ആഷസില്‍ ചാരമായി ഇംഗ്ലണ്ട്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചാം ടെസ്റ്റിലും പരാജയമേറ്റുവാങ്ങി ഇംഗ്ലണ്ട്. ആഷസില്‍ ഒരു മത്സരത്തിലും ജയിക്കാനാവാതെയാണ് ഇംഗ്ലണ്ട് നാണം കെട്ടാണ് തിരികെ വിമാനം കയറുന്നത്.
4-0നാണ് ഓസീസ് പരമ്പര തൂത്തു വാരിയത്. ഒരു മത്സരമെങ്കിലും സമനിലയില്‍ അവസാനിപ്പിച്ച് പരമ്പര വൈറ്റ്‌വാഷിന് വിട്ടുകൊടുത്തില്ല എന്നതാണ് ഇംഗ്ലണ്ടിന് പേരിനെങ്കിലും ആശ്വസിക്കാനുള്ളത്.
271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 124ന് പുറത്താകുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ ബാറ്റിംഗ് തകര്‍ച്ച മുതലാക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കാതെ വന്നതോടെ പരമ്പര കങ്കാരുക്കളുടെ കാല്‍ക്കീഴില്‍ അടിയറവ് വെക്കുകയായിരുന്നു. ഇതോടെ 146 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഓസീസ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 303 റണ്‍സ് എടുത്തിരുന്നു. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സില്‍ 188 റണ്‍സിന് പുറത്താക്കുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയെ 155 ന് പുറത്താക്കാനായെങ്കിലും ഇംഗ്ലണ്ട് കുറഞ്ഞ സ്‌കോറിന് പുറത്താകുകയായിരുന്നു.
വിക്കറ്റ് നഷ്ടപ്പെടാതെ 68 റണ്‍സ് എന്ന സ്‌കോറില്‍ നിന്നാണ് ഇംഗ്ലണ്ടിന്റെ അമ്പരപ്പിക്കുന്ന തകര്‍ച്ച തുടങ്ങിയത്.
ഓപ്പണര്‍മാരായ റോറി ബേണ്‍സ് 26(46) സാക് ക്രൗളി 36(66) എന്നിവര്‍ മികച്ച തുടക്കം നല്‍കിയിട്ടും, ആ തുടക്കം മുതലാക്കാന്‍ പിന്നാലെ വന്ന ബാറ്റര്‍മാര്‍ക്കായിട്ടില്ല.
ബൗളര്‍മാരാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ച പാറ്റ് കമ്മിന്‍സ്, സ്‌കോട് ബൊളാന്‍ഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.
മൂവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റ് നേടി കങ്കാരുക്കളുടെ വിജയം പൂര്‍ത്തിയാക്കി.
സ്‌കോര്‍: ഓസ്‌ട്രേലിയ 303, 155/ ഇംഗ്ലണ്ട് 188, 124
നായകനായുള്ള ആദ്യ പരമ്പരയില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം നടത്താനിയാണ് കമ്മിന്‍സ് തന്റെ വരവറിയിച്ചിരിക്കുന്നത്. ഓസീസ് താരം ട്രാവിസ് ഹെഡ് ആണ് കളിയിലേയും പരമ്പരയിലേയും താരം.