സുര നമ്പൂതിരി vs നരസിംഹ മന്നാടിയാര്‍; സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി ധ്രുവം, കരിക്ക് റീമിക്‌സ്
Entertainment
സുര നമ്പൂതിരി vs നരസിംഹ മന്നാടിയാര്‍; സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി ധ്രുവം, കരിക്ക് റീമിക്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th October 2021, 3:54 pm

മലയാളികള്‍ക്കിടയില്‍ വളരെ പെട്ടെന്ന് പ്രചാരം നേടിയ എന്റര്‍ടെയിന്‍മെന്റ് ചാനലാണ് കരിക്ക്. വെബ് സീരീസുകളും ഷോര്‍ട്ട് വീഡിയോകളും കോമഡി വീഡിയോകളും പുറത്തിറക്കി ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത കരിക്കിന്റെ ഓരോ വീഡിയോയ്ക്കും ശരാശരി ഒരു കോടിയിലധികം കാഴ്ചക്കാരാണ് വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഉണ്ടാവാറ്.

യൂട്യൂബില്‍ മാത്രം മൂന്ന് കോടിയിലധികം പേര്‍ കണ്ട കരിക്കിന്റെ ‘അറേഞ്ച്‌മെന്റ് കല്യാണം’ എന്ന വീഡിയോയിലെ ‘സുര നമ്പൂതിരി’യെ അവതരിപ്പിച്ച് ഏറെ കയ്യടിയും ആരാധകരെയും നേടിയ താരമാണ് കൃഷ്ണചന്ദ്രന്‍.

ഇപ്പോള്‍ അറേഞ്ച്‌മെന്റ് കല്യാണത്തിലെ സുര നമ്പൂതിരിയുടെ ചില രംഗങ്ങളും സൂപ്പര്‍ഹിറ്റ് ചിത്രം ‘ധ്രുവ’ത്തിലെ മമ്മൂട്ടിയുടെ നായകകഥാപാത്രമായ നരസിംഹ മന്നാടിയാരുടെ ചില രംഗങ്ങളും ചേര്‍ത്ത് പുറത്തിറക്കിയ റീമിക്‌സ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.

ധ്രുവത്തില്‍ നരസിംഹ മന്നാടിയാര്‍ ഗൗതമി അവതരിപ്പിച്ച മൈഥിലി എന്ന കഥാപാത്രത്തിന്റെ വീട്ടിലെത്തി വിവാഹാഭ്യര്‍ത്ഥന നടത്തുന്ന രംഗമാണ് മമ്മൂട്ടിക്ക് പകരം കൃഷ്ണചന്ദ്രന്‍ അവതരിപ്പിച്ച സുര നമ്പൂതിരിയുടെ മുഖവും സംഭാഷണവും ചേര്‍ത്തുവെച്ച് പുറത്തിറക്കിയത്.

കരിക്കിന്റെ അറേഞ്ച്‌മെന്റ് കല്യാണം വീഡിയോയിലെ പെണ്ണുകാണാന്‍ രംഗത്തില്‍ സുര നമ്പൂതിരിക്ക് പകരം മമ്മൂട്ടിയുടെ നരസിംഹ മന്നാടിയാരുടെ മുഖവും സംഭാഷണങ്ങളും ചേര്‍ത്തുവെച്ചുള്ള രംഗവും വീഡിയോയിലുണ്ട്.

ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ചിരിയുണര്‍ത്തുന്ന ഈ വീഡിയോയ്ക്ക് രസകരമായ നിരവധി കമന്റുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വീഡിയോയിലെ ഓരോ ഡയലോഗ് മിക്‌സിങ്ങും എടുത്തു പറഞ്ഞു കൊണ്ടാണ് പലരും കമന്റ് ചെയ്യുന്നത്.

വീഡിയോ പോസ്റ്റ് ചെയ്ത അതുല്‍ സജീവിന്റെ എഡിറ്റിങ്ങിനെ അഭിനന്ദിച്ചും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Atul Sajeev Sura Namboodiri X Narasimha Mannadiyar Mammootty Karikku Dhruvam