പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി സ്വന്തമാക്കി ബാബര്‍ അസം. കഴിഞ്ഞ ദിവസം ഇസ് ലാമാബാദ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ പെഷവാര്‍ സാല്‍മിക്ക് വേണ്ടിയാണ് ബാബര്‍ സെഞ്ച്വറി നേടിയത്. 59 പന്തില്‍ നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടെ 103 റണ്‍സാണ് ബാബര്‍ സ്വന്തമാക്കിയത്.
ഇതോടെ പി.എസ്.എല്ലില്‍ ഒരും ചരിത്രനേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് ബാബര്‍ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ പാക് താരം ഉസ്മാന്‍ ഖാനൊപ്പമെത്താനും ബാബറിന് സാധിച്ചു.
പി.എസ്.എല്ലിലെ ഈ സീസണിലെ രണ്ടാം സെഞ്ച്വറിയാണ് ബാബര്‍ നേടുന്നത്. ഇതിനെല്ലാം പുറമെ ടി-20യില്‍ അടുത്തിടെ 12,000 റണ്‍സ് എന്ന നാഴികക്കല്ലും ബാബര്‍ സ്വന്തമാക്കിയിരുന്നു. കുട്ടിക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് നേടുന്ന താരവും ബാബര്‍ തന്നെയാണ്. 338 ഇന്നിങ്സുകളില്‍ നിന്നുമാണ് ബാബറിന്റെ നേട്ടം.
345 ഇന്നിങ്സുകളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിനെ മറികടന്നായിരുന്നു ബാബര്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. ഷൊയ്ബ് മാലിക്കിന് ശേഷം ടി-20യില്‍ 12,000 റണ്‍സ് സ്വന്തമാക്കുന്ന രണ്ടാമത്തെ പാക് താരം കൂടിയാണ് ബാബര്‍.
അതേസമയം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്‌ലാമബാദ് യൂണൈറ്റഡിനെതിരെ 70 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ബാബറും സംഘവും കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പെഷവാര്‍ സാല്‍മി ബാബറിന്റെ സെഞ്ച്വറി കരുത്തില്‍ 221 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇസ്ലാമാബാദ് 18.4 ഓവറില്‍ 151 റണ്‍സിന് ഓള്‍ ഔട്ടായി.
Content Highlight: Babar Azam In Great Record Achievement In Pakistan Premier League