Hijab ban in Karnataka | ഹിജാബ് അല്ല വിദ്യാഭ്യാസമാണ് നിരോധിക്കപ്പെടുന്നത് | Dool Explainer
അന്ന കീർത്തി ജോർജ്

കര്‍ണാടകയിലെ ഉഡുപ്പിയിലെ ഒരു കോളേജില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതും, ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ധാരാളം ചോദ്യങ്ങളുയരുന്നുണ്ട്.

സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ എന്തെങ്കിലും നിയമങ്ങളുണ്ടോ? എന്താണ് കോടതികള്‍ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞിട്ടുള്ളത്? ഇഷ്ടമുള്ള മതം പ്രാക്ടീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഭരണഘടന പറയുന്നതെന്താണ്? കഴിഞ്ഞ ഡിസംബര്‍ മുതല്‍ കര്‍ണാടകയിലെ വിവിധ കോളേജുകളില്‍ ഹിജാബിനെതിരെ നടന്ന വിലക്കുകളും പ്രതിഷേധങ്ങളും എന്തൊക്കെയാണ്? ഇത്തരം സംഭവങ്ങളുടെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കും?.

A video showing hijab-clad students outside a college gate in Karnataka had gone viral

കര്‍ണാടകയിലെ ഉഡുപ്പിയിലെ കോളേജില്‍ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളിലേക്ക് കടക്കും മുന്‍പ് ഹിജാബിനെ കുറിച്ച് വിശദീകരിക്കാം. തല മാത്രം മൂടുന്ന ഷോളിനെ, അഥവാ അങ്ങനെ ശിരോവസ്ത്രം ധരിക്കുന്നതിനെയാണ് ‘ഹിജാബ്’ എന്നു പറയുന്നത്. കണ്ണ് മാത്രം പുറത്ത് കാണിച്ച്, തലക്കൊപ്പം മുഖം കൂടി മറക്കുന്നതിനെ ‘നിഖാബ്’ എന്നും, കണ്ണും കൂടി മൂടുന്ന രീതിയിലുള്ള വസ്ത്രധാരണത്തെ ‘ബൂര്‍ഖ’ എന്നുമാണ് പറയുന്നത്. പലപ്പോഴും ഹിജാബും നിഖാബും ഒന്നാണെന്ന രീതിയില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇവ തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

കഴിഞ്ഞ ദിവസം ഉഡുപ്പിയിലെ കുന്ദാപുരയിലെ സര്‍ക്കാര്‍ കോളേജിലേക്കെത്തിയ 20 വിദ്യാര്‍ത്ഥികളെ കോളേജില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് പറഞ്ഞ്, അവരുടെ അധ്യാപകര്‍ തന്നെ അവരെ പുറത്തുനിര്‍ത്തിക്കൊണ്ട്, ഗേറ്റ് പൂട്ടിയിടുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. അത് പുറത്തുവന്നതോടെയാണ് ഈ സംഭവം ചര്‍ച്ചയാകുന്നത്. ഫെബ്രുവരി മൂന്നിനാണ് ഇത് നടക്കുന്നത്. ഈ വിദ്യാര്‍ത്ഥികളെ കോളേജില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതിന് കാരണമായി അധികൃതര്‍ പറഞ്ഞത്, കോളേജില്‍ ഹിജാബ് ധരിക്കുന്നത് അനുവദിക്കാനാവില്ല എന്നായിരുന്നു.

ഈ ഫെബ്രുവരി മൂന്നിന് മുന്‍പ് ഒരിക്കലും ഹിജാബ് വിലക്കിക്കൊണ്ടുള്ള ഒരു നിയമമോ അത്തരത്തിലുള്ള ചര്‍ച്ചകളോ ഈ കോളേജില്‍ നടന്നിട്ടില്ലയെന്നാണ് ഇതുവരെ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ കര്‍ണാടകയില്‍ ഹിജാബുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യത്തെ സംഭവമല്ല ഇത്. ഒരു മാസം മുന്‍പ് ഉഡുപ്പിയിലെ ഒരു പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ രുദ്രെ ഗൗഡ നിലപാടെടുത്തതാണ് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളുടെ തുടക്കമെന്ന് പറയാം. പ്രിന്‍സിപ്പാളിന്റെ നടപടിക്ക് പിന്നാലെ, ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ കോളേജില്‍ നിന്നും ആറ് വിദ്യാര്‍ത്ഥിനികളെ പുറത്താക്കുകയായിരുന്നു.

