ജുഡീഷ്യറിയുടെ സ്വാതന്ത്ര്യമില്ലാതാക്കുന്നത് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണം: മദന്‍ ലോകുര്‍
national news
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യമില്ലാതാക്കുന്നത് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണം: മദന്‍ ലോകുര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th December 2022, 10:15 pm

ന്യൂദല്‍ഹി: ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ലെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി മദന്‍ ലോകുര്‍ (Madan Lokur). ജുഡീഷ്യറി നിയമന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ കൂടിയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

ജുഡീഷ്യറിയെ വിമര്‍ശിക്കുന്ന തരത്തിലുള്ള കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ സമീപകാല പ്രസ്താവനകളെയും അദ്ദേഹം ചോദ്യം ചെയ്തു. എന്‍.ഡി.ടി.വിക്ക് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു മദന്‍ ലോകുര്‍.

കിരണ്‍ റിജിജുവിന്റെ പ്രസ്താവനകള്‍ ഏതെങ്കിലും പ്രകോപനത്തിന്റെ പുറത്ത് ഉണ്ടായതല്ലെന്നും അതിനാല്‍ ഞെട്ടിക്കുന്നുവെന്നുമാണ് മദന്‍ ലോകുര്‍ പറഞ്ഞത്.

”നിയമനിര്‍മാണത്തിലൂടെയോ ഭരണഘടനാ ഭേദഗതിയിലൂടെയോ സര്‍ക്കാരിന് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ കഴിയില്ല,” മദന്‍ ലോകുര്‍ വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന്റെ അവസാന കോട്ടയായ ജുഡീഷ്യറിയെ എടുത്തുകളയാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന മുന്‍ നിയമമന്ത്രിയും കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയായിരുന്നു ജസ്റ്റിസ് ലോകുറിന്റെ പരാമര്‍ശം.

”ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്.

അതിനാല്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഏതെങ്കിലും വിധത്തില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമായിരിക്കും,” ലോകുര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ചാഴ്ചകളായി, ജുഡീഷ്യറിയെയും ജുഡീഷ്യല്‍ നിയമന പ്രക്രിയയെയും വിമര്‍ശിച്ചുകൊണ്ട് സര്‍ക്കാരില്‍ നിന്നും നിയമമന്ത്രി കിരണ്‍ റിജിജുവില്‍ നിന്നുമൊക്കെ പ്രതികരണങ്ങള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മദന്‍ ലോകുറിന്റെ പ്രതികരണം.

അതേസമയം, എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ കുറിച്ച് കപില്‍ സിബല്‍ സംസാരിച്ചത്.

”കേന്ദ്രത്തിന് ഇതുവരെ പിടിച്ചെടുക്കാനാകാത്ത സ്വാതന്ത്ര്യത്തിന്റെ അവസാന കോട്ടയാണ് ജുഡീഷ്യറി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുതല്‍ ഗവര്‍ണര്‍മാര്‍ മുതല്‍ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വരെ അവര്‍ പിടിച്ചെടുത്തു. സി.ബി.ഐ, എന്‍.ഐ.എയും മാധ്യമങ്ങളും അവരുടെ കയ്യിലാണ്,” എന്നായിരുന്നു കപില്‍ സിബല്‍ പറഞ്ഞത്.

Content Highlight: attempt to take away Independence of judiciary will be an assault on democracy, says former Supreme Court judge Madan Lokur