വിശ്വാസികള്‍ സംഭാവനയായി നല്‍കിയ കോടിക്കണക്കിന് രൂപയാണ് ചമ്പത് റായിയടക്കമുള്ളവര്‍ തട്ടിയെടുത്തത്. ഇവരെ എങ്ങനെയും സംരക്ഷിക്കാനാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ ചരട് വലികള്‍ നടത്തുന്നത്.
ചമ്പത് റായിയെയും മറ്റ് പ്രതികളെയും സംരക്ഷിക്കുന്ന എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ മൂന്നംഗ അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദം ശക്തമാണ്. കേസില്‍ പൊലീസ് ഇതുവരെ ഔദ്യോഗിക എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയോ പ്രത്യേകം നിയമിച്ച മൂന്നംഗ സംഘത്തെ കാണാന്‍ മുഖ്യമന്ത്രി യോഗി തയ്യാറാവുകയോ ചെയ്തിട്ടില്ല.
എഫ്.ഐ.ആര്‍ കൈമാറാന്‍ അന്വേഷണ സംഘം ഞായറാഴ്ച ലഖ്‌നൗവില്‍ എത്തിയെങ്കിലും യോഗി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. നിയമസഭാ സമ്മേളനത്തിന്റെ തിരക്കുകള്‍ കാണിച്ചാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം. എന്നാല്‍ ആര്‍.എസ്.എസ് നേതാക്കളെ കേസില്‍ സംരക്ഷിക്കാനായുള്ള സമ്മര്‍ദം ചെലുത്താനാണ് യോഗിയുടെ ഒഴിഞ്ഞുമാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാമക്ഷേത്രത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് വി.എച്ച്.പി നേതാവ് കൂടിയായ ചമ്പത് റായ് ആണ്. അദ്ദേഹത്തിനെതിരെ എസ്.ഐ.ടിയുടെ നടപടിയുണ്ടാവുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചമ്പത് റായിയുടെ സഹായിയും ഡ്രൈവറുമായ രാം ശങ്കര്‍ യാദവ് എന്ന ടിന്നുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ക്ഷേത്രത്തിന് ലഭിച്ച സംഭാവനകള്‍ എണ്ണിതിട്ടപ്പെടുത്തിയ സംഘത്തില്‍ ടിന്നുവും ഉണ്ടായിരുന്നു.
ക്ഷേത്ര ജീവനക്കാര്‍ കൃഷ്ണദേവ് തിവാരിയും രാമവിഗ്രഹത്തില്‍ പൂജ നടത്തുന്ന നാല് പൂജാരിമാര്‍ അടക്കമുള്ളവരെയും എസ്.ഐ.ടി കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിട്ടുണ്ട്. പൂര്‍ണ ആര്‍.എസ്.എസ് പ്രചാരകനായ സമ്പത് റായ് അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കല്‍ പ്രസ്ഥാനത്തിന് മുന്നില്‍ നിന്നയാളായിരുന്നു.
വി.എച്ച്.പി നേതാവെന്ന നിലയിലാണ് പള്ളിപൊളിക്കല്‍ പ്രസ്ഥാനത്തിന്റെ നേതൃപദവിയില്‍ എത്തിയത്. ബാബറി മസ്ജിദ് പൊളിച്ചതിന് ശേഷം താത്കാലിക രാമക്ഷേത്രത്തിന്റെയും പുതിയ രാമക്ഷേത്രത്തിന്റെയും പൂര്‍ണമായ ഉത്തരവാദിത്തം ചമ്പത് റായിക്കായിരുന്നു.
കാണിക്ക എണ്ണല്‍, ജീവനക്കാരെ നിയമിക്കല്‍, നിര്‍മാണ മേല്‍നോട്ടം എന്നിവയെല്ലാം നിയന്ത്രിച്ചിരുന്നതും അദ്ദേഹമാായിരുന്നു. സഹായിയായ ടിന്നുവിനെ കൂടാതെ അനന്തരവനായ ചന്ദന്‍ റായിയും ചമ്പത് റായിയുടെ വലം കൈയ്യാണ്.
