തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കൂലി. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് അണിയിച്ചൊരുക്കുന്ന ചിത്രം പല റെക്കോഡുകളും തകര്‍ക്കുമെന്ന് ഉറപ്പാണ്. പുലര്‍ച്ചെ നാല് മണിക്കാണ് കൂലിയുടെ ആദ്യ പ്രീമിയര്‍ ആരംഭിച്ചത്. ഇന്ത്യയില്‍ പുലര്‍ച്ചെ ആറ് മണിക്കാണ് ആദ്യ ഷോ.
കേരളത്തില്‍ ഇന്ന് (വ്യാഴം) രാവിലെ ആറ് മണിക്ക് കൂലിയുടെ ആദ്യ ഷോ ആരംഭിച്ചു. തമിഴ്‌നാട്ടില്‍ ഒമ്പത് മണിക്കും ചിത്രം പ്രദര്‍ശനം തുടങ്ങും. നാഗാര്‍ജുന, ആമിര്‍ഖാന്‍, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹസന്‍ എന്നിങ്ങനെ മികച്ച താരനിര രജിനിയോടൊപ്പം അണിനിരക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ഗംഭീര സിനിമാനുഭവം തന്നെയാണ്. ലോകേഷിന്റെ മേക്കിങ്ങിനോടൊപ്പം അനിരുദ്ധിന്റെ സംഗീതം കൂടെ ചേരുമ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പാവുമെന്നുതന്നെ പ്രതീക്ഷിക്കാം.
കൂലിയുടെ ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്. ഒരു മിനിറ്റുപോലും ലാഗില്ലാതെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ഒന്നാം പകുതിയാണ് ചിത്രം ഒരുക്കി വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രജിനികാന്തിന്റെ വണ്‍മാന്‍ ഷോയാണ് ചിത്രമെന്നും തലൈവരുടെ ആട്ടം അതികിടിലം ആണെന്നും പറയുന്നു. തിയേറ്ററില്‍ നിന്നുതന്നെ ഏതായാലും കാണേണ്ട ചിത്രമാണെന്നും തിയേറ്റര്‍ എക്‌സ്പീരിയന്‍സ് മികച്ചുനില്‍ക്കുന്നതെന്നും അഭിപ്രായമുണ്ട്.
ഒരുപാട് കാലത്തിന് ശേഷം പഴയ രജിനികാന്തിനെ സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞുവെന്നും തലൈവര്‍ ആരാധകര്‍ക്ക് വേണ്ടിയുള്ള വിരുന്നാണിതെന്നും ആരാധകർ പറയുന്നു.
എന്നാല്‍ ലോകേഷ് സ്ഥിരമായി തന്റെ സിനിമകളിലൂടെ തരുന്ന ലോകേഷ് ഫാക്ടര്‍ കൂലിയില്‍ മിസ് ആണെന്നും ലോകേഷിന്റെ മറ്റ് സിനിമകള്‍ സമ്മാനിച്ച ആ ‘വൗ’ എലമെന്റ് ചിത്രത്തില്‍ ഇല്ലെന്നും പറയുന്നവരുണ്ട്. ചിത്രം പലയിടത്തും ഫ്‌ലാറ്റായ അനുഭവമാണ് നല്‍കിയതെന്നും തിരക്കഥയാണ് വില്ലനെന്നും ചില റിവ്യൂസ് പറയുന്നു.
റിലീസിന് മുമ്പ് തന്നെ നൂറ് കോടി നേടിയ ചിത്രം ഇനിയും റെക്കോഡുകള്‍ തകര്‍ക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.