പാകിസ്ഥാനും ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. പാകിസ്ഥാനും ശ്രീലങ്കയുമാണ് ഏറ്റുമുട്ടുന്നത്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക പാകിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് 49.5 ഓവറില്‍ 305 റണ്‍സിന് പാകിസ്ഥാന്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 11 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സാണ് നേടിയത്.

പാകിസ്ഥാന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് അഞ്ചാം സ്ഥാനക്കാരന്‍ സല്‍മാന്‍ അലി ആഘയാണ്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 90 പന്തില്‍ നിന്ന് 107 റണ്‍സാണ് താരം നേടിയത്. ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

മത്സരത്തില്‍ പാകിസ്ഥാന് വേണ്ടി 57 പന്തില്‍ നിന്ന് ആറ് ഫോര്‍ ഉള്‍പ്പെടെ 45 റണ്‍സ് നേടിയാണ് ബാബര്‍ അസം പുറത്തായത്. കളം വിടുമ്പോള്‍ ഒരു മിന്നും നേട്ടം സ്വന്തമാക്കാനും ബാബറിന് സാധിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 16000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാമത്തെ ഏക്ടീവ് താരമാകാനാണ് ബാബറിന് സാധിച്ചത്. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഏക്ടീവ് താരങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് വിരാട് കോഹ്‌ലിയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങള്‍

വിരാട് കോഹ്‌ലി (ഇന്ത്യ) – 28527

ജോ റൂട്ട് (ഇംഗ്ലണ്ട്) – 23074

രോഹിത് ശര്‍മ (ഇന്ത്യ) – 20652

സ്റ്റീവ് സ്മിത് (ഓസ്‌ട്രേലിയ) – 17866

മുസ്തഫിസൂര്‍ റഹ്‌മാന്‍ (ബംഗ്ലാദേശ്) – 16252

ബാബര്‍ അസം (പാകിസ്ഥാന്‍) – 16033

അതേസമയം മത്സരത്തില്‍ ബാബറിന് പുറമേ 40 പന്തില്‍ 39 റണ്‍സ് നേടിയാണ് സാദ് ബായിഗ് മടങ്ങിയത്. ഹസന്‍ നവാസ് 37 റണ്‍സും ഓപ്പണര്‍ ഫഖര്‍ സമാന്‍ 16 റണ്‍സിനും സയിം അയ്യൂബ് ഏഴ് റണ്‍സിനുമാണ് കൂടാരം കയറിയത്.

ശ്രീലങ്കയ്ക്ക് വേണ്ടി ഈഷന്‍ മലിംഗ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അസിതാ ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റും ദില്‍ശന്‍ മധുശങ്ക രണ്ട് വിക്കറ്റും വീഴ്ത്തി.

Content Highlight: Babar Azam In Great Record Achievement In International Cricket