പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ നിരാശപ്പെടുത്തി പാക് നായകന്‍ ബാബര്‍ അസം. ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ ഇരട്ടയക്കം കാണാതെയാണ് താരം പുറത്തായത്.
പത്ത് പന്തില്‍ എട്ട് റണ്‍സുമായാണ് ബാബറിന്റെ മടക്കം. ജോഷ് ടംഗിന്റെ പന്തില്‍ ജോര്‍ദന്‍ കോക്‌സിന് ക്യാച്ച് നല്‍കിയായിരുന്നു താരം പവലിയനിലേക്ക് മടങ്ങിയത്.
The Pakistan captain goes! 👏
Tongue gets Babar ☝️
Match Centre: https://t.co/Z9bsIoMyb6 pic.twitter.com/UfICkAmg6d
— England Cricket (@englandcricket) August 28, 2026
ഇതോടെ ടെസ്റ്റ് സെഞ്ച്വറിക്കായുള്ള ബാബര്‍ അസമിന്റെ കാത്തിരിപ്പ് തുടരുകയാണ്. 2022 ഡിസംബറിലാണ് ബാബര്‍ അവസാനമായി സെഞ്ച്വറി നേടിയത്. അന്ന് കറാച്ചിയില്‍ ന്യൂസിലാന്‍ഡിനെതിരെ 363 പന്തില്‍ 161 റണ്‍സാണ് താരം സ്വന്തമാക്കിയത്.
അതിന് ശേഷം ഹോം ഗ്രൗണ്ടിലും എവേ ഗ്രൗണ്ടിലുമായി 36 ഇന്നിങ്‌സുകള്‍ കളിച്ചിട്ടും ഒന്നില്‍പ്പോലും ട്രിപ്പിള്‍ ഡിജിറ്റിലെത്താന്‍ താരത്തിന് സാധിച്ചിട്ടില്ല.

14, 24, 27, 13, 24, 39, 21, 14, 1, 41, 26, 23, 0, 22, 31, 11, 30, 5, 4, 50, 58, 81, 8, 5, 31, 23, 42, 16, 50, 68, 47, 23, 58*, 88, 24*, 8 എന്നിങ്ങനെയാണ് കഴിഞ്ഞ 36 ഇന്നിങ്‌സുകളില്‍ താരത്തിന്റെ സ്‌കോര്‍.
നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടാതെ ഏറ്റവുമധികം ഇന്നിങ്‌സുകള്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനാണ് ബാബര്‍.
പട്ടികയില്‍ ബാബറിന് മുന്നിലുള്ളവരെല്ലാം തന്നെ ബൗളര്‍മാരാണ്. ശേഷമുള്ളവരില്‍ ഭൂരിഭാഗം താരങ്ങളും പ്യുവര്‍ ബൗളര്‍മാരോ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ കളിക്കുന്ന താരങ്ങളോ ആണ് എന്നതും ശ്രദ്ധേയമാണ്.
2023ന് ശേഷം ടെസ്റ്റ് സെഞ്ച്വറിയില്ലാതെ ഏറ്റവുമധികം ഇന്നിങ്‌സുകള്‍
(താരം – ടീം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)
മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 50
പാറ്റ് കമ്മിന്‍സ് – ഓസ്‌ട്രേലിയ – 47
മുഹമ്മദ് സിറാജ് – ഇന്ത്യ – 44
നഥാന്‍ ലിയോണ്‍ – ഓസ്‌ട്രേലിയ – 41
ബാബര്‍ അസം – പാകിസ്ഥാന്‍ – 36*
പ്രഭാത് ജയസൂര്യ – ശ്രീലങ്ക – 36
തൈജുല്‍ ഇസ്‌ലാം – ബംഗ്ലാദേശ് – 36
ജെയ്ഡന്‍ സീല്‍സ് – വെസ്റ്റ് ഇന്‍ഡീസ് – 35
അലിക് അത്തനാസ് – വെസ്റ്റ് ഇന്‍ഡീസ് – 33
ജസ്പ്രീത് ബുംറ – ഇന്ത്യ – 32
ഷോയ്ബ് ബഷീര്‍ – ഇംഗ്ലണ്ട് – 32
അല്‍സാരി ജോസഫ് – വെസ്റ്റ് ഇന്‍ഡീസ് – 30
അസിത ഫെര്‍ണാണ്ടോ – ശ്രീലങ്ക – 30

അതേസമയം, രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന പാകിസ്ഥാന്‍ നിലവില്‍ 28 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 81 എന്ന നിലയിലാണ്. ബാബറിന് പുറമെ ഷാന്‍ മസൂദ് (11 പന്തില്‍ ഒന്ന്), അബ്ദുള്ള ഷെഫീഖ് (32 പന്തില്‍ അഞ്ച്), സൗദ് ഷക്കീല്‍ (16 പന്തില്‍ 16) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. 91 പന്തില്‍ 43 റണ്‍സുമായി അസന്‍ അവായിസും പത്ത് പന്തില്‍ ഒരു റണ്ണുമായി മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 290 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. ജെയ്മി സ്മിത് (80 പന്തില്‍ 61), ജോര്‍ദന്‍ കോക്‌സ് (105 പന്തില്‍ 55), ഗസ് ആറ്റ്കിന്‍സണ്‍ (46 പന്തില്‍ 45) എന്നിവരുടെ ഇന്നിങ്‌സുകളാണ് പാകിസ്ഥാന് മോശമല്ലാത്ത ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ സമ്മാനിച്ചത്.
Content Highlight: Babar Azam fails to score a Test century for the 36th consecutive innings.
