ഇന്ത്യയ്ക്ക് ഓക്സിജന്‍ വാങ്ങാന്‍ ലക്ഷങ്ങള്‍ നല്‍കി പാറ്റ് കമ്മിന്‍സ്; സഹ കളിക്കാരോടും ഇന്ത്യയെ സഹായിക്കാന്‍ ആഹ്വാനം
Sports News
ഇന്ത്യയ്ക്ക് ഓക്സിജന്‍ വാങ്ങാന്‍ ലക്ഷങ്ങള്‍ നല്‍കി പാറ്റ് കമ്മിന്‍സ്; സഹ കളിക്കാരോടും ഇന്ത്യയെ സഹായിക്കാന്‍ ആഹ്വാനം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th April 2021, 6:05 pm

മുംബൈ: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് സഹായവുമായി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ്. പ്രധാനമന്ത്രിയുടെ കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളറാണ് കമ്മിന്‍സ് സംഭാവനയായി നല്‍കിയത്. ഐ.പി.എല്ലില്‍ കളിക്കുന്ന സഹതാരങ്ങളെല്ലാം ഇന്ത്യക്ക് സഹായങ്ങളെത്തിക്കണമെന്ന് കമ്മിന്‍സ് ട്വീറ്റില്‍ പറഞ്ഞു.

‘കുറേക്കാലമായി ഞാന്‍ സ്ഥിരമായി വരുന്ന പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യ. കൊവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ന്ന പ്രതിസന്ധി എന്നെ അതീവ ദുഃഖത്തിലാക്കുന്നുണ്ട്. ഈ അവസരത്തില്‍ ഐ.പി.എല്‍ തുടരണോയെന്ന കാര്യത്തില്‍ പല തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.
പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിനോദം പകരുന്ന ചില മണിക്കൂറുകള്‍ പങ്കുവെക്കാന്‍ ഐ.പി.എല്ലിന് സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. അത്തരമൊരു വിനോദമെങ്കിലും ബാക്കിയില്ലെങ്കില്‍ രാജ്യത്ത് വലിയ പ്രതിസന്ധി തന്നെ രൂപപ്പെടും.

ഈ ഘട്ടത്തില്‍ എന്നാല്‍ കഴിയാവുന്ന സഹായം നല്‍കുകയാണ്. 50,000 ഡോളറിന്റെ സംഭാവന ഞാന്‍ പ്രധാനമന്ത്രി കെയറിലേക്ക് നല്‍കും. ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികളെ സഹായിക്കുന്നതിനായി ഈ തുക വിനിയോഗിക്കണമെന്നാണ് പറയാനുള്ളത്. എന്റെ സഹ കളിക്കാരും ഇന്ത്യക്ക് സഹായങ്ങളെത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത് വലിയൊരു തുകയല്ലെന്ന് എനിക്കറിയാം. പക്ഷേ ആര്‍ക്കെങ്കിലും ഇത് ഗുണകരാമാവുമെന്നാണ് വിശ്വാസം,’ കമ്മിന്‍സ് ട്വീറ്റ് ചെയ്തു.

അതേസമയം, ഐ.പി.എല്ലില്‍ വിദേശ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന സമയത്തുതന്നെയാണ് പാറ്റ് കമ്മിന്‍സിന്റെ സഹായവും എത്തിയിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയും പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണും ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയതായി അറിയിച്ചിരുന്നു. നേരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണ്‍ നിയന്ത്രണങ്ങളിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന കഴിഞ്ഞ വാരം നാട്ടിലേക്ക് മടങ്ങിയിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജോഷ് ഹേസല്‍വുഡ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജോഷ്വ ഫിലിപ്പെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ടൂര്‍ണമെന്റ് തുടങ്ങും മുന്നേ പിന്‍മാറിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Australian cricketer and KKR player Pat Cummins donates 50,000 dollars to India to buy oxygen