അദ്ദേഹം അറിയാതെ ക്ഷേത്രത്തില്‍ നിന്നും ഒരു രൂപ പോലും കടത്താനാവില്ലെന്നും പകല്‍ പോലെ വ്യക്തമാണ്. എന്നിട്ടും മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവെന്ന നിലയില്‍ സംരക്ഷണം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ചമ്പത്ത് റായിക്ക് പുറമെ ട്രസ്റ്റി ഡോ. അനില്‍ മിശ്ര, രാമക്ഷേത്ര നിര്‍മാണ ചുമതല വഹിച്ച ഗോപാല്‍ റാവു എന്നിവരടക്കമുള്ള ഉന്നതര്‍ക്കെതിരെയും കേസില്‍ നടപടിയുണ്ടാവുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.
ചമ്പത്ത് റായിയും അനില്‍ മിശ്രയും ഗോപാല്‍ റാവുവും അടക്കമുള്ളവരെ വെള്ളിയാഴ്ച എസ്.ഐ.ടി സംഘം ചോദ്യം ചെയ്തിരുന്നു. ആറ് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ഗോപാല്‍ റാവുവിന്റെ മരുമകന്‍ സോമേഷ് ആനന്ദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഒളിവില്‍ പോയിരുന്നു.
സഹായി ടിന്നുവാണ് കേസിലെ മുഖ്യ പ്രതികളിലൊരാള്‍. ഇയാള്‍ക്കൊപ്പം സംഭാവനങ്ങള്‍ എണ്ണി തിട്ടപ്പെടുത്താനുള്ള ചുമതലയുണ്ടായിരുന്ന ലവകുശ് മിശ്ര, അനുകല്‍പ് മിശ്ര, അവനീഷ്, കരുണേ എന്നിവരും മുഖ്യ പ്രതികളാണ്. ഇവരില്‍ നിന്ന് ലഭിച്ച വിവരം പ്രകാരം എസ്.ഐ.ടി രണ്ട് കോടി രൂപ കണ്ടെടുത്തിരുന്നു. ടിന്നു യാദവിന്റെ വീട്ടില്‍ നിന്ന് ഏതാനും ദിവസം മുമ്പ് സ്വര്‍ണവും കണ്ടെത്തിയിരുന്നു.
രാമ ക്ഷേത്രത്തില്‍ നിന്ന് അഞ്ച് കോടിക്കും ഏഴര കോടിക്കും ഇടയിലുള്ള പണം മോഷണം പോയെന്ന യു.പി മുന്‍ മന്ത്രി പവന്‍ പാണ്ഡേയുടെ ആരോപണത്തെത്തുടര്‍ന്നാണ് സംഭാവന തിരിമറി സംബന്ധിച്ച ചര്‍ച്ചകളുയര്‍ന്നത്. പിന്നീട് ഈ വിഷയത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യു.പി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അഖിലേഷ് ചോദിച്ചിരുന്നു.
ഈ മാസം ഏഴിനായിരുന്നു ക്ഷേത്രത്തിലെ തിരിമറികളെക്കുറിച്ച് പവന്‍ പാണ്ഡേ ആരോപണങ്ങളുന്നയിച്ചത്. ഇതിന് പിന്നാലെ ജൂണ്‍ ഒമ്പതിന് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ഡോ. രജനീഷ് സിങ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചിരുന്നു. കത്ത് ലഭിച്ച ശേഷം രാമ ജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
ഫണ്ട് തിരിമറി ആരോപണങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് നിഷേധിച്ചിരുന്നു. വി.എച്ച്.പിയും ഈ ആരോപണങ്ങള്‍ തെറ്റാണെന്ന നിലപാട് സ്വീകരിച്ചു. ക്ഷേത്രത്തിനെതിരായ ആരോപണങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്നും അവയൊന്നും തെളിയിക്കാനായില്ലെന്നുമായിരുന്നു വി.എച്ച്.പി നേതാവ് സുരേന്ദ്ര ജയിന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ തുടര്‍ന്നു നടന്ന അന്വേഷണങ്ങളിലും ക്ഷേത്രത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സംഭാവനകളില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയായിരുന്നു.
Content Highlight: Ayodhya Ram temple fund scam; Yogi government moves to protect senior RSS leader
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.