കോഴിക്കോട്: മലയാള സിനിമയിലെ താര സംഘടനയായ AMMAയില്‍ നിന്ന് പിന്മാറുന്നുവെന്ന് ബാബുരാജ്. വിഴുപ്പലക്കാന്‍ താത്പര്യമില്ലെന്നും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി പിന്മാറുന്നുവെന്നും നടന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എട്ട് വര്‍ഷക്കാലം അമ്മ സംഘടനയില്‍ പ്രവര്‍ത്തിച്ച തനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചതെന്നും അംഗങ്ങളില്‍ നിന്ന് ലഭിച്ച ചാനല്‍ ഉപദേശങ്ങള്‍ തന്റെ ഹൃദയത്തില്‍ മരണം വരെ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍ രാജിവെച്ചപ്പോള്‍ തന്നെ താനും പിന്മാറാന്‍ ആഗ്രഹിച്ചുവെന്നും എന്നാല്‍ അന്ന് എല്ലാവരും ചേര്‍ന്ന് തന്നെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും ബാബുരാജ് പറഞ്ഞു. തനിക്കെതിരെ വരുന്ന ആരോപണങ്ങളെ പ്രതിരോധിച്ച് സംഘടനാപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് പ്രയാസകരമാണെന്നും തനിക്കിത് താങ്ങാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കുറിച്ചു.
AMMAയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കായിരുന്നു നിലവിലെ ജനറല്‍ സെക്രട്ടറി കൂടിയായ ബാബുരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പീഡനാരോപണം നിലനില്‍ക്കുന്നയാള്‍ മത്സരിക്കുന്നതിനെ അംഗങ്ങള്‍ അടക്കം ശക്തമായി എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്ന് ഇന്ന് (വ്യാഴം) രാവിലെ മത്സരത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ബാബുരാജ് അറിയിച്ചിരുന്നു.
ബഹുമാനപ്പെട്ടവരെ,
വിഴുപ്പലക്കാന്‍ താത്പര്യമില്ലാത്തതിനാല്‍, അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഞാന്‍ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാല്‍ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല. കഴിഞ്ഞ എട്ട് വര്‍ഷക്കാലം അമ്മ സംഘടനയില്‍ പ്രവര്‍ത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്.
അംഗങ്ങളില്‍ നിന്ന് ലഭിച്ച ചാനല്‍ ഉപദേശങ്ങള്‍ എന്റെ ഹൃദയത്തില്‍ മരണം വരെ സൂക്ഷിക്കും. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ വീണ്ടും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. ലാലേട്ടന്‍ കമ്മിറ്റിയില്‍ ഇല്ല എന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാനും പിന്മാറാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അന്ന് എല്ലാവരും ചേര്‍ന്ന് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു.
ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് സംഘടനാപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് ഇപ്പോള്‍ എനിക്ക് പ്രയാസകരമാണ്. എന്നെ മത്സരത്തിലൂടെ തോല്‍പ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാല്‍, ഇത് എനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്.
എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നല്‍കിയ എല്ലാ അംഗങ്ങള്‍ക്കും ഈ അവസരത്തില്‍ ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അമ്മ സംഘടനയ്ക്ക് എല്ലാവിധ നല്ല ഭാവിയും നേരുന്നു. എല്ലാവര്‍ക്കും നല്ലത് സംഭവിക്കട്ടെ എന്ന് ഞാനാശംസിക്കുന്നു.
സ്‌നേഹത്തോടെ,
ബാബുരാജ് ജേക്കബ്.