കണ്ണൂര്‍ സ്‌ക്വാഡില്‍ അത് ഫീല് ചെയ്തില്ലെങ്കില്‍ എന്റെ പൈസ പോകുമെന്ന് മമ്മൂക്ക പറഞ്ഞു: അസീസ് നെടുമങ്ങാട്
Entertainment
കണ്ണൂര്‍ സ്‌ക്വാഡില്‍ അത് ഫീല് ചെയ്തില്ലെങ്കില്‍ എന്റെ പൈസ പോകുമെന്ന് മമ്മൂക്ക പറഞ്ഞു: അസീസ് നെടുമങ്ങാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th June 2025, 10:50 pm

ടെലിവിഷന്‍ പരിപാടിയിലൂടെ ഹാസ്യ താരമായി വന്ന് മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അസീസ് നെടുമങ്ങാട്. ആക്ഷന്‍ ഹീറോ ബിജു, വണ്‍, ജയ ജയ ജയ ജയ ഹേ, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് അദ്ദേഹം.

കരിയറിന്റെ തുടക്കകാലത്ത് ഹാസ്യ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചിരുന്ന അസീസിന് ബ്രേക്ക് ത്രൂ നേടികൊടുത്ത ചിത്രമായിരുന്നു മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്. പിന്നീട് വ്യത്യസ്തമായ വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വാഴ എന്ന ചിത്രത്തിലെ ആസീസിന്റെ അച്ഛന്‍ വേഷം ഏറെ പ്രശംസയേറ്റ് വാങ്ങിയിരുന്നു. ഒപ്പം കാന്‍സില്‍ പുരസ്‌കാരം സ്വന്തമാക്കിയ പായല്‍ കപാഡിയ ചിത്രം ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിലും അസീസ് ഒരു ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

ഇപ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറയുകയാണ് അസീസ് നെടുമങ്ങാട്. വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന ചിത്രത്തിന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഒരു ദിവസം ഷൂട്ട് ചെയ്യുന്ന സീനുകള്‍ പിറ്റേന്ന് വന്നിട്ട് കാണും. ആ സമയത്ത് മമ്മൂക്ക ചോദിക്കാറുള്ളത് ‘നിനക്ക് ഇതില്‍ യാത്ര ഫീല് ചെയ്യുന്നുണ്ടോ’ എന്നാണ്. അതായത് കുറ്റവാളികളെ പിടിക്കാന്‍ വേണ്ടി സിനിമയില്‍ ഞങ്ങള്‍ പോകുന്ന യാത്രയെ കുറിച്ചാണ് അദ്ദേഹം ചോദിക്കുന്നത്.

നമ്മുടെ യാത്ര ഫീല് ചെയ്യുന്നുണ്ടെന്ന് പറയുമ്പോള്‍ മമ്മൂക്ക തരുന്ന മറുപടി ‘അത് ഫീല് ചെയ്യണം. എന്നാലെ ജനങ്ങള്‍ ഈ സിനിമ സ്വീകരിക്കുള്ളൂ. അല്ലെങ്കില്‍ എന്റെ പൈസ പോകും’ എന്നായിരുന്നു (ചിരി). അത് മാറി പോയാല്‍ ഒരു ഡോക്യുമെന്ററി ടൈപ്പായി പോകേണ്ട സിനിമയായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്.

മമ്മൂക്ക അന്ന് പറഞ്ഞത് കൃത്യമായിരുന്നു. നമ്മള്‍ യാത്ര പോകുന്നതിന്റെ ക്ഷീണവും ഹോട്ടലില്‍ കിടക്കുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ ആളുകള്‍ക്ക് ഫീല് ചെയ്തത് കൊണ്ടാണ് കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമ അടിപൊളി ആയിട്ട് മാറിയത്,’ അസീസ് നെടുമങ്ങാട് പറയുന്നു.


Content Highlight: Azees Nedumangad Talks About Mammootty