'ഗോമൂത്രം കുടിക്കുന്നതിനാല്‍ കൊവിഡില്ലെന്ന് പ്രജ്ഞ, ഇത് സത്യമാണോ സര്‍?'; കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനോട് ബി. വി ശ്രീനിവാസ്
national news
'ഗോമൂത്രം കുടിക്കുന്നതിനാല്‍ കൊവിഡില്ലെന്ന് പ്രജ്ഞ, ഇത് സത്യമാണോ സര്‍?'; കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനോട് ബി. വി ശ്രീനിവാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th May 2021, 6:23 pm

ന്യൂദല്‍ഹി: ഗോമൂത്രം കുടിക്കുന്നതിനാലാണ് തനിക്ക് കൊവിഡ് വരാത്തതെന്ന് പറഞ്ഞ ബി.ജെ.പി എം. പി പ്രജ്ഞ സിംഗ് ഠാക്കൂറിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി. വി ശ്രീനിവാസ്. ട്വിറ്ററില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ബി. വി ശ്രീനിവാസിന്റെ പ്രതികരണം.

‘ഗോമൂത്രം കുടിക്കുന്നതിനാല്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളില്ല. അതുകൊണ്ട് എനിക്ക് കൊറോണ ഇല്ല എന്ന് ബി.ജെ.പി എം. പി പ്രജ്ഞ പറയുന്നു, ഇത് സത്യമാണോ ഹര്‍ഷവര്‍ധന്‍ സര്‍?,’ എന്നാണ് ബി. വി ശ്രീനിവാസ് ചോദിച്ചത്.

പ്രജ്ഞാ സിംഗ് സംസാരിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു ഗോമൂത്രം കുടിക്കുന്നതു കൊണ്ടാണ് തനിക്ക് കൊറോണ വരാത്തതെന്ന് പ്രജ്ഞ സിംഗ് പറഞ്ഞത്. ഗോമൂത്രത്തിന് കൊവിഡ് മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ ഭേദമാക്കാന്‍ സാധിക്കുമെന്നും പ്രജ്ഞ പറഞ്ഞിരുന്നു.

‘ഒരു നാടന്‍ പശുവിന്റെ മൂത്രം എല്ലാ ദിവസവും കുടിക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് നിങ്ങളെ ശ്വാസകോശ സംബന്ധമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കും. എനിക്ക് ആദ്യം നല്ല വേദനയുണ്ടായിരുന്നു, പക്ഷെ ഞാന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിക്കാന്‍ തുടങ്ങി. അതുകൊണ്ട് എനിക്ക് ഇപ്പോള്‍ കൊറോണയ്‌ക്കെതിരെ മരുന്ന് കഴിക്കേണ്ട സ്ഥിതിയില്ല. എനിക്ക് കൊറോണയും വരില്ല,’ പ്രജ്ഞ സിംഗ് പറഞ്ഞു.

ഗോമൂത്രം ജീവന്‍ രക്ഷാമരുന്നാണെന്നും പ്രജ്ഞ പറഞ്ഞു.

അതേസമയം കഴിഞ്ഞ ഡിസംബറില്‍ പ്രജ്ഞ കൊവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ഗോമൂത്രവും പശുവിന്റെ മറ്റു ഉത്പന്നങ്ങളുമാണ് തന്റെ കാന്‍സര്‍ മാറ്റിയതെന്ന് രണ്ട് വര്‍ഷം മുന്നെ പ്രജ്ഞ സിംഗ് പറഞ്ഞിരുന്നു.

അതേസമയം ഗോമൂത്രമോ ചാണകമോ കൊവിഡിനെ പ്രതിരോധിക്കുമെന്നതിന് ഒരു തെളിവുമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Youth Congress President B V Sreenivas asks Harsh Vardhan about Pragya controversial statement