ലോകഃയുമായി ഒരിക്കലും ഞങ്ങളുടെ സിനിമയെ താരതമ്യം ചെയ്യരുത്, ഹിന്ദി മാര്‍ക്കറ്റ് മാത്രമാണ് ഈ പടത്തിന്റെ ലക്ഷ്യം: ആയുഷ്മാന്‍ ഖുറാന
Indian Cinema
ലോകഃയുമായി ഒരിക്കലും ഞങ്ങളുടെ സിനിമയെ താരതമ്യം ചെയ്യരുത്, ഹിന്ദി മാര്‍ക്കറ്റ് മാത്രമാണ് ഈ പടത്തിന്റെ ലക്ഷ്യം: ആയുഷ്മാന്‍ ഖുറാന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th October 2025, 9:03 pm

ബോളിവുഡില്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഥാമ. ബോളിവുഡിലെ ഹിറ്റ് യൂണിവേഴ്‌സായ മാഡോക് ഹൊറര്‍ യൂണിവേഴ്‌സിലെ അഞ്ചാമത്തെ ചിത്രമായാണ് ഥാമ ഒരുങ്ങുന്നത്. ആയുഷ്മാന്‍ ഖുറാന, രശ്മിക മന്ദാന എന്നിവര്‍ക്കൊപ്പം നവാസുദ്ദീന്‍ സിദ്ദിഖിയും ഥാമയില്‍ അണിനിരക്കുന്നുണ്ട്. യൂണിവേഴ്‌സിലെ മുന്‍ ചിത്രങ്ങള്‍ പോലെ നാടോടിക്കഥകളും ഹൊററും കോമഡിയും തന്നെയാണ് ഥാമയുടെയും പ്രധാന ആകര്‍ഷണം.

ലോകഃയുടെ വന്‍ വിജയം ഥാമക്ക് ഗുണം ചെയ്യുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നായകന്‍ ആയുഷ്മാന്‍ ഖുറാന. രണ്ട് സിനിമകളും ഒരിക്കലും താരതമ്യം ചെയ്യുന്നത് നല്ലതല്ലെന്ന് പറഞ്ഞുകൊണ്ടാണ് ആയുഷ്മാന്‍ തന്റെ മറുപടി ആരംഭിച്ചത്. ലോകഃ എന്ന സിനിമ ഇന്ത്യ മുഴുവന്‍ ചര്‍ച്ചാവിഷയമായെന്ന് അദ്ദേഹം പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.

‘അഹമ്മദാബാദില്‍ ഷൂട്ട് നടക്കുന്നതിനിടയിലാണ് ലോകഃ എന്ന പടത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞത്. ബ്രേക്ക് കിട്ടിയപ്പോള്‍ പോയിക്കണ്ടു. ഗംഭീരമായി അവര്‍ ആ സിനിമ ചെയ്തിട്ടുണ്ട്. അവരുടെ നാട്ടില്‍ പറഞ്ഞുകേട്ടിട്ടുള്ള കഥയെ വളരെ മനോഹരമായി സിനിമാരൂപത്തിലാക്കിയിട്ടുണ്ട്. പക്ഷേ, ഈ സിനിമയും ലോകഃയും തമ്മില്‍ സാമ്യതയൊന്നുമില്ല.

ഹൊററിനും കോമഡിക്കും പ്രാധാന്യം നല്കിക്കൊണ്ടാണ് ഥാമ ഒരുങ്ങിയത്. എന്നാല്‍ ലോകഃ അതിലും കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്. ഈ സിനിമ പ്രധാനമായും ഹിന്ദി മാര്‍ക്കറ്റിനെയാണ് ലക്ഷ്യം വെക്കുന്നത്. ലോകഃ പാന്‍ ഇന്ത്യന്‍ അപ്പീലുള്ള സിനിമയാണ്. ഏത് സ്ഥലത്തുള്ള ആളുകള്‍ക്കും അതിവേഗം ആ സിനിമയുമായി കണക്ടാകും.

എന്നാല്‍ ഥാമ അങ്ങനെയല്ല, ഞങ്ങളുടേതായ കഥകളും വിശ്വാസങ്ങളും ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. ട്രെയ്‌ലര്‍ കണ്ടിട്ട് രശ്മികയുടെ കഥാപാത്രം ലോകഃയിലേത് പോലെ വാമ്പയറാണെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ അതൊന്നുമല്ല ഈ സിനിമയുടെ കഥ. രണ്ട് സിനിമകളും തമ്മില്‍ താരതമ്യം ചെയ്യേണ്ട ആവശ്യമൊന്നുമില്ല,’ ആയുഷ്മാന്‍ ഖുറാന പറയുന്നു.

മാഡോക് ഹൊറര്‍ യൂണിവേഴ്‌സിലെ ആദ്യ പ്രണയകഥ എന്ന ലേബലിലാണ് ഥാമ പ്രദര്‍ശനത്തിനെത്തുന്നത്. നവാസുദ്ദീന്‍ സിദ്ദിഖിയുടെ കഥാപാത്രത്തിന്റെ അക്രമണത്തിന് ശേഷം വെയിലേല്ക്കാന്‍ പാടില്ലാത്ത വാമ്പയറായി ആയുഷ്മാന്റെ കഥാപാത്രം മാറുന്നതാണ് ഥാമയുടെ കഥ. ഒക്ടോബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Ayushman Khurana says don’t compare Lokah with Thamma movie