മലയാള സിനിമയില്‍ മികച്ച ഗാനങ്ങള്‍ വരുന്നില്ലെന്നും ഓര്‍ത്തുവെക്കാന്‍ കഴിയുന്ന വരികള്‍ പിറക്കുന്നില്ലെന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി കൂടിയായിരുന്നു തുടരും സിനിമയിലെ ഗാനങ്ങള്‍.
തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ തുടരും എന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ജനമനസുകളില്‍ ഇടംനേടി.
ബി.കെ ഹരിനായായണന്റെ വരികള്‍ക്ക് ജേക്ക്‌സ് ബിജോയ് സംഗീതം നല്‍കി എം.ജി. ശ്രീകുമാര്‍ ആലപിച്ച ‘എന്തൊരു ചേലാണ് ‘എന്ന ഗാനം യുവതലമുറ ഏറ്റെടുത്തു.
‘ചെമ്പഴുക്കാത്തൊണ്ടെടുത്ത് അമ്പലം കൂട്ടുന്നതാര്..ചെമ്പരത്തിക്കമ്പുകൊണ്ട് അമ്പ് കുലയ്ക്കണതാര്’ എന്ന കോറസോടെയാണ് പാട്ട് തുടങ്ങുന്നത്. കൊച്ചുകുട്ടികളുടെ ശബ്ദത്തില്‍ തുടങ്ങുന്ന ഈ വരികള്‍ പ്രേക്ഷകരെ ആ പാട്ടിലേക്ക് മാത്രമല്ല സിനിമയിലേക്ക് കൂടി അടുപ്പിച്ചു.
ഈ വരികള്‍ ഹരിനാരായണൻ്റെ പേനയില്‍ നിന്ന് പിറന്നതിന് പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്. കേരളത്തിലെ പ്രധാന അടക്കാ മാര്‍ക്കറ്റുകളിലൊന്നാണ് തൃശൂര്‍ ജില്ലയിലെ കുന്നംകുളം. കുന്നംകുളത്തുകാരനായ ഹരിനാരായണന്റെ മനസിലേക്ക് ഈ വരികളെഴുതുമ്പോള്‍ കടന്നെത്തിയതും അടക്കകളാണ്.
ചുവന്ന അടക്ക കൂമ്പാരം പോലെ കൂട്ടിക്കഴിഞ്ഞാല്‍ അത് അമ്പലത്തിന്റെ ഗോപുരം പോലെ തോന്നും. ഇത്തരത്തില്‍ അടക്ക പിരമിഡ് പോലെ കൂട്ടിയിട്ട് കുട്ടികള്‍ കളിക്കുന്നത് മനസില്‍ കണ്ടുകൊണ്ട് ഹരിനാരായണന്‍ ആ വരികളെഴുതി.
വരികള്‍ പൂര്‍ണമായും എഴുതിക്കഴിഞ്ഞപ്പോഴാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പാട്ടിന്റെ തുടക്കത്തില്‍ കുട്ടികള്‍ പാടുന്ന കോറസ് വേണമെന്ന് നിര്‍ദേശിക്കുന്നത്.
ഈ പാട്ടിനെ മികച്ചതും ജനപ്രിയവുമാക്കാന്‍ എനിക്കൊപ്പം സംഗീതസംവിധായകനും ഗായകനും നിര്‍മാതാവും സംവിധായകനും തങ്ങളുടേതായ സംഭാവന നല്‍കിയിട്ടുണ്ട്, പ്രത്യേകിച്ച് രഞ്ജിത്തേട്ടന്‍ – തരുൺ മൂർത്തി
Director Tharun Moorthy
അതിനനുസരിച്ച് ജേക്സ് ബിജോയ് മികച്ചൊരു ട്യൂണുണ്ടാക്കി. പാട്ടിനെ ഒരു സംഘകലയാക്കുകയായിരുന്നു ഈ ഗാനമെന്ന് ഹരിനാരായണന്‍ പറയുന്നു. കൂട്ടായ പരിശ്രമവും ഇടപെടലുമെല്ലാം ഈ പാട്ടിന്റെ പിറവിയിലുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
‘ഈ പാട്ടിനെ മികച്ചതും ജനപ്രിയവുമാക്കാന്‍ എനിക്കൊപ്പം സംഗീതസംവിധായകനും ഗായകനും നിര്‍മാതാവും സംവിധായകനും തങ്ങളുടേതായ സംഭാവന നല്‍കിയിട്ടുണ്ട്, പ്രത്യേകിച്ച് രഞ്ജിത്തേട്ടന്‍.
സിനിമയുടെ പല മേഖലകളിലുമുള്ള അനുഭവസമ്പത്ത് ഇവിടെയും കൃത്യമായി ഉപയോഗപ്പെടുത്താന്‍ അദ്ദേഹത്തിനും പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്,’ ബി.കെ. ഹരിനാരായാണന്‍ പറയുന്നു.
എന്തൊരു ചേലാണ് നെഞ്ചിലെ നേരാണ് എന്ന വരികളോടെയായിരുന്നില്ല ഈ പാട്ട് തുടങ്ങുന്നതെന്നും രഞ്ജിത്തേട്ടന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആ വരികള്‍ ആദ്യ ഭാഗത്തേക്ക് കൊണ്ടുവന്നതെന്നും നേരത്തെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും പറഞ്ഞിരുന്നു.
Producer Ranjith
സിനിമയിലേക്ക് പ്രേക്ഷകരെ കണക്ട് ചെയ്യിക്കാനുള്ള തന്റെ ആദ്യ ഹൂക്കിങ് പോയിന്റ് കൂടിയായിരുന്നു ഈ പാട്ടെന്നും തരുണ്‍ പറഞ്ഞിരുന്നു.
അനുപല്ലവിയുടെ അവസാന വരിയായാണ് എന്തൊരു ചേലാണ് നെഞ്ചിലെ നേരാണ് എന്ന് ഹരിനാരായണന്‍ എഴുതിയത്. ഇത് തുടക്കത്തില്‍ ഉപയോഗിക്കാമോ എന്ന രഞ്ജിത്തിന്റെ ചോദ്യം മികച്ചൊരു നിര്‍ദേശമായി തരുണിന് തോന്നി. പാട്ട് ചിട്ടപ്പെടുത്തി വന്നതോടെ അത് ശരിയാണെന്ന് തെളിയിക്കപ്പെട്ടു.
അങ്ങനെ മലയാള സിനിമയ്ക്ക് ഒരു മികച്ച ഗാനം കൂടി ലഭിച്ചു… ഹരിനാരായണന്റെ വരികള്‍ പോലെ തന്നെ ആ പാട്ടിനും എന്തൊരു ചേലാണ്..
Content Highlight: B.K. Harinarayan talking about Thudarum Movie