കൂത്തുപറമ്പ്: പൊലീസിനെ സ്റ്റീല്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കണ്ണൂരിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയ്ക്ക് 20 വര്‍ഷം തടവ്. പയ്യന്നൂര്‍ നഗരസഭാ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ വി.കെ. നിഷാദിനെയാണ് തടവിന് വിധിച്ചത്.
സ്‌ഫോടകവസ്തു നിയമപ്രകാരം അഞ്ച് വര്‍ഷവും ബോംബെറിഞ്ഞതിന് 10 വര്‍ഷവും കൊലപാതക ശ്രമത്തിന് അഞ്ച് വര്‍ഷവും ഉള്‍പ്പെടുന്നതാണ് 20 വര്‍ഷത്തെ തടവ്. നിഷാദ് അടക്കം രണ്ട് പേരാണ് കേസിലെ പ്രതികള്‍.
പയ്യന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് അന്നൂര്‍ ടി.സി.വി നന്ദകുമാറാണ് രണ്ടാമത്തെ പ്രതി. ഇരുവര്‍ക്കും 2.5 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. പ്രശാന്താണ് ശിക്ഷ വിധിച്ചത്.
നേരത്തെ കേസിലെ രണ്ട് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. എ. മിഥുന്‍, കെ.വി. കൃപേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ തീരുമാനം.
അതേസമയം വി.കെ. നിഷാദ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയാണെങ്കില്‍, കോടതി ശിക്ഷ വിധിച്ച പശ്ചാത്തലത്തില്‍ ജനപ്രതിനിധിയായി തുടരാന്‍ കഴിയാതെ വരും.
എന്നാല്‍ വിധിയുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട എല്‍.ഡി.എഫ് നേതൃത്വം മൊട്ടമ്മല്‍ വാര്‍ഡിലെ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിട്ടില്ല. വെള്ളൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം എം. ഹരീന്ദ്രനാണ് ഡമ്മി സ്ഥാനാര്‍ത്ഥി.
2012 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അന്നത്തെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പയ്യന്നൂര്‍ ടൗണില്‍ വെച്ച് നിഷാദ് അടക്കമുള്ള പ്രതികള്‍ പൊലീസിന് നേരെ ബോംബ് എറിയുകയായിരുന്നു.
പയ്യന്നൂര്‍ എസ്.ഐ കെ.പി. രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെയാണ് ഇവര്‍ ബോംബെറിഞ്ഞത്.
Content Highlight: Attempt to murder case; CPI(M) candidate gets 20 years in prison, kannur