പൃഥ്വിരാജും ബിജുമേനോനും ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ജനുവരി 23 ന് രാവിലെ 10 മണിക്ക് തിയറ്ററുകളിലൂടെ റിലീസ് ചെയ്യും. ഓണ്‍ലൈന്‍ മീഡിയകളിലൂടെയും ട്രെയിലര്‍ എത്തിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
പൃഥ്വിരാജും ബിജുമേനോനും ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജും കോശിയുടെ ശത്രുവായ അയ്യപ്പന്‍ നായരായി ബിജുമേനോനും എത്തുന്നു. കോശിയുടെ അപ്പന്‍ കുര്യന്‍ ജോണായി എത്തുന്നത് സംവിധായകന്‍ രഞ്ജിത്താണ്.
അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും വീണ്ടുമെത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലി റിലീസ് ചെയ്ത് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും അയ്യപ്പനും കോശിക്കുമുണ്ട്.
മിയ ഉള്‍പ്പെടെ നാലു പേരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അന്ന രാജന്‍,സിദ്ദിഖ്,അനു മോഹന്‍,ജോണി ആന്റണി,അനില്‍ നെടുമങ്ങാട്,സാബുമോന്‍, ഷാജു ശ്രീധര്‍,ഗൗരി നന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ജെക്സ് ബിജോയാണ് സംഗീതം നല്‍കുന്നത്. സുധീപ് ഇളമണ്‍ ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം മോഹന്‍ദാസാണ്.ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ച്ചേഴ്സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും പി.എം ശശിധരനുമാണ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.