പിൻഗാമി പോലൊരു കഥ എടുത്ത് CID മൂസ പോലെ അവതരിപ്പിക്കാൻ ശ്രമിച്ചു; പാളിപ്പോയെന്ന് ആരാധകർ
Malayalam Cinema
പിൻഗാമി പോലൊരു കഥ എടുത്ത് CID മൂസ പോലെ അവതരിപ്പിക്കാൻ ശ്രമിച്ചു; പാളിപ്പോയെന്ന് ആരാധകർ
നന്ദന എം.സി
Friday, 23rd January 2026, 8:01 am

നൂറിൻ ഷെരീഫിന്റെ തിരക്കഥയിൽ, ഗോകുലം ഗോപാലൻ നിർമിച്ച് ദിലീപ് നായകനായി എത്തിയ ഭ ഭ ബ ബോക്‌സ് ഓഫിസിൽ വമ്പൻ പരാജയമാണ് ഏറ്റുവാങ്ങിയത്. റിലീസിന് പിന്നാലെ തന്നെ ചിത്രം ട്രോളുകളുടെയും കടുത്ത വിമർശനങ്ങളുടെയും കേന്ദ്രമായി മാറി. അഭിനയവും തിരക്കഥയും ലക്ഷ്യമിട്ടായിരുന്നു പ്രധാന വിമർശനങ്ങൾ ഉയർന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ തിരക്കഥയിലെ പിഴവുകൾ വീണ്ടും ചൂണ്ടികാട്ടുകയാണ് പ്രേക്ഷകർ.

ഭ ഭ ബ, Photo: IMDb

നോ ലോജിക്ക് ഒൺലി മാഡ്‌നെസ്സ് എന്ന ലേബലോടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. എന്നാൽ സിനിമയിൽ ലോജിക് ചിലയിടങ്ങളിൽ ഉണ്ടായിപ്പോയതും ചിലയിടങ്ങളിൽ പൂർണമായും ഇല്ലാതിരുന്നതുമാണ് തിരക്കഥയിലെ ഏറ്റവും വലിയ പിഴവെന്ന വിമർശനമാണ് ഉയരുന്നത്. ചില രംഗങ്ങളിൽ പൂർണമായും ലോജിക് ഉപേക്ഷിക്കുമ്പോൾ, തൊട്ടടുത്ത രംഗങ്ങളിൽ അതേ ലോജിക് കൃത്യമായി ആവശ്യപ്പെടുന്ന സമീപനം പ്രേക്ഷകരിൽ കൂടുതൽ ആശയകുഴപ്പം ഉണ്ടാകുന്നതെന്നാണ് അഭിപ്രായം.

ബൈജു അവതരിപ്പിച്ച വില്ലൻ കഥാപാത്രം ക്രൂരനാണോ കോമിക് വില്ലനാണോ എന്നതിൽ പോലും വ്യക്തതയില്ല. അതുപോലെ, നായകനും വില്ലനും തമ്മിലുള്ള ബന്ധം എത്രത്തോളം ഗൗരവമുള്ളതാണ് എന്നതും സിനിമ വ്യക്തമാക്കുന്നില്ല. നായകന്റെ മാതാപിതാക്കളുടെ മരണത്തിന് വില്ലനാണ് കാരണം എന്ന സൂചന നൽകുന്ന സിനിമ, പിന്നീട് അയാളെ തട്ടിക്കൊണ്ടുപോയ ശേഷം നായകൻ ലോജിക് ഇല്ലാത്ത കാര്യങ്ങൾ ചെയ്യുന്നതായി കാണിക്കുന്നു. ഇതിന് പിന്നിലെ യഥാർത്ഥ പദ്ധതി എന്തായിരുന്നു എന്നതാണ് പ്രേക്ഷകർ ചോദിക്കുന്നത്.

ഇതോടൊപ്പം, രണ്ട് സിനിമകളെ ഉദാഹരണമായി എടുത്തുകൊണ്ടാണ് പ്രേക്ഷകർ വിമർശനം ശക്തമാക്കുന്നത്. ദിലീപിന്റെ തന്നെ CID മൂസ ഒരു നോ ലോജിക്ക് ഒൺലി മാഡ്‌നെസ്സ് ചിത്രമാണ്. എന്നാൽ ആ സിനിമയിൽ നായകനും വില്ലനും തമ്മിൽ യാതൊരു ബന്ധവുമില്ല.

CID മൂസ, Photo: IMDb

അതിനാൽത്തന്നെ വില്ലനെ പിടിക്കുക എന്നത് അയാളുടെ അത്യാവശ്യമല്ല. വില്ലനെ പിടിക്കാനായി അയാൾ തിരക്ക് കൂട്ടേണ്ട കാര്യമില്ല. എത്രയും പെട്ടെന്ന് പ്രതികാരം ചെയ്യേണ്ട ആവശ്യവുമില്ല. അതുകൊണ്ടുതന്നെ ഒൺലി മാഡ്‌നെസ്സ് കാണിക്കാൻ വേണ്ടി മൂസയ്ക്ക് കാർ റോഡിൽ ഇറക്കി എന്ത് അഭ്യാസം വേണമെങ്കിലും കാണിക്കാമെന്നും പ്രേക്ഷകർ പറയുന്നു.

ഭ ഭ ബ, Photo: IMDb

എന്നാൽ മോഹൻലാലിന്റെ പിൻഗാമി അങ്ങനെയല്ല . ആ സിനിമയിൽ വില്ലനെ പിടിക്കുക എന്നത് നായകൻറെ ആവശ്യമാണ്. അതല്ലാതെ നായകൻ എന്ത് ചെയ്താലും അത് അനാവശ്യമാണ്. വില്ലനെ എത്രയും വേഗം പിടിക്കുന്നതിന് പകരം മാഡ്‌നെസ്സ് കാട്ടുന്നത് ആ കഥാപാത്രത്തിന് യോജിക്കില്ല.

ഒരു സീൻ പൂർണമായും ലോജിക്കില്ലാത്തതും എന്നാൽ അടുത്ത രംഗം ലോജിക്ക് ഉള്ളതാകുമ്പോൾ എങ്ങനെയാണ് നോ ലോജിക്ക് എന്ന ലേബൽ ചിത്രത്തിന് ചേരുകയെന്നാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്.
പിൻഗാമി പോലൊരു കഥയെ CID മൂസ ആയി അവതരിപ്പിക്കാൻ നടത്തിയ ശ്രമം പാളിപ്പോയെന്നും, അതുകൊണ്ടുതന്നെയാണ് ഭ ഭ ബ പ്രേക്ഷകർ കൈവിട്ടതെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ പങ്കുവെക്കുന്നത്.

Content Highlight: Audience trolls the script of the movie Bha Bha Ba

 

 

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.