പുറത്താക്കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. പുറത്താക്കിയതിന് ശേഷം കഴിഞ്ഞ കുറെ ദിവസങ്ങളായി അവര്‍ക്ക് ഹാജരില്‍ ആബ്സെന്റ് എന്നാണ് രേഖപ്പെടുത്തുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ തന്നെ പ്രതികരിച്ചിരുന്നു.

വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ടുള്ള കോളേജ് നടപടി ജില്ലാകളക്ടര്‍ ഇടപെട്ട് നിര്‍ത്തലാക്കിയിരുന്നെങ്കിലും ഹിജാബോ മറ്റ് തരത്തിലുള്ള ഷാളുകളോ യൂണിഫോമിനൊപ്പം ധരിക്കരുതെന്ന് കോളേജ് അധികൃതര്‍ പുതിയ നിയമം പുറത്തിറക്കുകയും കര്‍ശനമായി പാലിക്കാന്‍ വിദ്യാര്‍ത്ഥികളോട് നിര്‍ബന്ധിക്കുകയുമായിരുന്നു.

ഈ സംഭവത്തിന് പിന്നാലെ, കുന്ദപൂരിലേതടക്കം, ചിക്കമംഗലൂരു, മംഗലൂരു, ഷിവമോഗ എന്നിവിടങ്ങളിലെ വിവിധ കോളേജുകളില്‍, ഹിജാബ് നിരോധിക്കണം എന്നാവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകള്‍ കാവി ഷാളുകള്‍ അണിഞ്ഞെത്തി പ്രതിഷേധം നടത്തുന്നുണ്ട്. ഇപ്പോള്‍ വിവാദത്തിലായിരിക്കുന്ന കുന്ദപൂര്‍ കോളേജില്‍, അത്തരത്തില്‍ പ്രതിഷേധിച്ചെത്തിയവരുടെ കാവി ഷാളും തങ്ങള്‍ വിലക്കിയിട്ടുണ്ടെന്നാണ്, ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ അധികൃതര്‍ നടത്തിയ വിശദീകരണം.

ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലെ പല കോളേജുകളിലും ഇപ്പോള്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ മിക്കവാറും കോളേജുകളില്‍ ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കാവി ഷാള്‍ ധരിച്ചുകൊണ്ടെത്തിയ ആണ്‍കുട്ടികളുടെ പ്രതിഷേധവും നടക്കുന്നുണ്ട്. യൂണിഫോം മാത്രമേ കോളേജുകളില്‍ അനുവദിക്കാവൂ എന്നാവശ്യപ്പെട്ടാണ് ഇവരുടെ പ്രതിഷേധം. ഇപ്പറഞ്ഞ, തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഹിജാബ് നിരോധനത്തിലേക്ക് കോളേജുകള്‍ നീങ്ങിയതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഇനി കര്‍ണാടകയില്‍ കോളേജിലെ ഹിജാബ് ധരിക്കുന്നതോ നിരോധിക്കുന്നതോ ആയി ബന്ധപ്പെട്ട് എന്താണ് നിലവിലെ നിയമം എന്ന് പരിശോധിക്കാം.

ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന കോളേജിന്റെ റൂള്‍ ബുക്കിലോ, അല്ലെങ്കില്‍ പ്രീ യൂണിവേഴ്സിറ്റികള്‍ക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശങ്ങളിലോ ഹിജാബ് ധരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെടുന്ന ചട്ടങ്ങളൊന്നും തന്നെയില്ല. പക്ഷെ ഈ സംഭവങ്ങളെ തുടര്‍ന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്റ്റാറ്റസ് ക്വോ മെയ്‌ന്റെയ്ന്‍ ചെയ്യണം എന്നാണ് ഉഡുപ്പിയിലെ കോളേജിന് നിര്‍ദേശം നല്‍കിയത്. അതായത്, നേരത്തെയുണ്ടായിരുന്ന പോലെതന്നെ യൂണിഫോമുമായി ബന്ധപ്പെട്ട നിയമങ്ങളുമായി മുന്നോട്ടു പോകണം. കോളേജ് യൂണിഫോമില്‍ ഹിജാബ് ധരിക്കാമെന്നോ ധരിക്കരുതെന്നോ പ്രത്യേകമായി പറഞ്ഞിട്ടില്ലെങ്കിലും, ഹിജാബ് ബാനിന് അംഗീകാരം കൊടുക്കുന്ന നിലയിലാണ് കോളേജ് ഈ നിര്‍ദേശത്തെ ഉയര്‍ത്തിക്കാണിക്കുന്നത്.

