റാഞ്ചിയത് ലോക റെക്കോഡ്; ചരിത്രത്തിന്റെ കൊടുമുടിയിൽ ക്യാപ്റ്റൻ ബാബർ
Cricket
റാഞ്ചിയത് ലോക റെക്കോഡ്; ചരിത്രത്തിന്റെ കൊടുമുടിയിൽ ക്യാപ്റ്റൻ ബാബർ
Sudev A
Wednesday, 29th April 2026, 3:49 pm

ടി-20 ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി പാകിസ്ഥാന്‍ സൂപ്പര്‍താരം ബാബര്‍ അസം. ക്യാപ്റ്റനെന്ന നിലയില്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായാണ് ബാബര്‍ മാറിയത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് ബാബര്‍ വീണ്ടും സെഞ്ച്വറി നേടി തിളങ്ങിയത്.

പെഷവാര്‍ സാല്‍മിയുടെ ക്യാപ്റ്റനായ ബാബര്‍ ഇസ്ലാമാബാദ് യൂണൈറ്റഡിനെതിരെയാണ് സെഞ്ച്വറി നേടിയത്. 59 പന്തില്‍ 103 റണ്‍സാണ് ബാബറിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 12 ഫോറുകളും നാല് സിക്‌സുകളും അടങ്ങുന്നതാണ് പാക് താരത്തിന്റെ പ്രകടനം.

ക്യാപ്റ്റനെന്ന നിലയില്‍ ബാബറിന്റെ ഒമ്പതാം സെഞ്ച്വറിയായിരുന്നു ഇത്. ക്യാപ്റ്റനായി കുട്ടിക്രിക്കറ്റില്‍ എട്ട് തവണ മൂന്നക്കം കടന്ന സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ഫാഫ് ഡു പ്ലെസിയെ മറികടന്നാണ് ബാബറിന്റെ നേട്ടം.

ക്യാപ്റ്റനെന്ന നിലയില്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം, സെഞ്ച്വറികളുടെ എണ്ണം

ബാബര്‍ അസം-9

ഫാഫ് ഡു പ്ലെസി-8

മൈക്കല്‍ ക്ലിങ്ങര്‍-7

വിരാട് കോഹ്ലി-5

ജെയിംസ് വിന്‍സ്-5

ഇഷാന്‍ കിഷന്‍-4

ഡേവിഡ് വാര്‍ണര്‍-4

ആരോണ്‍ ഫിഞ്ച്-3

ഋതുരാജ് ഗെയ്ക്വാദ്-3

ക്രിസ് ഗെയ്ല്‍-3

പി.എസ്.എല്ലിലെ ഈ സീസണിലെ രണ്ടാം സെഞ്ച്വറിയും ടൂര്‍ണമെന്റിലെ നാലാം സെഞ്ച്വറിയുമാണ് ബാബര്‍ ഇസ്ലാമാബാദ് യൂണൈറ്റഡിനെതിരെ അടിച്ചെടുത്തത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോഡും ബാബര്‍ സ്വന്തമാക്കി. ഉസ്മാന്‍ ഖാന്റെ നേട്ടത്തിനൊപ്പമാണ് ബാബര്‍ നിലവിലുള്ളത്. ഉസ്മാന്‍ ഖാന്‍ വെറും 35 മത്സരങ്ങളില്‍ നിന്നുമാണ് നാല് സെഞ്ച്വറികള്‍ അടിച്ചെടുത്തത്. എന്നാല്‍ ബാബര്‍ 110 മത്സരങ്ങളില്‍ നിന്നുമാണ് നാല് തവണ 100 റണ്‍സ് സ്‌കോര്‍ ചെയ്തത്.

സെന്‍ട്രല്‍ പഞ്ചാബ് (പാകിസ്ഥാന്‍), കൊളംബോ സ്‌ട്രൈക്കേഴ്സ്, ഗയാന ആമസോണ്‍ വാരിയേഴ്സ്, ഇസ്ലാമാബാദ് ലെപ്പേര്‍ഡ്സ്, ഇസ്ലാമാബാദ് റീജ്യണ്‍, ഇസ്ലാമാബാദ് യുണൈറ്റഡ്, കറാച്ചി കിങ്സ്, ലാഹോര്‍ ബ്ലൂസ്, ലാഹോര്‍ ഈഗിള്‍സ്, ലാഹോര്‍ റീജ്യണ്‍ ബ്ലൂസ്, ലാഹോര്‍ വൈറ്റ്‌സ്, പാകിസ്ഥാന്‍, പാകിസ്ഥാന്‍ എ, പെഷവാര്‍ സാല്‍മി, പഞ്ചാബ് (പാകിസ്ഥാന്‍), രംഗ്പൂര്‍ റൈഡേഴ്സ്, സോമര്‍സെറ്റ്, സിഡ്നി സിക്സേഴ്സ്, സില്‍ഹെറ്റ് സിക്സേഴ്സ്, സരായ് തരാകിയാറ്റി ബാങ്ക് ലിമിറ്റഡ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ബാബര്‍ ടി-20യില്‍ കളിച്ചിട്ടുള്ളത്.

ടി-20യില്‍ അടുത്തിടെ 12,000 റണ്‍സ് എന്ന നാഴികക്കല്ലും ബാബര്‍ സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കുട്ടിക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് നേടുന്ന താരവും ബാബര്‍ തന്നെയാണ്. 338 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ബാബറിന്റെ നേട്ടം. 345 ഇന്നിങ്‌സുകളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെ മറികടന്നായിരുന്നു ബാബര്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. ഷൊയ്ബ് മാലിക്കിന് ശേഷം ടി-20യില്‍ 12,000 റണ്‍സ് സ്വന്തമാക്കുന്ന രണ്ടാമത്തെ പാക് താരം കൂടിയാണ് ബാബര്‍.

അതേസമയം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമബാദ് യൂണൈറ്റഡിനെതിരെ 70 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ബാബറും സംഘവും സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പെഷവാര്‍ സാല്‍മി ബാബറിന്റെ സെഞ്ച്വറി കരുത്തില്‍ 221 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇസ്ലാമാബാദ് 18.4 ഓവറില്‍ 151 റണ്‍സിന് ഓള്‍ ഔട്ടായി.

Content Highlight: Babar Azam Create a Historical Record in T20 Cricket

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.