കൊച്ചി: അയ്യപ്പന്റെ പേരില്‍ പണപ്പിരിവ് നടത്താനുള്ള തമിഴ്‌നാട് സ്വദേശിയുടെ ശ്രമം തടഞ്ഞ് ഹൈക്കോടതി. ശബരിമലയില്‍ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം നിര്‍മിക്കാന്‍ എന്ന പേരിലാണ് പണപ്പിരിവ് നടന്നത്.
എന്നാല്‍ ക്ഷേത്രാങ്കണത്തില്‍ വിഗ്രഹം വെക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇക്കാര്യം വെര്‍ച്വല്‍ ക്യൂ പ്ലാറ്റ്ഫോമില്‍ പരസ്യപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
തമിഴ്നാട്ടിലെ ലോട്ടസ് മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. ഇ.കെ സഹദേവനാണ് പണപ്പിരിവ് നടത്തിയത്. ഈറോഡ് സ്വദേശിയാണ് ഇയാള്‍.
ക്ഷേത്രാങ്കണത്തില്‍ വിഗ്രഹം സ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയെന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. പണപ്പിരിവിനായി ഡോ. സഹദേവന്‍ ക്യൂ.ആര്‍ കോഡ് ഉള്‍പ്പെടെയുള്ള നോട്ടീസ് തമിഴ്നാട്ടില്‍ അച്ചടിച്ച് ഇറക്കിയിരുന്നു.
വിഷയത്തില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെട്ടത്. വാദത്തിനിടെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറോട് കോടതി വിശദീകരണം തേടിയിരുന്നു.
തുടര്‍ന്ന് ആചാരങ്ങളെ ബാധിക്കാത്ത വിധം പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കുന്നതിന് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജൂണ്‍ നാലിന് കത്തയച്ചിരുന്നുവെന്നും എന്നാല്‍ പണപ്പിരിവിന് നിര്‍ദേശിച്ചിട്ടില്ലെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ കോടതിയില്‍ വ്യക്തമാക്കി.
വിഗ്രഹം സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അഭിഭാഷകനും അറിയിച്ചു. ഇതുസംബന്ധിച്ചുള്ള ഫയലുകള്‍ ഹാജരാക്കാനും നിര്‍ദേശമുണ്ട്. നാളെ (വെള്ളി) ഹരജി വീണ്ടും പരിഗണിക്കും.
Content Highlight: Money fruad in Ayyappa’s name; High Court stops