ന്യൂയോർക്ക്: സുഡാനിലെ കോർഡോഫാൻ മേഖലയിലെ പ്രധാന നഗരമായ എൽ ഒബൈദിൽ ഒരു ശവസംസ്കാര ചടങ്ങിനിടെ ചൊവ്വാഴ്ച ഉണ്ടായ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി യു.എൻ റിപ്പോർട്ട്. ആക്രമണം നടത്തിയത് ആരാണെന്നുള്ളത് വ്യക്തമല്ലെന്നാണ് റിപ്പോർട്ടുകൾ.
സർക്കാർ പിന്തുണയുള്ള സുഡാൻ സായുധ സേനയായ (എസ്.എ.എഫ്) കൈവശം വെച്ചിരിക്കുന്ന മേഖലയിലാണ് ആക്രമണം നടന്നതെന്ന് ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (ഒ.സി.എച്ച്.എ) ചൊവ്വാഴ്ച പറഞ്ഞു.
കോർഡോഫാൻ മേഖലയിലെ സ്ഥിതി കൂടുതൽ വഷളാവുകയാണെന്നും ഒ.സി.എച്ച്.എ അറിയിച്ചു. ശത്രുത ഉടനടി അവസാനിപ്പിക്കണമെന്നും എല്ലാ കക്ഷികളും സാധാരണക്കാരെ സംരക്ഷിക്കണമെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ ബഹുമാനിക്കണമെന്നും ഒ.സി.എച്ച്.എ ആവശ്യപ്പെട്ടു.
‘നോർത്ത് കോർഡോഫാൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എൽ ഒബൈദിൽ ഒരു ശവസംസ്കാര ചടങ്ങിൽ ഇന്നലെ നടന്ന ആക്രമണത്തിൽ 40 സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്യുന്നു. ശത്രുത ഉടനടി അവസാനിപ്പിച്ച് എല്ലാ കക്ഷികളും സാധാരണക്കാരെ സംരക്ഷിക്കണം. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ ബഹുമാനിക്കണം,’ യു.എൻ ഒ.സി.എച്ച്.എ ഏജൻസി പറഞ്ഞു.
സുഡാനിൽ നടക്കുന്ന ആഭ്യന്തരയുദ്ധം നിയന്ത്രണാതീതമായി തുടരുകയാണെന്നും അതിരുകൾ ലംഘിക്കുകയാണെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നേരത്തെ പറഞ്ഞിരുന്നു.
രണ്ട് വർഷമായി തുടരുന്ന യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും യുദ്ധം കടുത്ത മാനുഷിക പ്രതിസന്ധിക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘സുഡാനിലെ യുദ്ധം ഭയാനകമായ പ്രതിസന്ധിയായും നിയന്ത്രണാതീതമായും വളരുകയാണ്. പേടി സ്വപ്നമായി മാറുന്ന അക്രമം ഉടൻ അവസാനിപ്പിക്കണം,’ ഖത്തറിൽ നടന്ന ഉച്ചകോടിയിൽ ഗുട്ടെറസ് പറഞ്ഞിരുന്നു.
Content Highlight: Attack in El Obeid, Sudan; 40 killed, UN report says