിയ ജനശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി കടന്നുവരുന്നതിന്റെ സന്തോഷം നര്‍ത്തകിയും അഭിനേത്രിയുമായ സിയ പവല്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. മറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം നടത്തിയ പരിശോധനകളില്‍ സഹദിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല എന്ന് കണ്ടെത്തിയതോടെയാണ് സഹദ് ഗര്‍ഭം ധരിക്കാമെന്ന ആശയത്തിലേക്ക് ഇരുവരും എത്തിച്ചേര്‍ന്നത്.

 

Content Highlight: Baby born to Ziya and sahad, Sahad became the first trans men father