ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ലഭിച്ച സംഭാവനകളില്‍ തട്ടിപ്പ് നടത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍. പ്രതികള്‍ ഭക്തരില്‍ നിന്ന് പണം തട്ടാന്‍ വ്യാജ രസീതുകള്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി), ‘ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര’ ട്രസ്റ്റിന്റെ പേരും ലോഗോയും പതിപ്പിച്ച വ്യാജ രസീത് ബുക്കുകള്‍ കണ്ടെടുത്തു. ഭക്തര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ യഥാര്‍ത്ഥ രസീതിനോട് പൂര്‍ണമായും സാമ്യം തോന്നുന്ന രീതിയിലാണ് വ്യാജ രസീതുകളും നിര്‍മിച്ചത്.

ചോദ്യം ചെയ്യലിനിടെ, വ്യാജ രസീതുകള്‍ നല്‍കി ഭക്തരില്‍ നിന്ന് പണം പിരിച്ചതായും പണം തട്ടിയെടുത്തതായും പ്രതികള്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതിലൂടെ വളരെ വലിയൊരു തുക പ്രതികള്‍ കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൂചന.

കേസില്‍ ഇതുവരെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ അടുത്ത സഹായിയായ രാംശങ്കര്‍ യാദവ് (ടിന്നു യാദവ്) ഉള്‍പ്പെടുന്നു.

വിവാദങ്ങളെത്തുടര്‍ന്ന് ചമ്പത് റായ് കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.

അതേസമയം, എസ്.ഐ.ടി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ ഗുരുതരമായ സുരക്ഷാവീഴ്ചകളാണ് ചൂണ്ടിക്കാണിക്കുന്നത്. ജൂണ്‍ 23-ന് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നോട്ട് എണ്ണുന്ന മുറിയിലേക്ക് ജീവനക്കാര്‍ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും ആവശ്യമായ പരിശോധനകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് എസ്.ഐ.ടി വ്യക്തമാക്കുന്നു. ഈ മുറിയില്‍ യാതൊരുവിധ മേല്‍നോട്ടവും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ജീവനക്കാരുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് യാതൊരുവിധ നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കിയിട്ടുമുണ്ടായിരുന്നില്ല.

ഓരോ ഭണ്ഡാരത്തിലെയും സംഭാവനകള്‍ പ്രത്യേകം എണ്ണുകയോ നോട്ടുകള്‍ കൃത്യമായി തരംതിരിച്ച് കണക്കാക്കുകയോ ചെയ്യുന്ന രീതിയായിരുന്നില്ല അവിടെ സ്വീകരിച്ചിരുന്നത്. ട്രസ്റ്റ് ഭാരവാഹികളോ ബാങ്ക് ഉദ്യോഗസ്ഥരോ ഈ പ്രക്രിയകള്‍ ഒന്നും തന്നെ നിരീക്ഷിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ 27 മുതല്‍ ജൂണ്‍ അഞ്ച് വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് അന്വേഷണസംഘം ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പണം എണ്ണുന്ന ജീവനക്കാര്‍ തങ്ങളുടെ വസ്ത്രത്തിന്റെ പോക്കറ്റിലും ഷൂസിലും മറ്റും പണം ഒളിപ്പിച്ച് കടത്തിയതായി ഈ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും മറ്റ് ജീവനക്കാര്‍ ആരും തന്നെ അതിനെ എതിര്‍ക്കാന്‍ തയ്യാറായില്ല എന്നും അന്വേഷണ സംഘം കണ്ടെത്തി.

ഇത്തരത്തില്‍ എഴുപതോളം തവണയാണ് അവിടെ മോഷണം നടന്നത്. പിടിയിലായ ജീവനക്കാരുടെ മൊഴിയും പണത്തിന്റെ കണക്കുകളും ബാങ്ക് നിക്ഷേപങ്ങളും പരിശോധിക്കുമ്പോള്‍, ഏപ്രില്‍ 27ന് മുമ്പ് തന്നെ ക്ഷേത്രത്തില്‍ ഇത്തരത്തില്‍ മോഷണം നടന്നിട്ടുണ്ടാകാമെന്നാണ് എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഏപ്രില്‍ 27ന് മുന്‍പുള്ള ദൃശ്യങ്ങള്‍ നിലവില്‍ ലഭ്യമല്ലാത്തതിനാല്‍, ആ കാലയളവിലെ തട്ടിപ്പുകളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

 

Content Highlight: Ayodhya Ram Temple case: Fake donation receipts were used to deceive devotees.