എന്നാല്‍ സര്‍ക്കാര്‍ കോളേജുകളിലെ യൂണിഫോമുമായി ബന്ധപ്പെട്ട് പ്രത്യേക ചട്ടങ്ങളില്ലെന്നും ഇതേ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. കോളേജ് യൂണിഫോമുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്നും ഇതില്‍ പറയുന്നു. എന്തായാലും ഹിജാബ് അനുവദിക്കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാരിന്റെ നിയമമോ നിര്‍ദേശമോ നിലവിലില്ല. എന്നിട്ടും ഉഡുപ്പിയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജിലും ഇപ്പോള്‍ കുന്ദപൂരിലും ഹിജാബ് ധരിക്കാന്‍ കോളേജ് അധികൃതര്‍ അനുവദിച്ചിട്ടില്ല.

ഈ വിഷയത്തിലെ ഏറ്റവും പുതിയ അപ്ഡേറ്റ് പരിശോധിക്കുകയാണെങ്കില്‍, ഉഡുപ്പി കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്നും വിധി വരുന്നതുവരെ ഇവര്‍ക്ക് കോളേജില്‍ പ്രവേശിക്കാനാവില്ല എന്നതാണ് നിലവിലെ സ്ഥിതി.

ഹിജാബ് നിരോധിക്കണം എന്ന ഒരു നിയമവും നിലവിലില്ലാതിരിക്കേ ഈ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുന്നത് ഗുരുതരമായ നിയമലംഘനമല്ലേയെന്നാണ് ഈ അവസരത്തില്‍ ഉയരുന്ന ചോദ്യം. ഹൈക്കോടതി വിധിയോ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷം സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമമോ വരുന്നതുവരെ ഹിജാബ് ധരിച്ചെത്തുന്നവരെ കോളേജില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതിന് എന്ത് അടിസ്ഥാനമാണുള്ളതെന്നാണ് നിരവധി പേര്‍ ചോദിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടന മതങ്ങളുമായി ബന്ധപ്പെട്ട് ഒരു പൗരന് നല്‍കുന്ന മൗലികാവകാശത്തെ കുറിച്ചാണ് ഏറ്റവും ആദ്യം മനസ്സിലാക്കേണ്ടത്.

ആര്‍ട്ടിക്കിള്‍ 25(1) പ്രകാരം ഇഷ്ടമുള്ള ആശയങ്ങളിലും മതത്തിലും വിശ്വസിക്കാനും പ്രാക്ടീസ് ചെയ്യാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഇന്ത്യയിലെ ഓരോ പൗരനുമുണ്ട്. അതേസമയം മറ്റെല്ലാ മൗലികവകാശങ്ങളിലുമെന്ന പോലെ ഇതിലും ചില നിയന്ത്രണങ്ങളുണ്ട്. ക്രമസമാധാനം, ആരോഗ്യവുമായി സംബന്ധിച്ച കാര്യങ്ങള്‍, സാമൂഹ്യ മര്യാദകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത്. പക്ഷെ നിലവിലെ ഈ ഹിജാബ് വിലക്ക് ഒരിക്കലും ഈ നിയന്ത്രണങ്ങള്‍ക്കടിയില്‍ വരുന്നതല്ല.

ഇനി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടു വന്നിട്ടുള്ള കോടതിയുടെ വിധികളും ഇടപെടലുകളും ഒന്ന് നോക്കാം.

ഏതെങ്കിലുമൊരു മതത്തിന്റെ ആചാരങ്ങളോ രീതികളോ ആയി ബന്ധപ്പെട്ട് ഒരു തര്‍ക്കം കോടതിയിലെത്തുമ്പോള്‍, ആ ആചാരം ഈ മതത്തിന് അനിവാര്യമാണ് എന്ന് കോടതിക്ക് ബോധ്യം വന്നാല്‍ മാത്രം ആ രീതിക്ക് അനുമതി നല്‍കുകയാണ് ചെയ്യാറുള്ളത്.

അതേസമയം, ക്രമസമാധാനത്തിനും സമൂഹത്തിന്റെ മൊത്തം ഘടനക്കും പ്രശ്നങ്ങളുണ്ടാക്കുന്ന തരത്തിലുള്ള മതാചാരങ്ങള്‍ അനുവദിക്കാതിരിക്കുക എന്നതും കോടതിയുടെ കീഴ് വഴക്കമാണ്. ചിലപ്പോള്‍ മതപരമായ വ്യക്തി സ്വാതന്ത്ര്യത്തേക്കാള്‍ പൊതുവായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയും കോടതികള്‍ സ്വീകരിക്കാറുണ്ട്.

ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളെ ഹനിക്കാതെ, എന്നാല്‍ സമൂഹത്തിന്റെ ക്രമസമാധാനത്തെ ബാധിക്കാത്ത രീതിയില്‍ വിവേചനബുദ്ധിക്കനുസരിച്ചുള്ള ഇടപെടലുകളാണ് കോടതി ഈ വിഷയങ്ങളില്‍ നടത്താറുള്ളത്.

നീറ്റ് എന്‍ട്രന്‍സ് എക്സാമില്‍ ചീറ്റിങ്ങ് തടയുന്നതിനായി ഡ്രസ് കോഡ് കൊണ്ടുവന്നപ്പോള്‍ ഹിജാബും ഫുള്‍ സ്ലീവും ധരിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹരജികളെത്തിയിരുന്നു. അന്ന് കേരള ഹൈ കോടതി നടത്തിയ വിധിയില്‍ പറഞ്ഞത്. ഇന്‍വിജിലേറ്റര്‍ക്ക് ഹിജാബും ഫുള്‍ സ്ലീവും റീമൂവ് ചെയ്തുകൊണ്ട് പരിശോധിക്കണമെന്നാണെങ്കില്‍ അതിന് അനുവദിക്കണമെന്നും എന്നാല്‍ വിദ്യാര്‍ത്ഥികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തരുതെന്നുമായിരുന്നു കോടതിയുടെ വിധി. ഇത്തരം മിഡില്‍ പാത്തുകളാണ് കോടതികള്‍ മതപരമായ ഉത്തരവുകളില്‍ സ്വീകരിക്കാറുള്ളത്.

അതുമാത്രമല്ല, ഇത് ഒരു എക്സാമില്‍ ചീറ്റിങ്ങ് നടത്താതിരിക്കുക എന്നതുമായി ബന്ധപ്പെട്ടു വന്ന ചര്‍ച്ചയാണ് എന്നത് കൂടി പരിഗണിക്കണം. ഒരു സാധാരണ ദിവസം കോളേജിലേക്ക് ഹിജാബ് ധരിച്ചെത്തുന്നതുമായി ഇതിന് ബന്ധം ഇല്ല.  കര്‍ണാടകയിലെ ഹിജാബ് നിരോധനം ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉയര്‍ത്തുന്ന നിരവധി ആശങ്കകളുണ്ട്.

ഒരു തരത്തിലും നിയമവിധേയമല്ലാത്ത ഒരു വിലക്ക് യാതൊരു തടസവുമില്ലാതെ ഒരു സ്ഥാപനത്തിന്റെ അധികൃതര്‍ക്ക് നടപ്പിലാക്കാനാകുന്നത്, രാജ്യം ഏത് ഭരണരീതിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന ആശങ്കയുയര്‍ത്തുന്നതാണ്. ഹിജാബിന്റെ പേരില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് ആര്‍ട്ടിക്കിള്‍ 21 എ, റൈറ്റ് ടു എഡ്യുക്കേഷന്‍ എന്ന മൗലികവകാശത്തെ നിഷേധിക്കല്‍ കൂടിയാണ്.

മാത്രമല്ല മുസ്ലിങ്ങളെ അപരവത്കരിക്കാനും അവരെ മുഖ്യധാരയില്‍ നിന്നും പുറത്താക്കാനും നാളുകളായി സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ ഹിജാബ് വിലക്കും. കാവി ഷാള്‍ ധരിച്ചെത്തിക്കൊണ്ടുള്ള പ്രതിഷേധമൊക്കെ ഇതിന് അടിവരയിടുന്നുണ്ട്.

വിദ്യാഭ്യാസ മേഖലയില്‍ ഈയടുത്ത കാലത്താണ് മുസ്ലിങ്ങള്‍, പ്രത്യേകിച്ച് മുസ്ലിം വിഭാഗക്കാരായ പെണ്‍കുട്ടികള്‍ മുന്നോട്ടുവരാന്‍ തുടങ്ങിയത്. ഇത്തരം നിരോധനവും വിലക്കുകളും ഈ പുരോഗതിയെ ഏറെ ദോഷകരമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെ വിവിധ തലങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന, രാജ്യത്തിന്റെ ഭരണഘടനയെ വരെ വെല്ലുവിളിക്കുന്ന ഒരു നടപടിക്കെതിരെ, ശക്തമായ പ്രതിഷേധങ്ങളുയരാത്തത് മേല്‍പ്പറഞ്ഞവയേക്കാള്‍ അപകടകരമാണ്.


Content Highlights: Avoiding Students in Karnataka on the basis of Hijab dool explainer

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.