മലയാളസിനിമയിലെ എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ എന്ന വിശേഷണത്തിന് അര്‍ഹനാണ് ബാബു ആന്റണി. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ബാബു ആന്റണി ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ചിത്രത്തിലെ വില്ലന്‍ വേഷം കരിയറിലെ നാഴികക്കല്ലുകളിലൊന്നായി മാറി.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ബാബു ആന്റണി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. തമിഴില്‍ ബാബു ആന്റണി ചെയ്ത മികച്ച ചിത്രങ്ങളിലൊന്നായിരുന്നു കാക്ക മുട്ടൈ. ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രത്തില്‍ പിസാ ഷോപ്പ് ഓണറുടെ വേഷത്തിലാണ് ബാബു ആന്റണി പ്രത്യക്ഷപ്പെട്ടത്. കാക്ക മുട്ടൈയിലേക്ക് താന്‍ എത്തിപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് ബാബു ആന്റണി.
ആ സിനിമയിലേക്ക് തന്നെ വിളിച്ചപ്പോള്‍ എന്തുകൊണ്ടാണ് തന്നെ വിളിച്ചതെന്ന് കണ്‍ഫ്യൂഷനായെന്ന് ബാബു ആന്റണി പറഞ്ഞു. അക്കാര്യം അതിന്റെ സംവിധായകനായ മണികണ്ഠനോട് ചോദിച്ചെന്നും അയാളുടെ മറുപടി തനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടെന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു. പൂവിന് പുതിയ പൂന്തെന്നലിന്റെ തമിഴ് റീമേക്കിലും താനായിരുന്നു വില്ലനെന്നും ആ സിനിമയിലെ തന്റ കഥാപാത്രത്തെ മണികണ്ഠന്‍ രണ്ടാഴ്ച പനിപിടിച്ച് കിടന്നെന്ന് പറഞ്ഞെന്നും ബാബു ആന്റണി പറഞ്ഞു.
തന്നെ സ്‌നേഹിക്കുന്ന അത്തരം ആളുകളുടെ സിനിമയില്‍ അവസരം കിട്ടുന്നത് തനിക്ക് സന്തോഷം തരുന്ന ഒന്നാണെന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു. ബാംഗ്ലൂരില്‍ താമസിക്കുന്ന സമയത്താണ് മണിരത്‌നം അഞ്ജലി എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലേക്ക് തന്നെ വിളിച്ചതെന്നും ആ ബന്ധം പൊന്നിയിന്‍ സെല്‍വന്‍ വരെ എത്തിയെന്നും ബാബു ആന്റണി പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാസികയോട് സംസാരിക്കുകയായിരുന്നു ബാബു ആന്റണി.
‘തമിഴില്‍ കാക്ക മുട്ടൈ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചപ്പോള്‍ എന്തുകൊണ്ട് എന്നെ തെരഞ്ഞെടുത്തു എന്ന് ഞാന്‍ ചിന്തിച്ചു. അക്കാര്യം ആ സിനിമയുടെ സംവിധായകനായ മണികണ്ഠനോട് ചോദിക്കുകയും ചെയ്തു. അതിന് അയാള്‍ പറഞ്ഞ മറുപടി, ‘പൂവിഴി വാസലിലേ കണ്ട് രണ്ടാഴ്ച പനിപിടിച്ച് കിടന്നിട്ടുണ്ട്’ എന്നായിരുന്നു.
എന്റെ ആ കഥാപാത്രം അവനെ അന്ന് അത്രക്ക് പേടിപ്പിച്ചിട്ടുണ്ടായിരുന്നു. നമ്മളെ സ്‌നേഹിക്കുന്ന അത്തരം ആളുകളുടെ സിനിമയില്‍ വര്‍ക്ക് ചെയ്യുക എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. അതുപോലെ ഞാന്‍ ബാംഗ്ലൂരില്‍ താമസിക്കുമ്പോഴാണ് മണിരത്‌നം സാര്‍ എന്നെ അഞ്ജലി എന്ന സിനിമയിലെ വില്ലന്‍ വേഷത്തിലേക്ക് വിളിച്ചത്. ആ ബന്ധം പിന്നീട് പൊന്നിയിന്‍ സെല്‍വന്‍ വരെ എത്തി,’ ബാബു ആന്റണി പറഞ്ഞു.
Content Highlight: Babu Antony explains why he choose Kakka Muttai movie