ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി, ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട്, ന്യൂസിലാന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ ആധുനിക ക്രിക്കറ്റിനെ അടക്കി വാഴുന്ന ക്രിക്കറ്റര്‍മാരാണ്. മികച്ച പ്രകടനങ്ങളുമായി മൈതാനങ്ങളും ആരാധരുടെ മനസും കീഴടക്കിയ ഇവര്‍ക്ക് ഒരു ചെല്ലപ്പേരുണ്ട്. ഫാബുലസ് ഫോര്‍ അഥവാ ഫാബ് ഫോര്‍ എന്നാണ് ആരാധകര്‍ ഏറെ സ്‌നേഹത്തോടെ വിളിക്കുന്നത്.
ഇപ്പോള്‍ ഫാബ് ഫോറിനെ റാങ്ക് ചെയ്യുകയാണ് പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസം. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ജേണലിസ്റ്റുമായി കോഡ് സ്‌പോര്‍ട്‌സ് ഓസ്ട്രേലിയയിലെ അഭിമുഖത്തിലാണ് താരം റാങ്ക് ചെയ്തത്.
കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലി, ജോ റൂട്ട്. Photo: X.com
വിരാട് കോഹ്‌ലിയെയാണ് ഓള്‍ ഫോര്‍മാറ്റ് ഒന്നാം റാങ്കുകാരനായി ബാബര്‍ തെരഞ്ഞെടുത്തത്. എന്നാല്‍, കോഹ്‌ലിയുടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പിറന്നുവെന്ന് വിലയിരുത്തപ്പെടുന്ന ടെസ്റ്റില്‍ പാക് താരം ഇന്ത്യന്‍ നായകന്‍ നല്‍കിയിരിക്കുന്നത് മൂന്നാം സ്ഥാനമാണ്. ഈ ഫോര്‍മാറ്റില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്തിനാണ് ഒന്നാം റാങ്ക്.
ടെസ്റ്റില്‍ കോഹ്‌ലിയ്ക്ക് മൂന്നാം സ്ഥാനം നല്‍കിയത് ആരാധകരെ തെല്ലൊന്നുമല്ല അതിശയിപ്പിച്ചത്. ബാബര്‍ ഇതിനെ കുറിച്ച് പറഞ്ഞത് ടെസ്റ്റില്‍ ഫാബ് ഫോര്‍ താരങ്ങളുടെ റണ്‍സും കളിയിലെ താരങ്ങളുടെ സ്വാധീനവും പരിഗണിച്ചാണ് താനിങ്ങനെ റാങ്ക് ചെയ്യുന്നതെന്നാണ്. ഇതൊരു ക്രിക്കറ്റിങ് അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ, ഓള്‍ ഫോര്‍മാറ്റില്‍ കോഹ്‌ലിക്ക് ഒന്നാം റാങ്ക് നല്‍കിയതിന് കാരണം സ്ഥിരതയും കളിയിലെ സ്വാധീനവുമാണെന്ന് ബാബര്‍ വ്യക്തമാക്കി. താരം മറ്റെല്ലാവരേക്കാളും ഒരുപടി മുകളിലാണെന്നും തന്റെ തലമുറയിലെ ഏറ്റവും മികച്ച താരമാണെന്നും മുന്‍ പാക് ക്യാപ്റ്റന്‍ വിശേഷിപ്പിച്ചു. മറ്റെല്ലാ ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചിട്ടും ഏകദിനത്തില്‍ വിരാട് തുടരുന്ന മികവും താരം ചൂണ്ടിക്കാട്ടി.