ഇന്ന് എമ്പുരാന്‍ ഉണ്ടാക്കിയതുപോലുള്ള ഓളം അന്ന് എന്റെ ആ സിനിമ ഉണ്ടാക്കി, ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ആളുകള്‍ തിയേറ്ററിന്റെ ചില്ലൊക്കെ എറിഞ്ഞ് പൊട്ടിച്ചിട്ടുണ്ട്: ബാബു ആന്റണി
മലയാളസിനിമയിലെ എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ എന്ന വിശേഷണത്തിന് അര്‍ഹനാണ് ബാബു ആന്റണി. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ബാബു ആന്റണി ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ചിത്രത്തിലെ വില്ലന്‍ വേഷം കരിയറിലെ നാഴികക്കല്ലുകളിലൊന്നായി മാറി. ഈ സിനിമയുടെ നാല് റീമേക്കിലും വില്ലനായി എത്തിയത് ബാബു ആന്റണിയായിരുന്നു.
ബാബു ആന്റണി നായകനായെത്തിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ചന്ത. സുനില്‍ സംവിധാനം ചെയ്ത് 1995ല്‍ പുറത്തിറങ്ങിയ ചിത്രം അക്കാലത്തെ വന്‍ വിജയമായി മാറിയിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബാബു ആന്റണി. ഇന്ന് എമ്പുരാന്‍ സൃഷ്ടിച്ച ഓളം അക്കാലത്ത് ചന്ത എന്ന സിനിമ ഉണ്ടാക്കിയെന്ന് പറയുകയാണ് ബാബു ആന്റണി.
കേരളത്തിലെ പല തിയേറ്ററുകളിലും ചിത്രത്തിന് ടിക്കറ്റ് കിട്ടാന്‍ പലരും പാടുപെട്ടിരുന്നെന്ന് ബാബു ആന്റണി പറഞ്ഞു. പല സ്ഥലത്തും ടിക്കറ്റ് കിട്ടാത്തതിന്റെ പേരില്‍ ചിലര്‍ തിയേറ്ററുകളുടെ ചില്ല് എറിഞ്ഞ് പൊട്ടിച്ചിട്ടുണ്ടായിരുന്നെന്നും പത്രത്തില്‍ അതിനെപ്പറ്റി വാര്‍ത്തകള്‍ വന്നിരുന്നെന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു.
കലാഭവന്‍ മണിയും രമേശ് പിഷാരടിയുമൊക്കെ ആ സിനിമക്ക് ടിക്കറ്റെടുക്കാന്‍ തിയേറ്ററിന്റെ മതിലെല്ലാം ചാടിക്കടന്നിരുന്നെന്ന് തന്നോട് പറഞ്ഞിട്ടുണ്ടായിരുന്നെന്നും ബാബു ആന്റണി പറയുന്നു. തന്റെ സിനിമകള്‍ കണ്ട് വളര്‍ന്നവരാണ് അവരെന്നും ആ അനുഭവങ്ങള്‍ തന്നോട് പറയുമ്പോള്‍ അഭിമാനം തോന്നുമായിരുന്നെന്നും ബാബു ആന്റണി പറഞ്ഞു. ഫില്‍മിഹുഡിനോട് സംസാരിക്കുകയായിരുന്നു ബാബു ആന്റണി.
‘ചന്ത അന്നത്തെ കാലത്തെ സെന്‍സേഷണല്‍ ഹിറ്റായിരുന്നു. ഇന്ന് എമ്പുരാന്‍ ഉണ്ടാക്കിയ ഓളം അന്ന് ചന്ത എന്ന സിനിമ ഉണ്ടാക്കിയിട്ടുണ്ട്. ചില സ്ഥലത്ത് ടിക്കറ്റ് കിട്ടാത്തതിന്റെ പേരില്‍ ആളുകള്‍ തിയേറ്ററിന് കല്ലെറിഞ്ഞിട്ടുണ്ട്. ഓരോ ഷോയ്ക്ക് വരുമ്പോഴും ടിക്കറ്റ് കിട്ടാത്ത അവസ്ഥയില്‍ ചെയ്തതാണ് അതൊക്കെ. അന്നത്തെ പത്രത്തിലൊക്കെ അതിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ വന്നിട്ടുണ്ടായിരുന്നു.
പൊലീസൊക്കെ അന്ന് തിയേറ്ററിലെ ക്രൗഡിനെ മാനേജ് ചെയ്യാന്‍ പാടുപെട്ടിട്ടുണ്ടായിരുന്നു. അത് മാത്രമല്ല, ആ സിനിമയുടെ ടിക്കറ്റ് കിട്ടാന്‍ വേണ്ടി രമേശ് പിഷാരടിയും കലാഭവന്‍ മണിയുമൊക്കെ തിയേറ്ററിന്റെ മതില്‍ ചാടിക്കടന്നിട്ടുണ്ടായിരുന്നു. അവര്‍ തന്നെയാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. നമ്മുടെ പടം കണ്ട് വളര്‍ന്നവര്‍ നമ്മുടെ കൂടെ അഭിനയിക്കുന്നത് വലിയ കാര്യമാണ്. ഒരു തിയേറ്ററില്‍ പടത്തിന്റെ പ്രിന്റ് അടിച്ചുമാറ്റിക്കൊണ്ട് പോയിട്ടുണ്ട്,’ ബാബു ആന്റണി പറഞ്ഞു.
Content Highlight: Babu Antony shares the memories of Chantha movie release