നിയന്ത്രണങ്ങളിലെ സമ്മര്‍ദ്ദമോ, രാജ്യത്തെ നിലവിലെ സാഹചര്യമോ?; കൂടുതല്‍ വിദേശ താരങ്ങള്‍ ഐ.പി.എല്ലില്‍ നിന്ന് മടങ്ങുന്നു
ipl 2021
നിയന്ത്രണങ്ങളിലെ സമ്മര്‍ദ്ദമോ, രാജ്യത്തെ നിലവിലെ സാഹചര്യമോ?; കൂടുതല്‍ വിദേശ താരങ്ങള്‍ ഐ.പി.എല്ലില്‍ നിന്ന് മടങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th April 2021, 12:06 pm

മുംബൈ: ഐ.പി.എല്ലില്‍ വിദേശ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയും പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണുമാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയത്.

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇവര്‍ പിന്‍മാറുന്നതെന്ന് ആര്‍.സി.ബി ട്വീറ്റില്‍ അറിയിച്ചു. ഇരുവരുടേയും തീരുമാനത്തെ മാനിക്കുന്നതോടൊപ്പം ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി ബാംഗ്ലൂര്‍ മാനേജ്മെന്റ് പറഞ്ഞു.

എന്നാല്‍ രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഐ.പി.എല്‍ സംഘടിപ്പിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്‍മാറുന്നതെന്ന് താരങ്ങള്‍ അറിയിച്ചെങ്കിലും കര്‍ശനമായ നിയന്ത്രങ്ങളും രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്തുമാണോ തിരുമാനമെന്നും സംശയമുയരുന്നുണ്ട്.

വ്യക്തിപരമായ കാരണം പറഞ്ഞ് രാജസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രൂ ടൈമും കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ തന്നെ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണ്‍ നിയന്ത്രണങ്ങളിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കഴിഞ്ഞ വാരം നാട്ടിലേക്ക് മടങ്ങിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജോഷ് ഹേസല്‍വുഡ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജോഷ്വ ഫിലിപ്പെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ടൂര്‍ണമെന്റ് തുടങ്ങും മുന്നേ പിന്‍മാറിയിരുന്നു.

അതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതായി ദല്‍ഹി ക്യാപിറ്റല്‍സ് താരം രവിചന്ദ്രന്‍ അശ്വിന്‍ അറിയിച്ചിരുന്നു. തന്റെ കുടുംബം നിലവില്‍ കൊവിഡ് 19നെതിരെ പോരാട്ടം നടത്തുകയാണെന്നും അവരെ പിന്തുണയ്ക്കാന്‍ ഒരു ബ്രേക്ക് അത്യാവശ്യമായത് കൊണ്ടാണ് പിന്‍മാറ്റമെന്നുമാണ് അശ്വിന്‍ അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Foreign players leaves from IPL 2021